ആരാധകരുടെ ആ കാത്തിരുപ്പിന് അവസാനം; ബെര്‍ബറ്റോവിനെ വെച്ച് ജെയിംസ് ഇന്ന് പുതിയ തന്ത്രം പരീക്ഷിക്കും

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിര്‍ണായക മത്സരമാണ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയുമായുള്ള പോരാട്ടം. മത്സരത്തില്‍ ഡേവിഡ് ജെയിംസ് വളരെ തന്ത്രപൂര്‍വ്വം ടീമിനെ ഇറക്കിയാല്‍ മാത്രമേ എതിരാളികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ജെയിംസ് പരീക്ഷിക്കുന്ന തന്ത്രം ബെര്‍ബറ്റോവിനെ വെച്ചാണ്.

സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് സ്‌ട്രൈക്കര്‍ പൊസിഷനില്‍ കളിച്ചേക്കുമെന്നാണ് ഡേവിഡ് ജെയിംസ് നല്‍കുന്ന സൂചന. ഇന്നലെ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് അവസാന ഹോം മത്സരത്തില്‍ ഈ തന്ത്രം പയറ്റിയേക്കുമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ സൂചന നല്‍കിയത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ദിമിതര്‍ ബെര്‍ബറ്റോവ് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയ മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞ ജെയിംസ്, അദ്ദേഹം നിലവില്‍ ടീമിന് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെയും പ്രശംസിച്ചു. നാലാം സീസണിന്റെ തുടക്കം മുതല്‍ ബെര്‍ബറ്റോവിനെ സ്‌ട്രൈക്കറായി കാണാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അതിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ട് പോവുകയായിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സില്‍ ബെര്‍ബറ്റോവ് ഗംഭീരമാണെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ടെന്നുമാണ് ജെയിംസിന്റെ പക്ഷം. എതിരാളികള്‍ക്ക് അനുസരിച്ച് താരങ്ങളുടെ പൊസിഷന്‍ നിശ്ചിയിക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ രീതി. ചെന്നൈക്കെതിരെ അത് കൊണ്ടു തന്നെ മുന്‍ നിരയില്‍ ബള്‍ഗേറിയന്‍ താരത്തെ കണ്ടേക്കാം. കേരളാ പരിശീലകന്‍ പറഞ്ഞു നിര്‍ത്തി.

അതേസമയം നിര്‍ണ്ണായക മത്സരത്തില്‍ പുറത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധതാരം ലാല്‍റുവാത്താര ഇന്ന് തിരിച്ചെത്തും. നാലു മഞ്ഞക്കാര്‍ഡുകള്‍ ഏറ്റുവാങ്ങിയതിനാല്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരത്തില്‍ റുവാത്താരയ്ക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. റുവാത്താരയ്ക്ക് പകരം പ്രതിരോധതാരത്തെ ഇറക്കാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയത്. കെ പ്രശാന്തായിരുന്നു താരത്തിന്റെ അഭാവത്തില്‍ വിംഗറുടെ റോള്‍ ഏറ്റെടുത്തത്.

അവസാനം കളിച്ച നാലു മത്സരങ്ങളില്‍ പരാജയമറിയാത്ത ബ്ലാസ്റ്റേഴ്‌സ് വലിയ ആവേശത്തിലാണ് കളത്തിലിറങ്ങുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രവേശനത്തിന് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയം നേടുകയും മറ്റുള്ള ടീമുകളുടെ ഒന്നോ രണ്ടോ മത്സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും സെമി ഫൈനലിലെത്താന്‍ കേരളത്തിന് കഴിയും. 16 മത്സരങ്ങളില്‍ 24 പോയിന്റുള്ള കേരളം നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ് സിയാകട്ടെ 16 മത്സരങ്ങളില്‍ 28 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.

You must be logged in to post a comment Login