ആപ്പിളിന്റെ രുചിയും ആഗോള താപനിലയും

പഴക്കടകളില്‍ നിന്ന് ആപ്പിള്‍ വാങ്ങിക്കഴിച്ച ശേഷം ഈ ആപ്പിളിനൊരു രുചിയില്ല എന്നു നമ്മളില്‍ പലരും ഇപ്പോള്‍ പരിതപിച്ചു കഴിഞ്ഞിരിക്കാം.എന്നാല്‍ ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചു ചിന്തിച്ചു മിനക്കെടാന്‍ ആരും തയ്യാറാകാറില്ല.കാലാവസ്ഥാവ്യതിയാനമാണ് ആപ്പിളിന്റെ രുചി വ്യത്യാസത്തിനു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.രുചിയില്‍ മാത്രമല്ല, ആപ്പിളിന്റെ ഗുണത്തെയും കാലാവസ്ഥാ വ്യതിയാനം സ്വാധീനിക്കുന്നതായാണ് ജപ്പാനിലെ ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കൊണ്ടാണ് ആപ്പിളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് എന്നതു കൊണ്ട് തന്നെ ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല.

ഫലം പാകമാകുന്ന അവസ്ഥയിലുള്ള ഉയര്‍ന്ന ആഗോള താപനിലയാണ് ആപ്പിളിന് ഭീഷണി. ഫിജിമാട്ടോ നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ തോഷിഹിക്കോ സുഗിയുരയും സംഘവുമാണ് ഗവേഷണം നടത്തിയിരിക്കുന്നത്. ജപ്പാനില്‍ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഫുജി, ത്‌സുഗാരു എന്നീ ആപ്പിള്‍ ഇനങ്ങളിലാണ് സംഘം പഠനം നടത്തിയത്. നാല്‍പത് വര്‍ഷത്തോളം ഗവേഷണം നടത്തിയാണ് സംഘം നിഗമനത്തിലെത്തിയത്.താപനില, സൂര്യനില്‍ നിന്നുള്ള വികിരണം, ആപ്പിളിന്റെ ജീവിതചക്രം എന്നിങ്ങനെ എല്ലാ മേഖലകളും സംഘം ഗവേഷണവിധേയമാക്കി.
apple.jpeg

ആപ്പിള്‍ മരങ്ങള്‍ മൊട്ടിട്ട് പൂവിടുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ജപ്പാനില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നത്. മൊട്ടിട്ട് പൂര്‍ണമായും പൂ വിരിയുന്ന സമയകാലയളവിന് ഓരോ ദശകത്തിലും വ്യത്യാസം വരുന്നതായും ഗവേഷണ കാലയളവില്‍ 1 മുതല്‍ 2.3 ദിവസങ്ങള്‍ വരെ ഈ സമയപരിധിയില്‍ വ്യത്യാസം ഉണ്ടായതായും സംഘം കണ്ടെത്തി. താപനിലയിലെ വര്‍ധനവാണ് ഇതിന് പിന്നിലെന്ന് സംഘം പറയുന്നു.ഒരു പഴത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ തോതും ലയനശേഷിയുള്ള ഖരവസ്തുക്കളുമാണ് അതിന്റെ പുളിപ്പിനും മധുരത്തിനും പിന്നില്‍. പഴത്തില്‍ അടങ്ങിയിരിക്കുന്ന വെള്ളത്തിന്റെ അളവും കട്ടിയുമാണ് അതിന്റെ മൃദുത്വവും കട്ടിയും തീരുമാനിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആസിഡ് തോതിലും വെള്ളത്തിന്റെ അളവിലും കുറവ് ഉണ്ടാക്കുന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്.
ഇത് കാലക്രമേണ ആപ്പിളിന്റെ സ്വാഭാവിക മധുരത്തെ കുറയ്ക്കുന്നു.പെട്ടെന്നുളള മാറ്റമല്ലാത്തതിനാല്‍ നാം ചിലപ്പോള്‍ ഇത് തിരിച്ചറിയപ്പെടാതെ പോയേക്കാം.എങ്കിലും ആപ്പിള്‍ നാവില്‍ നല്‍കിയൊരു രുചിയില്ലേ,അതില്‍ മാറ്റം വന്നാല്‍ നാം തീര്‍ച്ചയായും അറിയും.

 

 

You must be logged in to post a comment Login