ആനന്ദനടനം ആടിനാള്‍

ബി. ജോസുകുട്ടി

‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ട് ചുറ്റി’ മലയാള സിനിമയിലേക്ക് ചുവടുവെച്ചു കയറിവന്ന ഒരു നായികയിലൂടെ കൗമാരപ്രണയത്തിന്റെ തീവ്രത ആത്മാവിലുണ്ടാക്കിയ നഖക്ഷതങ്ങള്‍ ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി പ്രേക്ഷകരെ പിന്തുടരുന്നു. 1986 ല്‍ എം.ടി വാസുദേവന്‍ നായരുടെ രചനയെ ആസ്പദമാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലെ ഗൗരി എന്ന നിഷ്‌കളങ്ക ഗ്രാമീണ പെണ്‍കൊടിയെ അനശ്വര കഥാപാത്രമാക്കി പ്രേക്ഷകര്‍ക്കു നല്‍കിയ മോനിഷയുടെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് തികഞ്ഞു. പതിനഞ്ചാമത്തെ വയസ്സിലാണ് നൃത്ത പ്രതിഭയായിരുന്ന മോനിഷ ചലച്ചിത്ര വേദിയിലെത്തുന്നത്.

ഗുരുവായൂരമ്പലനടയില്‍ വെച്ചാണ് രാമുവിനും ഗൗരിക്കും ഇടയില്‍ പ്രണയം തളിരിടുന്നത്. ഇരുവര്‍ക്കുമുണ്ടായിരുന്നു ആവോളം ദുഃഖങ്ങള്‍. ഒടുവില്‍ പ്രണയം മനസ്സിലുണ്ടാക്കിയ സംഘര്‍ഷങ്ങളില്‍ നിന്ന് ഒളിച്ചോടുക എന്ന വഴി രാമു തെരഞ്ഞെടുത്തു. ഗൗരിക്ക് അവശേഷിച്ചത് മനസ്സിലുണ്ടായ നഖക്ഷതങ്ങള്‍ മാത്രം. ഗൗരിയായി നിഷ്‌കളങ്കതയോടെ അഭിനയിച്ച മോനിഷയെ തേടി ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയംഗീകാരമെത്തി. പതിനാറുകാരിയായ മോനിഷ ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയായി. നിഷ്‌കളങ്കമായ മുഖഭാവമാണ് ഗൗരിയായി മോനിഷയെ തെരഞ്ഞെടുക്കാന്‍ സംവിധായകന്‍ ഹരിഹരനെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് മോനിഷ അഭിനയിച്ച പതിനെട്ടു സിനിമകളിലെ കഥാപാത്രങ്ങളുടെ നിഷ്‌കളങ്കതയാണ് പ്രേക്ഷകരുടെ മനസ്സുകളില്‍ ഇന്നും മായാതെ നില്‍ക്കുന്നത്. പെരുന്തച്ചന്‍, ഋതുഭേദം, കുടുംബസമേതം, വേനല്‍ക്കിനാവുകള്‍, ചമ്പക്കുളം തച്ചന്‍, ആര്യന്‍, കുറുപ്പിന്റെ കണക്കു പുസ്തകം, ഗൃഹപ്രവേശം, കടവ്, കമലദളം,ചെപ്പടിവിദ്യ, എന്നീ സിനിമകളുള്‍പ്പെടെ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം തന്നെ മോനിഷ എന്ന നടിയുടെ മാനറിസങ്ങള്‍ വിളക്കിച്ചേര്‍ത്തവയായിരുന്നു. മലയാളസിനിമയിലെ നായികാ ചരിത്രത്തില്‍ തിളക്കമാര്‍ന്ന സ്ഥാനമായിരുന്നു മോനിഷയുടേത്. നഖക്ഷതങ്ങള്‍
അടിമുടി ഒരു കലാകാരിയായിരുന്നു മോനിഷ എന്ന അഭിനേത്രി. പ്രേക്ഷകമനസ്സില്‍ നറുങ്ങുവേദനകളുണര്‍ത്തുന്ന നൊമ്പരപ്പാടുകള്‍ സൃഷ്ടിക്കാന്‍ ഈ അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരുന്നു. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങള്‍ക്ക് സവിശേഷമായ പ്രതിഭാ സ്പര്‍ശം നല്‍കി അതിനെ വേറിട്ട ഒന്നാക്കാന്‍ മോനിഷ അസാമാന്യ വൈഭവം പ്രകടിപ്പിച്ചിരുന്നവെന്നുള്ള സാക്ഷ്യം പല സംവിധായകരും തിരക്കഥാകൃത്തുക്കളും പറഞ്ഞിരുന്നു. നഖക്ഷതങ്ങളിലെ ഗൗരിയും പെരുന്തച്ചനിലെ ഉണ്ണിമായയും കമലദളത്തിലെ മാളവിക നങ്ങ്യാരുമൊക്കെ മോനിഷയുടെ ജീവിതവുമായി അടുത്തു നിന്ന കഥാപാത്രങ്ങളായിരുന്നു. മലയാള സിനിമയുടെ മുഖപ്രസാദമായി മാറിയ ഈ കലാകാരി അധികം വൈകാതെ ദേശീയ ബഹുമതി നേടുമെന്ന് നഖക്ഷതങ്ങളുടെ ചിത്രീകരണത്തിനിടയില്‍ എം.ടി ഹരിഹരനോട് പറഞ്ഞിരുന്നു. ആ പ്രവചനം ഫലിക്കുകയും ചെയ്തു. നഖക്ഷതങ്ങളുടെ തമിഴ്പ്പതിപ്പായ പൂക്കള്‍ വിടും ഇതള്‍ എന്ന സിനിമയിലെ അഭിനയം മോനിഷയ്ക്ക് തമിഴില്‍ അവസരങ്ങളുടെ പൂക്കാലമൊരുക്കിയെങ്കിലും മലയാളത്തില്‍ തന്നെ തുടരാനായിരുന്നു മോനിഷയുടെ തീരുമാനം. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ എന്ന സിനിമയുടെ തമിഴ്പ്പതിപ്പ് ദ്രാവിഡനിലും അഭിനയിച്ചു.

ഋതുഭേദം

ഋതുഭേദങ്ങളുടെ പാരിതോഷികം പോലെ മലയാളത്തില്‍ വന്നു ചിരി തൂകി നിന്ന മോനിഷയുടെ കഥാപാത്രങ്ങള്‍ സ്ത്രീ കേന്ദ്രീകൃതമായ ഒന്നു മാത്രമല്ലായിരുന്നു. പ്രണയത്തിന്റെയും സ്‌നേഹകാരുണ്യത്തിന്റെയും ഗ്രാമ്യചാരുതകളുടെയും ഭാവാവിഷ്‌ക്കാരം കൂടിയുമായിരുന്നു. പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച മോനിഷയുടെ വേഷങ്ങള്‍ പ്രമുഖരായ പ്രതിഭകളാല്‍ ഉരുവെടുത്തവയാണ്. എം.ടിയുടെ അഞ്ച് കഥാപാത്രങ്ങളെയാണ് മോനിഷ പ്രതിനിധീകരിച്ചത്. പ്രഥമ സിനിമയായ നഖക്ഷതങ്ങള്‍ക്കുശേഷം എം.ടി രചിച്ച ഋതുഭേദം (സംവിധാനം പ്രതാപ് പോത്തന്‍) അജയന്‍ സംവിധാനം ചെയ്ത പെരുന്തച്ചന്‍, കെ. എസ് സേതുമാധവന്‍ ന്റെ കഥയില്‍ എം.ടി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത കടവ് എന്നീ സിനിമകളിലെ മോനിഷയുടെ അഭിനയം പ്രസ്തുത സിനിമകളുടെ മാറ്റ് കൂട്ടി. അടിസ്ഥാനപരമായി ഒരു നൃത്തപ്രതിഭയായിരുന്ന മോനിഷയുടെ ശരീരഭാഷ കഥാപാത്രങ്ങളുടെ അഴകളവുകളില്‍ ലക്ഷണമൊത്തവയായി തീര്‍ന്നു. നവരസപ്രധാന നാട്യശാസ്ത്ര സമ്പ്രദായത്തിന്റെ വേറിട്ട വഴികളിലൂടെയുള്ള സഞ്ചാര ചലനങ്ങളായിരുന്നു ഈ അഭിനേത്രിയുടെ വ്യത്യസ്തത. ലോഹിതദാസ്, ശ്രീനിവാസന്‍, ടി. ദാമോദരന്‍, ബാലചന്ദ്ര മേനോന്‍, കലൂര്‍ ഡെന്നീസ് എന്നിവരുടെ രചനകളില്‍ ശക്തമായ നവീനമായ വേഷങ്ങളെയാണ് മോനിഷ അവതരിപ്പിച്ചത്. കമലദളം
നര്‍ത്തനച്ചുവടുകളുടെ അനായാസതയില്‍ അഭിനയത്തിന്റെ കമലദളം വിടര്‍ത്തിയ മോനിഷയ്ക്ക് നൃത്തപാടവം പാരമ്പര്യമായി ലഭിച്ചതായിരുന്നു. കോഴിക്കോട്കാരനായ പി. എന്‍. ഉണ്ണിയുടെയും ഷൊര്‍ണ്ണൂര്‍ സ്വദേശിനിയായ ശ്രീദേവിയുടെയും മകള്‍. ബാംഗ്‌ളൂര്‍ ഇന്ദിരാ നഗറില്‍ നൃത്തവിദ്യാലയം നടത്തുകയായിരുന്നു മോനിഷയുടെ അമ്മ ശ്രീദേവി. ബാംഗ്‌ളൂരിലായിരുന്നു മോനിഷയുടെ വിദ്യാഭ്യാസം. നൃത്തത്തില്‍ അമ്മ തന്നെയായിരുന്നു മോനിഷയുടെ ആദ്യഗുരു. ബാംഗ്‌ളൂരിലെ മൗണ്ട്കാര്‍മല്‍ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1985- ല്‍ ഭരതനാട്യത്തിന്  കര്‍ണ്ണാടക സര്‍ക്കാരിന്റെ  കൗശിക്  അവാര്‍ഡും  പതിനഞ്ചാമത്തെ വയസ്സില്‍ മോനിഷ കരസ്ഥമാക്കി.
ലോഹിതദാസ് രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത കമലദളത്തില്‍ മോനിഷ അവതരിപ്പിച്ച  മാളവിക എന്ന കഥാപാത്രം  ആ കലാകാരിയുടെ സ്വത്വബോധത്തിന്റെ നേരാവിഷ്‌കാരമായിരുന്നു. ഓരോ സീനും പരമാവധി  ഉള്‍ക്കാണ്ട് ആസ്വദിച്ചാണ് മോനിഷ ആ സിനിമയില്‍ നിറഞ്ഞാടിയത്. കലാമണ്ഡലങ്ങളിലെ വിദ്യാര്‍ത്ഥിനിയായി നൃത്താധ്യാപകനായ നന്ദ ഗോപനെ മൗനമായി പ്രണയിക്കുന്ന മാളവിക നങ്ങ്യാര്‍ അക്ഷരാര്‍ത്ഥത്തില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. ലോഹിതദാസും സിബിമലയിലും നിര്‍മ്മാതവായ മോഹന്‍ലാലും മോനിഷയെന്ന നാട്യതിലകത്തെ മനസ്സാ നമിക്കുകയായിരുന്നു. കമലദളം സിനിമയുടെ നൂറാം ദിവസ ആഘോഷരാവില്‍ കൂടിയ സമ്മേളനത്തില്‍ മോനിഷ പറഞ്ഞു. ” ഇനിയെന്റെ ജീവിതത്തില്‍ ആഗ്രഹങ്ങളൊന്നും ബാക്കിയില്ല.”നൃത്തത്തെ സിനിമയോടൊപ്പമോ അതിലേറെയോ സ്‌നേഹിച്ച ഒരു കലാകാരി എല്ലാ നൃത്തരൂപങ്ങളും ഒരു സിനിമയില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചതായേ അന്നെല്ലാവരും കരുതിയിരുന്നുള്ളൂ.1992 മാര്‍ച്ച് 27- നായിരുന്നു കമലദളം റിലീസായത്. മോനിഷ ഇങ്ങനെ ആഹ്ലാദം പങ്കുവെച്ചതിനുശേഷം കൃത്യം അഞ്ചുമാസത്തിനു ശേഷം ഒരു ‘കൊച്ചുഭൂമികുലുക്കം പോലെ’ മലയാള സിനിമാ ലോകം ആ ദുരന്തവാര്‍ത്ത ശ്രവിച്ചു.ചെപ്പടി വിദ്യ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത ‘ഒരു കൊച്ചുഭൂമികുലുക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവല്ലയിലും പരിസരത്തുമായി നടക്കുകയാണ്. ശ്രീനിവാസനാണ് നായകന്‍.ശ്രീനിയുടെ ഭാര്യാ വേഷത്തില്‍ മോനിഷയും അഭിനയിക്കുന്നു. പകല്‍ അഭിനയവും രാത്രിയില്‍ കമലിനു വേണ്ടി ചമ്പക്കുളം തച്ചന്‍ എന്ന ചിത്രത്തിന്റെ രചനയിലും. ചമ്പക്കുളം തച്ചനില്‍ മോനിഷയും അഭിനയിക്കാന്‍ കരാറായിട്ടുണ്ട്. മുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യവേഷമാണ് മോനിഷയ്ക്ക്. ആ സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ മോനിഷ ശ്രീനിവാസനോട് ചോദിക്കും… ”ശ്രീനിയേട്ടാ എന്റെ ക്യാരക്ടര്‍ അത്രയ്ക്ക് ഹെവിയാക്കണ്ടാട്ടോ ലൈറ്റായിട്ടൊക്കെ മതി.” എന്നിട്ട് നിഷ്‌കളങ്കമായി പൊട്ടിച്ചിരിക്കും. ചമ്പക്കുളം തച്ചന്‍ എന്ന സിനിമയില്‍ മോനിഷയുടെ കഥാപാത്രം കൊല്ലപ്പെടുകയാണ്. പക്ഷേ, എന്തുകൊണ്ടോ ആ വിവരം പറയാന്‍ ശ്രീനിവാസനു തോന്നിയില്ല. കാരണം ഒരു കലാകാരിയെന്ന നിലയില്‍ ജീവിതത്തെ അദ്യമമായി ഇഷ്ടപ്പെട്ടിരുന്നു മോനിഷ.

അല്ലെങ്കിലും ദൈവത്തിന്റെ ചെപ്പടിവിദ്യ അങ്ങനെയാണ്. എല്ലാം മനുഷ്യര്‍ക്ക് ആകസ്മികം. അപ്രതീക്ഷിതം. ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ ജി. എസ്. വിജയന്റെ സംവിധാനത്തില്‍ ചെപ്പടിവിദ്യ എന്ന സിനിമയില്‍ തന്റെ  വേഷം പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തെ ലൊക്കേഷനില്‍ നിന്ന് കൊച്ചി വഴി ബാംഗ്‌ളൂരില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ അമ്മ ശ്രീദേവിയൊടൊപ്പം മടങ്ങുകയായിരുന്നു മോനിഷ. ഒടുവില്‍ അനിവാര്യമായ ഒരു നിയോഗം പോലെ മൃത്യു ആ കലാതിലകത്തെ തട്ടിയെടുത്ത് മണ്‍മറഞ്ഞു. ചേര്‍ത്തലയില്‍ നടന്ന കാര്‍ ആക്‌സിഡന്റില്‍ ശ്രീദേവിയുടെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. മോനിഷ ഓര്‍മ്മയാകുകയും ചെയ്തു. ഒരു ആനന്ദ നടനമായിരുന്നു മോനിഷയ്ക്ക് ജീവിതം. അതു പൂര്‍ത്തിയാക്കാനാവാതെ മോനിഷ അണിയറയിലേക്ക് ആകസ്മികമായി അപ്രത്യക്ഷമായി.  ജനുവരി 24-നു മോനിഷയുടെ ജന്മദിനമാണ് അന്ന് മകള്‍ക്ക് നൃത്താജ്ഞലി സമ്മാനമായി നല്‍കാന്‍ ഒരുങ്ങുകയാണ് ആ അമ്മ. ഇപ്പോഴും പ്രേക്ഷകമനസ്സില്‍ ആനന്ദ നടനം ആടുകയാണ് 21-ാം വയസ്സില്‍ പൊലിഞ്ഞ മോനിഷ.

You must be logged in to post a comment Login