ആപ്പിള്‍ ഐഫോണ്‍ 7 ഉപയോഗിച്ച ഗര്‍ഭിണിയുടെ കൈ പൊള്ളി

iphone-burn-jpg-image-784-410

ഓസ്‌ട്രേലിയയില്‍ ആപ്പിള്‍ ഐഫോണിന് മുകളില്‍ കിടന്നുറങ്ങിയ ഗര്‍ഭിണിയായ യുവതിക്ക് പൊള്ളലേറ്റു. ഉറക്കത്തില്‍ അറിയാതെ ഫോണിനു മുകളില്‍ കിടന്ന മെലാനി ടാന്‍ പെലേസ് എന്ന യുവതിയുടെ കൈക്കാണ് പൊള്ളലേറ്റത്.സംഭവത്തിന്റെ ചിത്രവും കുറിപ്പും ഫെയ്‌സ്ബുക്കില്‍ മിലാനി പോസ്റ്റ് ചെയ്തതോടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

ആപ്പിള്‍ ഏറ്റവും പുതിയതായി ഇറക്കിയ സ്മാര്‍ട്‌ഫോണായ ആപ്പിള്‍ ഐഫോണ്‍ 7 ആണ് യുവതിയുടെ കൈ പൊള്ളിച്ചത്. ടിവി കാണുന്നതിനിടെ യുവതി ഉറങ്ങിപ്പോകുകയും ഉറക്കത്തില്‍ ഫോണ്‍ ചൂടായി കൈയില്‍ പൊള്ളലേല്‍ക്കുകയുമായിരുന്നു. എഴുന്നേറ്റപ്പോഴാണ് കൈയില്‍ ചുവന്ന പാടും നീറ്റലും ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഡോക്ടറെ കണ്ടു ചികില്‍സ തേടുകയും ചെയ്തു. എന്നാല്‍, ഫോണ്‍ പൊട്ടിത്തെറിക്കുകയോ പ്രവര്‍ത്തിക്കുന്നതിനു പ്രശ്‌നമോ കണ്ടില്ല. അമിത ചാര്‍ജിങ് കാരണം ഐഫോണ്‍ ചൂടായതാകാമെന്നാണ് കരുതുന്നത്.

അതേസമയം സംഭവത്തെക്കുറിച്ച് മിലാനി ആപ്പിള്‍ അധികൃതരെ അറിയിച്ചെങ്കിലും കമ്പനി വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായിച്ചില്ല.ഇതോടെയാണ് മിലാനി അപകടവിവരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.തുടര്‍ന്ന് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെ ആപ്പിള്‍ അധികൃതര്‍ മിലാനിയെ ബന്ധപ്പെടുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും അറിയിക്കുകയായിരുന്നു. പക്ഷേ ഫോണ്‍ ചൂടാകാനുള്ള കാരണത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ല. നിലവിലെ ഫോണിനു പകരം പുതിയതു നല്‍കാമെന്നും ആപ്പിള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ പുതിയതു സ്വീകരിക്കാന്‍ മിലാനി തയാറായില്ല.

ഐഫോണ്‍ ഇറങ്ങിയതു മുതല്‍ വിവിധ മോഡല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താവാണ് മിലാനി. ഇതുവരെ തനിക്ക് ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.

You must be logged in to post a comment Login