ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 16 പേര്‍ക്ക് അറസ്റ്റ് വാറന്റ്; സെപ്റ്റംബര്‍ 21ന് കോടതിയില്‍ ഹാജരാകണം

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ മഹാരാഷ്ട്രയിലെ ധര്‍മബാദ് കോടതിയുടെ അറസ്റ്റ് വാറന്റ്. ഗോദാവരി നദിയിലെ ബാബ്ലി അണക്കെട്ടിനെതിരായി 2010ല്‍ നടത്തിയ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റാരോപിതരായ എല്ലാവരേയും സെപ്റ്റംബര്‍ 21ന് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നായിഡുവിന് പുറമേ സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി ഉമാമഹേശ്വര റാവു, സാമൂഹ്യ ക്ഷേമമന്ത്രി അനന്ദ ബാബു, മുന്‍ എംഎല്‍എ ജി കമലാകരന്‍ എന്നിവരേയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവുണ്ട്.

ബാബ്ലി പദ്ധതിക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചതിനേത്തുടര്‍ന്ന് 2010ല്‍ ഐക്യ ആന്ധ്രാ പ്രദേശ് പ്രതിപക്ഷനേതാവായിരുന്ന ചന്ദ്രബാബു നായിഡുവിനേയും കേസിലുള്‍പ്പെട്ട മറ്റുള്ളവരേയും പൂണെയില്‍ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. കേസില്‍ എല്ലാവരേയും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സ്വദേശി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് ടിഡിപി ആരോപിച്ചു.

You must be logged in to post a comment Login