ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നും 156 ഇന്ത്യാക്കാര്‍ നാട്ടിലെത്തി; ആദ്യസംഘത്തില്‍ 46 മലയാളികള്‍

sudanന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം നടക്കുന്ന ദക്ഷിണ സുഡാനില്‍ നിന്ന് മലയാളികളടങ്ങിയ 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 46 മലയാളികളും 32 തമിഴ്‌നാട്ടുകാരും ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കലക്ടറും തിരിച്ചെത്തിയവരെ സ്വീകരിച്ചു. ആഭ്യന്തരയുദ്ധം രൂക്ഷമായതിനെത്തുടര്‍ന്നു ഭക്ഷണവും വെള്ളവുമില്ലാതെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമസേനയുടെ സി 17വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിച്ചത്.

വിദേശകാര്യ സഹമന്ത്രി മേജര്‍ വി.കെ സിങ് ഇവരെ അനുഗമിച്ചിരുന്നു. നാട്ടിലെത്താന്‍ വിസമ്മതിച്ച് ബിസിനസുകാര്‍ അടക്കമുള്ള 300ലധികം പേര്‍ സുഡാനില്‍ ഇപ്പോഴുമുണ്ടെന്ന് വി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. സുഡാനില്‍ നിന്ന് ഉഗാണ്ടയിലെത്തി ഇന്ധനം നിറച്ച ശേഷമാണ് പ്രത്യേക വിമാനം ഇന്ത്യയിലേക്കു തിരിച്ചത്. ഇതിനുള്ള സൗകര്യങ്ങള്‍ ഉഗാണ്ട സര്‍ക്കാര്‍ ചെയ്തു തന്നു. സുഡാനിലെ ഭരണാധികാരികളുമായി സംസാരിച്ചതായും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയെന്നും വി.കെ സിങ് പറഞ്ഞു.

മടങ്ങിയെത്തിയവരില്‍ ഏഴു സ്ത്രീകളും മൂന്നു കുട്ടികളും രണ്ട് നേപ്പാള്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ദക്ഷിണ മേഖലയിലെ യാത്രക്കാരെയിറക്കിയ ശേഷം വിമാനം ഡല്‍ഹിക്ക് തിരിച്ചു. സുഡാനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഉടന്‍ ഡല്‍ഹിയിലെത്തും.

സര്‍ക്കാര്‍ സേനയും മുന്‍ വിമതസേനയുമായി ഏറ്റുമുട്ടുന്ന ദക്ഷിണ സുഡാനില്‍ 600ഓളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതില്‍ 450 പേര്‍ തലസ്ഥാനമായ ജൂബയിലാണുള്ളത്. സര്‍ക്കാര്‍ സേനയും വിമതസേനയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യം പ്രയോജനപ്പെടുത്തി പരമാവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി ‘ഓപറേഷന്‍ സങ്കട്‌മോചന്‍’ എന്ന് പേരിട്ട ഒഴിപ്പിക്കല്‍ നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

സുഡാനിലെ പ്രസിഡന്റും വൈസ്പ്രസിഡന്റും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ആഴ്ചകളായി ഇരുവരുടെയും ഗോത്രങ്ങള്‍ തമ്മില്‍പോരാട്ടം തുടരുകയാണ്. കനത്ത ബോംബിങ്ങാണ് പലയിടത്തും നടക്കുന്നത്. യുദ്ധം രൂക്ഷമായപ്പോള്‍ തിരുവനനന്തപുരം കുടപ്പനക്കുന്ന് സിവില്‍സ്‌റ്റേഷനടുത്ത് താമസിക്കുന്ന അരുണ്‍കുമാറാണ് ബന്ധുക്കള്‍വഴി നോര്‍ക്കയെ ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് നോര്‍ക്ക അധികൃതര്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ടീമിനെയും സജ്ജമാക്കി.

You must be logged in to post a comment Login