ആരോപണ വിധേയനായ ഷംസീർ മറുപടി നൽകാത്തതിൽ ദുരൂഹതയുണ്ടെന്ന് കെ.മുരളീധരൻ

സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തിൽ ആരോപണ വിധേയനായ എ.എൻ ഷംസീർ എംഎൽഎ സഭയിൽ മറുപടി പറയാത്തതിൽ ദുരൂഹതയുണ്ടെന്ന് വടകരയിലെ നിയുക്ത എംപി കെ മുരളീധരൻ. ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി തലശ്ശേരിയിൽ നടത്തുന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. കേസിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈ കെട്ടിയിരിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

വിഷയത്തിൽ നിയമസഭയിൽ ഇതുവരെ വിശദീകരണം നൽകാൻ പോലും എ.എൻ ഷംസീർ തയ്യാറായിട്ടില്ല. ഇതിൽ ഏറെ ദുരൂഹതകളുണ്ടെന്നും മുരളീധരൻ പറഞ്ഞു. എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യുക, കേസിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തലശ്ശേരിയിൽ ഇന്ന് ഡിസിഡി പ്രസിഡന്റ് സതീശൻ പാച്ചേനി ഉപവാസം ആരംഭിച്ചിരിക്കുന്നത്. അതേ സമയം കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ നസീറിനെ ആക്രമിക്കാൻ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

You must be logged in to post a comment Login