ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍….

”ഒരു ദിവസം ഫാസില്‍ എന്നെയും ബിച്ചുതിരുമലയെയും ആലപ്പുഴയിലെ ബ്രദേഴ്‌സ് ഹോട്ടലിലേക്ക് വിളിച്ചു. ഞങ്ങള്‍ ചെല്ലുമ്പോള്‍ റൂമില്‍ ഫാസില്‍ ഉണ്ട്. ആ റൂമിന് കള്ളിന്റേയും സിഗരറ്റിന്റേയും മണമായിരുന്നു. അവിടെയിരുന്ന് ഞങ്ങള്‍ ഫാസില്‍ പറഞ്ഞ കഥ കേട്ടു. ഗ്രാന്‍ഡ് മദറിന്റെയും കൊച്ചുമകളുടെയും കഥ. എന്നിട്ട് ഫാസില്‍ പറഞ്ഞു. സിനിമയില്‍ ഈ പാട്ട് വളരെ പ്രധാനപ്പെട്ടതാണ്. കാരണം  കൊച്ചുമകളും അമ്മൂമ്മയും തമ്മിലുള്ള സ്‌നേഹബന്ധമാണ് ഞാന്‍ കാണിക്കാന്‍ പോകുന്നത്.
അതേ സമയം  ഈ പാട്ട് പിന്നീട് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും  അവരുടെ ജീവിതത്തില്‍ സംഭവിച്ച പഴയ കാര്യങ്ങള്‍ എന്തെങ്കിലും ഓര്‍മ്മ വരണം. നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന പാട്ടായിരിക്കണം. ഇത്രയും പറഞ്ഞിട്ട് ഫാസില്‍ പുറത്തേയ്ക്ക് പോയി. ഞാനും ബിച്ചുവും ആ തല്ലിപ്പൊളി റൂമിലിരുന്ന് അങ്ങോട്ടു മിങ്ങോട്ടും നോക്കി. എന്താ ചെയ്യുകയെന്ന് രണ്ടാള്‍ക്കും ഒരു പിടിയുമില്ല. നൊസ്റ്റാള്‍ജിയ എന്ന വാക്ക് തന്നെ മലയാളത്തില്‍ ഉള്ളതല്ല. മലയാളത്തില്‍ അതിനെ ഗൃഹാതുരത്വം എന്നാണ് പറയുക. അപ്പോള്‍ ബിച്ചു എന്നോട് ചോദിച്ചു. ”ജെറി ഗൃഹാതുരത്വം ഉള്ള രാഗം വല്ലതുമുണ്ടോ? അങ്ങനെ ഒരു രാഗത്തെപ്പറ്റി ഞാന്‍ കേട്ടിട്ടില്ല. ”നിങ്ങള്‍ പദ്യത്തില്‍ എങ്ങനാ ഗൃഹാതുരത്വം കൊണ്ടുവരാന്‍ പോകുന്നതെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അങ്ങനെ ആകപ്പാടെ ഒരു ആശയക്കുഴപ്പത്തിലായിരുന്നു ഞങ്ങള്‍… എന്തു ചെയ്യണമെന്ന് രണ്ടാള്‍ക്കും ഒരു പിടിയുമില്ല. അപ്പോള്‍ ആ മുറിയിലെ ചെറിയ അലമാരയില്‍ ഒരു തടിയന്‍ പുസ്തകം ഞങ്ങള്‍ കണ്ടു. ബിച്ചു ആ പുസ്തകം പുറത്തേക്കെടുത്തു. അതിന്റെ പുറം ചട്ടയില്‍ ചങ്ങമ്പുഴ എന്നെഴുതിയിരുന്നു. ആ പുസ്തകം തുറന്നിട്ട് ഒരു അദ്ധ്യായം  മറിച്ച് നോക്കിയപ്പോള്‍ ‘ചങ്ങമ്പുഴയുടെ  പാട്ടുകള്‍’ എന്നും കണ്ടു. ചങ്ങമ്പുഴയുടെ പാട്ടുകളില്‍ വല്ല ലക്കുമുണ്ടോയെന്ന് നോക്കാമെന്ന് ബിച്ചു എന്നോട് പറഞ്ഞു. അതിലെ ഒരു പേജില്‍ ഇങ്ങനെ എഴുതിയിരുന്നു. ”ശ്യാമളെ ..ശ്യാമളെ ”… ചങ്ങമ്പുഴ ഇങ്ങനെ പല ശ്യാമളമാരെയും കണ്ടു കാണും. ഈ ശ്യാമളെപ്പറ്റിയുള്ള ഓര്‍മ്മകളാണ് പാട്ടില്‍ വരേണ്ടത്. നൊസ്റ്റാള്‍ജിയ ആണ് ഇതിനകത്ത് ഉള്ളത് ബിച്ചു പറഞ്ഞു. ഇത് വെച്ച് നോക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പിന്നെ ഞാനിങ്ങനെ ഒന്ന് മൂളി … ”ശ്യാമളെ … ശ്യാമളെ … ലലലാലീ ശ്യാമളെ” മൂളിയപ്പോള്‍ ബിജു പറഞ്ഞു. ”ആ ഇത് കൊള്ളാമല്ലോ.. കഥയുമായി ബന്ധപ്പെടുത്തിയാല്‍ അമ്മൂമ്മയുടെ ഓര്‍മ്മകളാണ് പാട്ടില്‍ വരേണ്ടത്. അപ്പോള്‍ ബിച്ചു ഇങ്ങനെ എഴുതി. ”ആയിരം കണ്ണുമായ് കാത്തിരുന്ന് നിന്നെ ഞാന്‍” … അങ്ങനെയാണ് ഈ പാട്ടുണ്ടാവുന്നത്. പാട്ട് ചെയ്തശേഷം ഞാന്‍ വീട്ടില്‍ പോയി.

Untitled-1 copyഎന്റെ എല്ലാ പാട്ടുകളും ഓര്‍ക്കട്രേഷന്‍ ചെയ്യുന്നത് ഞാന്‍ തന്നെയാണ്. ഈ പാട്ടില്‍ നിങ്ങള്‍ കേള്‍ക്കുന്ന എല്ലാ ഇന്‍സ്ട്രുമെന്റിന്റെ കാര്യങ്ങളും  ഞാന്‍ തന്നെയാണ് നോക്കുന്നത്. വേറെയാരും തന്നെയില്ല. ഇത് ജനങ്ങള്‍ മനസിലാക്കേണ്ട കാര്യമാണ്. സാധാരണ ഇപ്പോള്‍ ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന് പറഞ്ഞാല്‍ ഒരു ഗാനരചയിതാവ് എഴുതിയ വരികള്‍ക്ക് ട്യൂണിടും. അല്ലെങ്കില്‍ അദ്ദേഹം ഉണ്ടാക്കുന്ന ട്യൂണിനനുസരിച്ച് എഴുത്തുകാരന്‍ എഴുതും. എന്നിട്ട് ആ പാട്ട് ഗായകനേയും, ഗായികയേയും പഠിപ്പിക്കും. പക്ഷെ ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യുന്നത് ഒട്ടുമുക്കാലും വേറെ ആളുകളാണ്. പൊതുവേ എല്ലാ മ്യൂസിക് ഡയറക്‌ടേസിനും ഈ പരിപാടി അറിയില്ല. ഞാന്‍ നൗഷാദ് സാറിന്റെ അസിസ്റ്റന്റായി അഞ്ചു വര്‍ഷം ബോംബയില്‍ ഉള്ളപ്പോഴാണ് എനിക്കിത് പിടികിട്ടിയത്. പൊതുവേ പ്രഗത്ഭരായ മ്യൂസിക് ഡയറക്‌ടേഴ്‌സിന്റെ വരെ ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യുന്നത് ആംഗ്ലോ-ഇന്ത്യക്കാരോ ഗോവക്കാരോ ആണ്. അവര്‍ക്ക് ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യാനുള്ള  കഴിവുണ്ട്. പിന്നെ ഇതൊരു ഇന്ത്യന്‍ കോണ്‍സെപ്റ്റല്ല. ഓര്‍ക്കസ്‌ട്രേഷന്‍ എന്ന് പറയുന്നത് പാശ്ചാത്യ സംഗീതത്തിന്റെ ഭാഗമാണ്.
അന്ന് ഓര്‍ക്കസ്‌ട്രേഷനില്‍ നൗഷാദ് സാറിനെ സഹായിച്ചിരുന്നത് ഗോവക്കാരനായ പിന്റെ, ഗോമസ് എന്നിവരായിരുന്നു. ഓര്‍ക്കസ്‌ട്രേഷന്‍ ശരിക്ക് പഠിച്ചിട്ടേ സംഗീതം ചെയ്യൂ എന്ന്, അന്ന് ഞാന്‍ തീരുമാനിച്ചു. അപ്പോഴാണ് അമേരിക്കയിലുള്ള എന്റെ ചേട്ടന്‍ കാര്‍മ്മല്‍ മ്യൂസിക് പഠിക്കാനായിട്ട് എന്നെ അവിടേക്ക് ക്ഷണിച്ചത്. ഞാന്‍ നൗഷാദ് സാറിന്റെ അടുത്ത് നിന്ന് വിരമിച്ചിട്ട് അമേരിക്കയിലേക്ക് പോയി. മ്യൂസിക് പഠിച്ച് മാസ്റ്റേഴ്‌സ് ഡിഗ്രി എടുത്തു. അതിന്റെ ഭാഗമായി ഓര്‍ക്കസ്‌ട്രേഷന്‍ എന്ന് പറയുന്നതും ഞാന്‍ പഠിച്ചു. അതു കഴിഞ്ഞ്  നാട്ടില്‍ വന്ന ശേഷമാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന പടം ചെയ്യുന്നത്: ‘ആയിരം കണ്ണുമായി’ എന്ന പാട്ട് ചിട്ടപ്പെടുത്തുന്നത്. ഈ  പാട്ടുകളെല്ലാം തന്നെ ശ്രോതാക്കള്‍ക്ക് ഇഷ്ടമാകാനുള്ള പ്രധാന കാരണം അതിന്റെ  മ്യൂസിക് ഡയറക്ടറും ഓര്‍ക്കസ്‌ട്രേറ്ററും ഒരാളായിരുന്നു എന്നതു തന്നെയാണ്. ‘ആയിരം കണ്ണുമായ്’ എന്ന പാട്ട് റിക്കോഡ്  ചെയ്തത് തിരുവനന്തപുരത്തുള്ള യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലാണ്. പാട്ട് പാടാന്‍ യേശുദാസ് വന്നു. അദ്ദേഹത്തെ പാട്ട് പഠിപ്പിച്ചു. എന്നിട്ട് ഞങ്ങള്‍ റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ പറ്റിയതെന്തെന്നാല്‍ ഈ പാട്ട് വായിക്കുന്തോറും സ്പീഡ് കൂടി കൂടി വന്നു. ഇത് കേരളത്തിലെ ചെറുപ്പക്കാര്‍ ആദ്യമായിട്ട് ചെയ്യുകയാണ്. അല്ലാതെ മദ്രാസിലെ പരിചയമുള്ള സംഗീതജ്ഞരല്ല ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പിന്നെ അന്ന് എല്ലാം ഓരോ സമയത്താണ് റിക്കോര്‍ഡ് ചെയ്യുന്നത്. ഇന്നത്തെപ്പോലെയല്ല. അതുകൊണ്ട് തന്നെ ഞങ്ങളിങ്ങനെ റിക്കോര്‍ഡ് ചെയ്യുമ്പോള്‍ സ്പീഡ് കൂടി വന്നു. പാട്ട് അവതാളത്തിലായി. രാവിലെ എട്ട് മണിക്ക് തുടങ്ങി വൈകുന്നേരം 5 മണിയായിട്ടും പാട്ട് ശരിയാകുന്നില്ല. അപ്പോള്‍ ആലപ്പുഴക്കാരനായ എന്റെ കൂട്ടുകാരന്‍ ഫ്രാന്‍സിസ് ഓടിവന്ന് പറഞ്ഞു. (അദ്ദേഹം ഇപ്പോള്‍ ആലപ്പുഴയില്‍ കുട്ടികളെ പിയോനോ പഠിപ്പിക്കുന്നു). നമുക്ക് കീബോര്‍ഡില്‍  ഒരു സ്റ്റെഡി താളം ഇട്ട് കൊടുക്കാം. എന്നിട്ട് ആ താളം എല്ലാവരുടെയും ചെവിയിലേക്ക് ചെന്നാല്‍ എല്ലാവരും ആ താളത്തില്‍ വായിക്കും. അങ്ങനെ കൂട്ടുകാരന്റെ  സഹായം കൊണ്ടും കീബോഡിന്റെ സജക്ഷന്‍ കൊണ്ടും പാട്ട് റിക്കോര്‍ഡ് ചെയ്യാന്‍ പറ്റി. പാട്ട് റിക്കോര്‍ഡ് ചെയ്തു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിരാശയായി. രാവിലെ 8 മണിക്ക് തുടങ്ങി രാത്രി 8 മണിയായപ്പോള്‍ എല്ലാവരും മടുത്തിരുന്നു. റിക്കോഡിംഗ് കഴിഞ്ഞപ്പോള്‍ ഫാസില്‍ എത്തി. ഞാന്‍ ഫാസിലിനോട് പറഞ്ഞു. വിചാരിച്ചതുപോലെ പാട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ ഉദ്ദേശിച്ച ഒരു ഒഴുക്ക് പാട്ടില്‍ വന്നിട്ടില്ല. പിന്നെ ഞങ്ങള്‍ കൈ കൊടുത്തു പിരിഞ്ഞു. ബാക്കി എല്ലാം ചരിത്രമാണ്. ആയിരം കണ്ണുമായ് .. ലോകത്തുള്ള എല്ലാവരും ഓര്‍ക്കുന്ന ഒരു പാട്ടാണ്’… ജെറി അമല്‍ ദേവ് പറഞ്ഞു നിര്‍ത്തി.

 

രജിത് മുതുവിള

You must be logged in to post a comment Login