ആരോഗ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്താന്‍ ചെക്‌പോസ്റ്റില്‍ പരിശോധന ഇല്ല

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്താന്‍ ചെക്‌പോസ്റ്റില്‍ പരിശോധന ഇല്ല. ഒരു ദിവസം കൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന അവസാനിച്ചു.അമരവിളയിലൂടെ പരിശോധനയില്ലാതെ ദിനംപ്രതിയെത്തുന്നത് മുപ്പതിലേറെ ലോഡുകളാണ്. കോട്ടയം, എറണാകുളം ജില്ലകളിലേക്കാണ് മത്സ്യം കൊണ്ടുപോകുന്നത്. പരിശോധനയ്ക്ക് ഉന്നതനിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ്  ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും എന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതാണ്.

ശക്തമായ നടപടിക്കുശേഷവും കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊല്ലം ആര്യങ്കാവില്‍നിന്ന് ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയ  9500 കിലോ മീനാണ് പിടിച്ചെടുത്തത്.  രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് മീന്‍ എത്തിച്ചത്. 7000 കിലോ ചെമ്മീനും 2500കിലോ മറ്റ് മല്‍സ്യങ്ങളുമാണ് പിടികൂടിയത്. കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പാലക്കാട്ട് പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ സ്ഥിരീകരിച്ചു. ഒരു കിലോ മീനില്‍ 4.1 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. വാളയാറില്‍ ആറായിരം കിലോ മീനാണ് പിടികൂടിയത്.

You must be logged in to post a comment Login