ആരാധകന്റെ അഡ്രസ്സിൽ കൂളിംഗ് ഗ്ലാസ് അയച്ച് കൊടുത്ത് ഉണ്ണി മുകുന്ദൻ

ആ ഗ്ലാസ് ഒന്ന് തരുമോ എന്ന് ചോദിച്ചു; ആരാധകന്റെ അഡ്രസ്സിൽ കൂളിംഗ് ഗ്ലാസ് അയച്ച് കൊടുത്ത് ഉണ്ണി മുകുന്ദൻ
യുവ ആരാധകർ ഏറെയുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ സിനിമക്കും സ്റ്റൈലിനും ലുക്കിനും എല്ലാം ഈ ആരാധക വൃന്ദം കൂടെയുണ്ട്. അത് കൊണ്ട് തന്നെ ഉണ്ണി പലപ്പോഴും കോളേജ് പരിപാടികളിലെ പ്രിയപ്പെട്ട അതിഥിയാണ്. അതും തന്റെ ആരാധകരെ തിരിച്ചും അത് പോലെ ഗൗനിക്കുന്ന ആൾ കൂടിയാണ് ഉണ്ണി. അപ്പോഴാണ് തീർത്തും അവിചാരിതമായി ഉണ്ണിയുടെ മുഖത്തെ കൂളിംഗ് ഗ്ളാസിന് ഒരു ആരാധകൻ ഉണ്ടായത്. സോഷ്യൽ മീഡിയയിൽ ഉണ്ണി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കമന്റായി ‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്’ എന്ന് ചോദിക്കേണ്ട താമസം, ഗ്ലാസ് അതാ ആരധകന്റെ കയ്യിൽ.

വീട്ടിലെ മേൽവിലാസം ഡയറക്റ്റ് മെസ്സേജ് ആയി അയക്കാൻ മാത്രമേ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ. വൈഷ്ണവ് എന്ന പേരുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ആ ചോദ്യം വന്നത്. ശേഷം ആ ആരാധകൻ കൂളിംഗ് ഗ്ലാസും കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകർ കണ്ടത്.

ഉണ്ണി മുകുന്ദൻ ഇനി ചോക്ലേറ്റ് റീറ്റോൾഡ് എന്ന ക്യാമ്പസ് ചിത്രത്തിലെ നായകനാണ്. മുൻപ് പൃഥ്വിരാജ് അവതരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നോണം ആണെങ്കിലും ആദ്യം ഇറങ്ങിയ ചോക്ളേറ്റിലെ ഒരു കഥാപാത്രം പോലും ഈ ചിത്രത്തിൽ ആവർത്തിക്കെപ്പെടുകയില്ല. ചിത്രത്തിന്റെ പേരിനുള്ള അവകാശം നിർമ്മാതാവിൽ നിന്നും വാങ്ങി ഒരു മുഴുനീള ക്യാമ്പസ് ചിത്രമായി പുറത്തിറക്കാനാണ് പ്ലാൻ. സേതുവാണ് തിരക്കഥ. മൂവായിരം പെൺകുട്ടികൾക്കിടയിൽ ചെന്നുപെടുന്ന യുവാവെന്നാണ് അടിസ്ഥാന വിവരം. പരസ്യ ചിത്ര മേഖലയിൽ വൻ അനുഭവ സമ്പത്തുള്ള ബിനു പീറ്ററാണ് സംവിധാനം. നിർമ്മാണം സന്തോഷ് പവിത്രം.

You must be logged in to post a comment Login