ആരാധകര്‍ കാത്തിരുന്ന പോരാട്ടം ഇന്ന്; ഏഷ്യാകപ്പില്‍ ജയം മാത്രം ലക്ഷ്യമിട്ട് ചിരവൈരികള്‍ ഏറ്റുമുട്ടും

ഇന്ത്യയും പാകിസ്താനും കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് ആവേശം കൂടുതലായിരിക്കും. ഇന്ത്യയുടേയും പാകിസ്താന്‍ക്കാരുടേയും രണ്ടാം വീട് എന്നറിയപ്പെടുന്ന ഷാര്‍ജയിലോ ദുബായിയിലോ ആണ് ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം നടക്കുകയെങ്കില്‍ ആഘോഷത്തിന്റെയും ആവേശത്തിന്റെയും അളവ് കൂടും എന്നതില്‍ സംശമില്ല.

അതുകൊണ്ട് തന്നെയാണ് ഏഷ്യ കപ്പിലെ മത്സരക്രമം തീരുമാനിച്ചപ്പോള്‍ ദുബായ് ആസ്ഥാനമായുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഉറപ്പ് വരുത്തിയത് ഇന്ത്യ-പാകിസ്താന്‍ മത്സരമാണ്. മത്സരക്രമം ഐസിസിയും ആരാധകരും ആഗ്രഹിച്ച പോലെ ആയാല്‍ ഇന്ത്യയും-പാകിസ്താനും  ഇനിയും   മൂന്ന് തവണ ഏറ്റുമുട്ടും.

2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താന്‍ 180 റണ്‍സിന് വിജയിച്ചിരുന്നു. ലണ്ടനിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫഖര്‍സമാന്റെ സെഞ്ചുറിയുടെ ബലത്തിലാണ് പാകിസ്താന്‍ വിജയിച്ചത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 338 എന്ന സ്‌കോറാണ് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്.

ഇന്ത്യയ്ക്കു മറക്കാനുള്ളത് ആ തോല്‍വി മാത്രമല്ല. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയം കൂടിയാണ്. കണക്കുകളില്‍ ഇന്ത്യയ്ക്കും പാകിസ്താനും മുന്‍തൂക്കമുണ്ട്. ഇരു ടീമുകളും പരസ്പരം ആകെ 196 മത്സരങ്ങള്‍ കളിച്ചതില്‍ പാകിസ്താന്‍ 86 മത്സരങ്ങള്‍ ജയിച്ചു. ഇന്ത്യ 67 കളികളും. എന്നാല്‍ ഏഷ്യ കപ്പില്‍ ഇന്ത്യ പൊടിക്ക് മുന്നില്‍ നില്‍ക്കുന്നു.12 കളികളില്‍ ഇന്ത്യ ആറെണ്ണം ജയിച്ചപ്പോള്‍ പാകിസ്താന്‍ അഞ്ച്. ഒരു കളി ഫലമില്ലാതെ പോയി.

ഇന്ത്യ-പാക് പോരാട്ടത്തിലെ ടീം സ്‌ക്വാട്

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡ, കേദാര്‍ ജാദവ്, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ശാര്‍ദ്ദൂല്‍ ഠാക്കൂര്‍, ദിനേഷ് കാര്‍ത്തിക്, ഖലീല്‍ അഹ്മദ്.

പാകിസ്താന്‍- സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍-വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇമാമുല്‍ ഹഖ്, ബാബര്‍ അസം, ഷാന്‍ മസൂദ്, ശുഐബ് മാലിക്, ഹാരിസ് സൊഹൈല്‍, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഹസന്‍ അലി, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഖാന്‍, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, മുഹമ്മദ് ആമിര്‍.

You must be logged in to post a comment Login