ആന്ദ്രേ ഇനിയേസ്റ്റ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

സ്പാനിഷ് സൂപ്പര്‍താരം ആന്ദ്രേ ഇനിയേസ്റ്റ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. റഷ്യന്‍ ലോകകപ്പില്‍ നിന്ന് സ്‌പെയിന്‍ പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. “ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണ് ഇന്ന്. ചിലപ്പോഴൊക്കെ പലതിന്റെയും അവസാനം നാം വിചാരിക്കുന്നതു പോലെ ആകണമെന്നില്ല…ഏറ്റവും മനോഹരമായ കാലഘട്ടമാണ് ഇവിടെ അവസാനിക്കുന്നത്. എല്ലാവര്‍ക്കും നന്ദി” – വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഇനിയേസ്റ്റ പറഞ്ഞു.

സ്‌പെയിന്‍ 2010 ല്‍ ലോക ചാമ്പ്യന്‍മാരായപ്പോള്‍ വിജയഗോള്‍ നേടിയത് ഇനിയേസ്റ്റയായിരുന്നു. രണ്ട് യൂറോ കപ്പുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. സ്‌പെയിന് വേണ്ടി 131 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഇനിയേസ്റ്റ 13 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 34-ാം വയസിലാണ് സ്‌പെയിന്റെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ ഇനിയേസ്റ്റ വിരമിക്കുന്നത്. ഇനിയേസ്റ്റ ബൂട്ടണിഞ്ഞ 96 മത്സരങ്ങളും സ്‌പെയിന്‍ വിജയിച്ചിട്ടുണ്ട്.

ആതിഥേയരായ റഷ്യയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് സ്‌പെയിന്‍ ഇത്തവണ ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇനിയേസ്റ്റ കളത്തിലിറങ്ങിയത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന് വേണ്ടി ആദ്യ കിക്ക് എടുത്തതും സ്‌കോര്‍ ചെയ്തതും ഇനിയേസ്റ്റയായിരുന്നു.

You must be logged in to post a comment Login