ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐഎം; സംസ്ഥാനത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

 

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നു കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്‌ ഹര്‍ത്താല്‍.

ആര്‍എസ്എസ് കാര്യവാഹക് രാജേഷ് (34) ആണ് കൊല്ലപ്പെട്ടത്. ശ്രീകാര്യം കല്ലംപള്ളിയില്‍ വച്ച് കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. ആക്രമണത്തില്‍ രാജേഷിന്റെ കൈപ്പത്തി പൂര്‍ണമായും അറ്റുപോയിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി തലസ്ഥാനത്തെ നഗരപ്രദേശത്ത് ബിജെപി-സിപിഐഎം സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.

രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. വെട്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് കൈപ്പത്തിക്ക് വെട്ടേറ്റത്. തുടര്‍ന്ന് മുഖത്തും കയ്യിലും കാലിലും വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രാജേഷിനെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അപ്രതീക്ഷിതമായ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസത്തില്‍ ഖേദമുണ്ടെന്നും എന്നാല്‍ ബിജെപിയേയും ആര്‍എസ്എസിനേയും ഇല്ലാതാക്കാനുള്ള സിപിഎം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും കുമ്മനം പറഞ്ഞു.

രാജേഷിന്റെ മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ മൃതദേഹം കണ്ട ശേഷമാണ് ഞായറാഴ്ച്ച ഹര്‍ത്തലായിരിക്കുമെന്ന്  പ്രഖ്യാപിച്ചത്.

തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച രാത്രി സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം എതിര്‍ കേന്ദ്രങ്ങളില്‍ അക്രമ തേര്‍വാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാനസമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. സംഭവങ്ങള്‍ക്ക് അയവ് വന്നുവെന്ന് കരുതിയതിനു പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചത്.

നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടായെങ്കിലും ശ്രീകാര്യം മേഖലയില്‍ അന്തരീക്ഷം സമാധാനപരമായിരുന്നു. പെട്ടെന്ന് ഇവിടെ ഇത്തരമൊരു ആക്രമണം ഉണ്ടാവാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചത്.

You must be logged in to post a comment Login