ആപ്പിളിനെ പിന്തള്ളി കിടിലന്‍ ഫീച്ചറുകളുമായി ഓണര്‍ 8 ലൈറ്റ്

രാജ്യാന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ  ചൈനീസ് കമ്പനിയായ വാവേയുടെ ‘ഹോണര്‍’ ബ്രാന്‍ഡ് പിന്തള്ളിയെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച ശ്രദ്ധ നേടിയതാണ്. ഹോണര്‍ ഏറെ നാളായി ഇന്ത്യന്‍ വിപണിയില്‍ ആരാധകരെ നേടിക്കൊണ്ടിരിക്കുന്ന ബ്രാന്‍ഡാണ്. ഈയിടെ പുറത്തിറക്കിയ ഹോണര്‍ 8 ലൈറ്റ് ആകര്‍ഷകമായ രൂപകല്‍പനയും മികച്ച പ്രകടന പാക്കേജുമായാണ് ശ്രദ്ധേയമാകുന്നത്. പൂര്‍ണ ഗ്ലാസ് ബോഡിയുള്ള മിനുസമാര്‍ന്ന ഫോണാണ് ഹോണര്‍ 8 ലൈറ്റ്. ഡബിള്‍ സൈഡഡ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയും ബ്രഷ്ഡ് മെറ്റല്‍ ഫിനിഷും. 7.6 മില്ലിമീറ്റര്‍ കനമുള്ള സ്ലിം ബോഡി. മിനുസമുള്ള ബോഡിയാകയാല്‍ കയ്യില്‍നിന്ന് ഊര്‍ന്നുവീഴാതെ ശ്രദ്ധിക്കണം.

ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 7.0 (നൂഗട്ട്) ഒഎസും അതിന്മേല്‍ ഹോണറിന്റെ സ്വന്തം ഇഎംയുഐ 5.0 എന്ന യൂസര്‍ ഇന്റര്‍ഫേസുമാണിതിന്. അനായാസ ഉപയോഗമാണ് ഇഎംയുഐയിലൂടെ സാധ്യമാകുന്നത്. വാവേയ്‌യുടെ കിരിന്‍ 655 എന്ന ഒക്ടാ കോര്‍ പ്രോസസറാണ് ഹോണര്‍ 8 ലൈറ്റിനു കരുത്തേകുന്നത്. 4 ജിബി റാം കൂടിയാകുമ്പോള്‍ ഏതാണ്ടെല്ലാം ഉപയോഗങ്ങള്‍ക്കും പര്യാപ്തം. ഗെയിമുകളില്‍ പോലും പതറാത്ത വേഗം കിട്ടുന്നുണ്ട്. 64 ജിബി ആണു സ്റ്റോറേജ്. മൈക്രോ എസ്ഡി വഴി ഇത് ഇരട്ടിയാക്കാം.

4ജി, എല്‍ടിഇ സൗകര്യമുള്ള ഡ്യവല്‍ സിം ഫോണാണിത്. രണ്ടാമത്തെ സിം ഇട്ടാല്‍ എസ്ഡി കാര്‍ഡ് ഇടാനാകില്ല. 64 ജിബി മെമ്മറി ഉള്ളപ്പോള്‍ അതിന്റെ ആവശ്യമില്ലല്ലോ. ഇന്നത്തെക്കാലത്തു ഫോണിന്റെ ഏറ്റവും വലിയ ഉപയോഗം ഫോട്ടോയെടുക്കല്‍, പ്രത്യേകിച്ച് സെല്‍ഫിയെടുക്കല്‍ ആയ നിലയക്ക് ഹോണര്‍ 8 ലൈറ്റും അക്കാര്യത്തില്‍ പിന്നോട്ടുപോകുന്നില്ല. 8എംപി മുന്‍ ക്യാമറയും 12 എംപി പിന്‍ ക്യാമറയുമാണുള്ളത്. അനായാസം പ്രവര്‍ത്തിപ്പിക്കാവുന്ന ഒട്ടേറെ ഷൂട്ടിങ് മോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍ഫിക്ക് ‘ബ്യൂട്ടിഫൈ’ മോഡുമുണ്ട്. ഹൈ ഡെഫിനിഷന്‍ വിഡിയോകള്‍ ചിത്രീകരിക്കാനുമാകും. പ്രത്യേകമായി നൈറ്റ് മോഡ് ഇല്ലെങ്കിലും കുറഞ്ഞ വെളിച്ചത്തിലെ ചിത്രങ്ങളും മോശമല്ല. 5.2 ഇഞ്ച് ഹൈ ഡെഫിനിഷന്‍ സ്‌ക്രീന്‍ ദൃശ്യമികവു സമ്മാനിക്കുന്നുമുണ്ട്.

വാവേയ്‌യുടെ ക്ലൗഡ് സ്റ്റോറേജും ഏതാനും യൂട്ടിലിറ്റി ആപ്പുകളും പുറമെനിന്നുള്ള ഏതാനും ആപ്പുകളും പ്രീ-ഇന്‍സ്റ്റോള്‍ഡാണ്. 3000 എംഎഎച്ച് ബാറ്ററിക്കു പിന്തുണയുമായി ഇന്റലിജന്റ് പവര്‍ സേവിങ് മോഡുകള്‍ കൂടി ഉള്ളതിനാല്‍ ചാര്‍ജ് തീരുമെന്ന പേടിയില്ലാതെ ഉപയോഗിക്കാം. ബാറ്ററിക്ക് അതിവേഗ ചാര്‍ജിങ് സൗകര്യമില്ല. 15 മാസത്തെ സര്‍വീസ് വാറന്റിയോടെയെത്തുന്ന ഹോണര്‍ 8 ലൈറ്റിന് 17,999 രൂപയാണു വില.

You must be logged in to post a comment Login