ആധാറിനു വീണ്ടും തിരിച്ചടി; സേവന വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താമെന്ന് റിപ്പോര്‍ട്ട്; ആധാര്‍ സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് യുഐഡിഎഐ

ന്യൂഡല്‍ഹി: ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണനയിലിരിക്കെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു. ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതു തടയാന്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വിദേശ സാങ്കേതിക വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റാണെന്നും ആധാര്‍ സുരക്ഷിതമാണെന്നും ആവര്‍ത്തിച്ച് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) രംഗത്തെത്തി.

ഒരു സംസ്ഥാനത്തിനു കീഴിലുള്ള കമ്പനിയുടെ  സിസ്റ്റത്തിലുണ്ടായ പിഴവാണ് ആധാര്‍ ചോര്‍ച്ചയ്ക്കു കാരണമായത്. ആ ഒരൊറ്റ പിഴവു മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാം. പേരും 12 അക്ക ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടെ ഇത്തരത്തില്‍ ചോര്‍ന്നതായാണു റിപ്പോര്‍ട്ട്. ആധാറുമായി ഉപയോക്താവ് ബന്ധപ്പെടുത്തിയിരിക്കുന്ന സേവനങ്ങളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷാപിഴവ് സംബന്ധിച്ചു ചില സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വിവരം നല്‍കിയെങ്കിലും ഇതുവരെ പരിഹരിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ ഏതു കമ്പനിയില്‍ നിന്നാണു വിവരങ്ങള്‍ ചോര്‍ന്നതെന്ന കാര്യം വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടില്ല. ആധാര്‍ നമ്പരുള്ള ആരെ വേണമെങ്കിലും ബാധിക്കാവുന്ന പ്രശ്‌നമാണിതെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സുരക്ഷാവിദഗ്ധന്‍ കരണ്‍ സൈനി പറയുന്നു.

സുരക്ഷാപാളിച്ചയാണിത്. ഉപയോക്താവിന്റെ സഹായമില്ലാതെ, അയാള്‍ പോലുമറിയാതെ, വിവരങ്ങള്‍ ആര്‍ക്കും തട്ടിയെടുക്കാനാകും. ആപ്ലിക്കേഷന്‍ പ്ലോഗ്രാമിങ് ഇന്റര്‍ഫേസ്  ലൊക്കേറ്റ് ചെയ്തിരിക്കുന്ന യുആര്‍എല്‍(യുണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍) മാത്രം അറിഞ്ഞാല്‍ മതി. ഇതിനാകട്ടെ വെറും 20 മിനിറ്റ് മതി- സൈനി പറയുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് യുഐഡിഎഐ പ്രതികരിച്ചു. ഒരു തരത്തിലുള്ള ‘വിവര ചോര്‍ച്ച’യും ആധാറില്‍ ഉണ്ടായിട്ടില്ല. ഇപ്പോഴും അതിലെ വിവരങ്ങളെല്ലാം സുരക്ഷിതമാണ്. അഥവാ ചോര്‍ന്നെങ്കില്‍ തന്നെ അത് പ്രസ്തുത കമ്പനിയുടെ ഡേറ്റബേസ് ആയിരിക്കും. അതിന് യുഐഡിഎഐയുടെ കീഴിലുള്ള ഡേറ്റയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും ആധാര്‍ അധികൃതര്‍ വ്യക്തമാക്കി.

ആധാര്‍ നമ്പര്‍ മാത്രം ലഭിച്ചാല്‍ അതുകൊണ്ട് തട്ടിപ്പുകാര്‍ക്ക് ഒരുപകാരവും ഉണ്ടാകില്ല. വിരലടയാളം, നേത്രപടലം (ഐറിസ്) സ്‌കാനിങ്, ഒടിപി തുടങ്ങിയ സുരക്ഷിത മാര്‍ഗങ്ങളിലൂടെ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാനാകൂ. സാമ്പത്തിക തട്ടിപ്പു പോലും സാധിക്കില്ലെന്നും യുഐഡിഎഐ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 110 കോടി പേര്‍ക്ക് ആധാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ ഡേറ്റബേസ് ആണിതെന്നും വിലയിരുത്തപ്പെടുന്നു. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞദിവസം യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ ആധാറിന്റെ സുരക്ഷ സംബന്ധിച്ച പവര്‍ പോയിന്റ് അവതരണവും സുപ്രീംകോടതിയില്‍ നടത്തിയിരുന്നു. ഭൂമിയിലെ ഏറ്റവും കരുത്തുറ്റ കംപ്യൂട്ടറിനു പോലും ആധാര്‍ ഡേറ്റ ചോര്‍ത്തണമെങ്കില്‍ പ്രപഞ്ചം രൂപപ്പെടാനെടുത്ത സമയത്തേക്കാളും ഏറെ വേണമെന്നാണ് ഭൂഷണ്‍ പാണ്ഡെ അവകാശപ്പെട്ടത്.

You must be logged in to post a comment Login