ആന്റണിയുടെ മകനെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചു; മക്കള്‍ രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: എ.കെ ആന്റണിയുടെ മകനെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സംഘടനക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കള്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് വിമര്‍ശനം.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. കെപിസിസി അധ്യക്ഷന്‍ ദില്ലിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അനിലിന്റെ സജീവരാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പായാണ് പുതിയ പദവിയെ വിലയിരുത്തുന്നത്.

പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനങ്ങളും ശക്തമായിയിരിക്കുകയാണ്. കെപിസിസി നിര്‍വ്വാഹകസമിതി അംഗം കൂടിയായ ആര്‍എസ് അരുണ്‍രാജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് അടക്കമുള്ളവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെ അനില്‍ ആന്റണിയുടെ നിയമനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നു.

ഡാറ്റാ അനിലറ്റിക് രംഗത്ത് പരിചയമുള്ള അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്ന് തയ്യാറാക്കിയ കണക്കുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിരുന്നുവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കേരളത്തിലും സമാനസേവനം പ്രയോജനപ്പെടുത്തുന്നതില്‍ എന്താണ് തെറ്റെന്നാണ് കെപിസിസി നേതൃത്വം വിശദീകരിക്കുന്നത്.

എംഐ ഷാനവാസിന്റെ മകളെ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാനും സിഎന്‍ ബാലകൃഷ്ണന്റെ മകളെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ നേരത്തെ അരുണ്‍രാജിന്റെ നേതൃത്വത്തിലുള്ള യുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസിക്ക് പരാതി നല്‍കിയിരുന്നു.

You must be logged in to post a comment Login