ആര്‍എസ്എസിന് രക്തദാഹം അടങ്ങുന്നില്ല; കൊലപാതകം നടത്തി കള്ളം പ്രചരിപ്പിക്കുന്നെന്ന് പിണറായി

pinarayi

ചേര്‍ത്തല: ആര്‍എസ്എസിന് രക്തദാഹം അടങ്ങുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആര്‍.എസ്എസ് കൊലപാതകങ്ങള്‍ നടത്തി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചില ശക്തികള്‍ നാടിനെയാകെ കുരുതിക്കളമാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. വര്‍ഗീയ ശക്തികളാണ് ഇതിന് പിന്നില്‍. രാജ്യത്താകെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് തങ്ങള്‍ക്കനുകൂലമാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. ചേര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

നാട്ടില്‍ സമാധാനം ഉണ്ടാകരുതെന്നാണ് ആര്‍.എസ്.എസിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയാണ് ആര്‍എസ്എസ് അക്രമണോത്സുകത കാണിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേ സമയം കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐഎമ്മിനെതിരെയും പിണരായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കണ്ണൂരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ജി.വി.എല്‍ നരംസിംറാവു ആരോപിച്ചു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമങ്ങളില്‍ മുഖ്യമന്ത്രിക്ക് ധാര്‍മികപരാമായ ഉത്തരവാദിത്വമുണ്ടെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എയും പറഞ്ഞു. രാഷ്ട്രീയ കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കേരളത്തിലെ ബിജെപി വക്താവ് എംഎസ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. പിണറായി ഗുണ്ടാ നേതാവിനെ പോലെയാണ് പെരുമാറുന്നതെന്ന് എംഎസ് കുമാര്‍ ആരോപിച്ചു.

You must be logged in to post a comment Login