ആഭ്യന്തര കലഹം: സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല; അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ അടിമൂത്തപ്പോള്‍ ഡയറക്ടര്‍ക്കും സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കും എതിരെ നടപടി. അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ജോയന്റ് ഡയറക്ടര്‍ നാഗേശ്വര റാവുവിനാണ് പകരം താത്കാലികമായി ചുമതല നല്‍കി. സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സി.ബി.ഐ നേതൃത്വത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സി.ബി.ഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ത്ത അപ്പോയിന്‍മെന്റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഉത്തരവും ഇന്നലെ രാത്രി തന്നെ പുറത്തിറക്കിയിട്ടുണ്ട്.

cbi

അലോക് വര്‍മയ്ക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ട്. ഈ പരിരക്ഷ മറികടന്നുകൊണ്ടാണ് നടപടി. 2017 ലാണ് അലോക് വര്‍മ ഡല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഡി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്‌പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു.

കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ തന്നെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായി. ഈ സാഹചര്യത്തില്‍ ഇരുവരെയും പ്രധാനമന്ത്രി വിളിച്ചുവരുത്തിയിരുന്നു.

You must be logged in to post a comment Login