ആര്‍ട്ട് ഗ്യാലറിയുടെ അകത്തളം തേടി

 

സാജു തുരുത്തില്‍ / ചന്ദ്രികാ ബാലകൃഷ്ണന്‍

പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ട് തറയില്‍ തീര്‍ക്കുന്ന കളങ്ങള്‍ കേരളീയ നാട്യകലകളിലെ ചതുര്‍വിധാഭിനയ സങ്കല്പത്തില്‍ വളരെ സ്വാധീനമുളവാക്കിയിട്ടുണ്ട്. സര്‍പ്പക്കളങ്ങള്‍ പ്രാക്തനകാലം മുതല്‍ കേരളത്തില്‍ നിലവിലിരുന്ന സര്‍പ്പാരാധ സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാന കലയെ പ്രതിനിധാനം ചെയ്യുന്നു. കൈവിരലുകളും ഓലകഷണങ്ങളുപയോഗിച്ചുണ്ടാക്കുന്ന ഈ ത്രിമാന ചിത്രങ്ങളുടെ വിചിത്രത വിസ്മയാവഹമാണ്.പല തരത്തിലുള്ള ആരാധന രീതികളുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം സര്‍പ്പകളങ്ങള്‍ നമുക്കുണ്ട്. അതെല്ലാം അനുഭവവേദ്യവുമാണ്. കാരണം സര്‍പ്പകെട്ടുകളുടേയും സര്‍പ്പ ശിരസ്സിന്റേയും വിവിധങ്ങളായ രൂപ കല്പനകളിലൂടെ നടമാടുന്ന ഈ വൈവിധ്യം മൂലം. പരമ്പരാഗതമായി ഉപയോഗിക്കുന്ന മഞ്ഞള്‍പൊടി, കരിപ്പൊടി, വാകപ്പൊടി, ചുണ്ണാമ്പ് എന്നീ പ്രകൃതിദത്ത ചേരുവകളാണ് ഈ ധൂളി ചിത്രരചനാ ഉപാധികള്‍. കാളീപൂജ. ബ്രാഹ്മണപൂജാപത്മങ്ങള്‍ എന്നിവയ്ക്കായി എഴുതിയുണ്ടാക്കിയ ചിത്രങ്ങളില്‍ വര്‍ണ്ണപൊടിയായും ഇതു ഉപയോഗിക്കുന്നുണ്ട്. അടിസ്ഥാനനിറമായ നീലനിറം ഇവയില്‍ ഉപയോഗിച്ചു കാണാത്തതും ഒരു പ്രത്യേകതയാണ്.

ക്ഷേത്രഭിത്തികളില്‍ വെള്ളച്ചായം പൂശി ചായില്യം, മനയോല, കോലരക്ക്, അമരിനീലം, എണ്ണക്കരി, കടുക്ക, പുകയിലപൊടി, കൂവളപ്പശ, പഞ്ചമന്‍ പഴുക്ക, തേക്കിന്‍ കുരുന്ന് എന്നിവ ഉപയോഗിച്ചു രചിച്ച ചിത്രങ്ങള്‍ വര്‍ണ്ണ വ്യത്യാസങ്ങള്‍ കൊണ്ട് നിഴലിച്ച ഉദാത്ത ഭാവനാ സൃഷ്ടികളുടെ നിദര്‍ശനങ്ങളായി ഇന്നും നിലനില്‍ക്കുന്നു. ഇത്തരം ചുവര്‍ചിത്രങ്ങളിലും കളങ്ങളിലും പ്രകടനാതീത ഭാവനാവര്‍ണ്ണവിന്യാസം, കരവിരുത് മുതലായവയുടെ ശ്രേഷ്ഠ- ഉജ്ജ്വലത രമണീയമാണ്. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന തനതു വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് ചുമരില്‍ ചിത്രരചന നടത്തുന്ന രീതിയാണ് ചുമര്‍ ചിത്രകല അഥവ മ്യൂറല്‍ പെയിന്റിംഗ്‌സ്. അതിപുരാതന കാലം മുതല്‍ക്കേ ഇന്ത്യയില്‍ ( ബി.സി. രണ്ടാം നൂറ്റാണ്ട്- ഏ.ഡി. എട്ടാം നൂറ്റാണ്ട്) നിലനിന്നു പോരുന്ന ഈ കലയില്‍ കേരളം രണ്ടാം സ്ഥാനം അര്‍ഹിക്കുന്നു. അത് ഇവിടെ ഒരു കാലത്ത് ആചാരാനുഷ്ഠാന കലയും പ്രമേയവുമായിരുന്നു. അടുത്ത ഒരു ഇടവേളവരെ മ്യൂറലിന്റെ പ്രധാന്യത്തെക്കുറിച്ചും ഈ ചിത്രരചനാ രീതിയെക്കുറിച്ചും മനസ്സിലാക്കുവാനും കാണുവാനും മറ്റും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണമായിരുന്നു ഇന്നത് മാറി വന്നതിന്റെ തെളിവുകളാണ് ആര്‍ട്ട് ഗ്യാലറികള്‍.

ആദി ശങ്കരന്റെ ജന്മനാടായ കാലടിയെന്ന പുണ്യ ഭൂമിയിലെ സംസ്‌കൃത സര്‍വ്വകലാശായ്ക്കകത്തുള്ള കാഴ്ചകള്‍ കണ്ട് ആസ്വദിക്കുവാന്‍ ഒരു അപൂര്‍വ്വാവസരം ലഭിച്ചത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. അവിടെ പെയ്‌തൊഴിഞ്ഞ മഴയില്‍ കുളിച്ചു നില്‍ക്കുന്ന ഇലകളുടെ ഇലത്താളങ്ങള്‍ക്കൊപ്പം അനവധി കിളിക്കൊഞ്ചലുകള്‍. യൗവ്വനങ്ങളുടെ വസന്തം പൂക്കുന്ന നടപ്പാതകള്‍, വൃക്ഷച്ചുവടുകള്‍, കോറിഡോറുകള്‍, ക്യാന്റീന്‍ എന്നിവ പിന്നിട്ടു കാമ്പസ്സിനു പുറത്തു കടന്ന് ഏകദേശം ഒരു കിലോ മീറ്റര്‍ ദൂരത്തായി വാഹനം ചെന്നുനിന്നു. ഗേറ്റിന്റെ ചതഞ്ഞരഞ്ഞ കരച്ചില്‍. ഉമ്മറത്തിണ്ണയിലെ വളര്‍ത്തുനായ അപരിചിതരെ കണ്ട് വരവറിയിച്ചു.

കേരളത്തിലെ പ്രത്യേകിച്ച് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടതെന്ന് പറയുവാനുതകുന്ന ഒരു ആര്‍ട്ട് ഗ്യാലറിയെക്കുറിച്ചു കേട്ടറിഞ്ഞുള്ള അന്വേഷണം ചെന്നെത്തിയത് കാലടി സര്‍വ്വകലാശാലയിലെ ചിത്രകലാ അസിസ്റ്റന്റ് പ്രൊഫസ്സറും മ്യൂറല്‍ വിഭാഗം തലവനും പ്രസിദ്ധ ചുമര്‍ ചിത്രകലാകാരനുമായ സാജു തുരുത്തിലിന്റെ വീടും ചിത്രശാലയുമായ ‘ആര്‍ട്ട് & മൈന്‍ഡി’ലാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഈ പെയിന്റിംഗിന്റെ അനന്ത സാധ്യതകളെ കണക്കിലെടുത്ത് തന്റെ വന്ദ്യ ഗുരുക്കന്മാരെ മനസ്സില്‍ മുന്‍നിര്‍ത്തി ഈ കല, കേരളത്തില്‍ അന്യം നിന്നു പോകാതിരിക്കുവാനും ഭാവിതലമുറയ്ക്ക് കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും തന്റെ വീടു തന്നെ ഉപകരിക്കട്ടെ എന്ന് ദൃഢമായി വിശ്വസിച്ച് ആര്‍ട്ട് ഗ്യാലറിക്കു രൂപം നല്‍കി,സ്വന്തം കരവിരുതില്‍ രൂപപ്പെടുത്തി നിര്‍മ്മിച്ചു.
വിലയ്ക്കു വാങ്ങിയ വീട് ചില ഭാഗങ്ങള്‍ ഭേദഗതികള്‍ ചെയ്ത് സമൂഹ നന്മയ്ക്കായി അവിടെ, വരുന്നവര്‍ക്കായി വിരുന്നൊരുക്കുന്നു ഈ മ്യൂറല്‍ കലാകാരന്‍ നല്ല വൈദഗ്ധ്യത്തോടെ, ബുദ്ധി കൂര്‍മ്മതയോടെ, അതിലേറെ തന്റെ കലാ നൈപുണ്യതയും ചാരുതയും ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും ഉപയോഗിക്കുന്ന ഏതൊരു വസ്തുവിലും, അതായത് തന്റെ വീട് തുറന്ന ഒരു ചിത്രപുസ്തകം കണക്കെ വീട്ടിലെ അടുക്കളവരെ പൊതുഇടം എന്നരീതിയില്‍ ആ ആര്‍ട്ട് ഗ്യാലറിയാക്കിയിരിക്കുന്നു. പ്രത്യേകിച്ച് പഠനാവശ്യങ്ങള്‍ക്കായി വരുന്ന ദേശ- വിദേശക്കാര്‍ക്കും ഏറെ ഗുണാത്മക രീതിയില്‍ വളരെ അടുക്കും ചിട്ടയോടെ നൂതന സാങ്കേതിക വിദ്യകളാല്‍ ഉപകരണങ്ങളിലും നിത്യോപയോഗ വസ്തുക്കളിലും പെയിന്റിംഗ് ശ്രദ്ധയോടെ ക്രമീകരിച്ചിരിക്കുന്നു. കേരളത്തിലെ ഇങ്ങിനെയൊരു ആര്‍ട്ട് ഗ്യാലറിക്ക് അര്‍ഹിക്കുന്ന പ്രശസ്തി ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം പരസ്യത്തിന്റെ ചുവടുപിടിച്ചു നീങ്ങാതെ തന്റെ കരവിരുത് ശരിയായി ആസ്വദിക്കുന്നവരിലാണ് ഇദ്ദേഹം സന്തോഷവും സംതൃപ്തിയും കാണുന്നത്. ഗ്യാലറി സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി സുസ്വാഗതമോതി ഇവിടെ വാതയനങ്ങള്‍ തുറന്ന് വച്ചിരിക്കുന്നു.

ചിത്രകലാപഠനത്തിന്റെ ഭാഗമായുള്ള അന്വേഷണ പഠനങ്ങള്‍ക്ക് വളരെയധികം പ്രയോജന പ്രദവുമായ ആ ഗ്യാലറിയില്‍ ചിത്രകാരന്‍ താനാദ്യമായി വരച്ച ചിത്രം മുതല്‍ അടുത്തിടെ വരച്ച ചിത്രം വരേയും ക്രമീകരിച്ചിരിക്കുന്നു. കൂടായെ ഉണങ്ങിയ കടലാസ്സു പൂക്കളാല്‍ ഒരുക്കി വച്ചിരിക്കുന്ന ഒരു കലാസൃഷ്ടിയും, അകത്തളങ്ങളെ അലങ്കരിക്കുന്ന മനോഹരമായ കുറ്റിച്ചെടികളും പ്രകൃതിയില്‍ നിന്നു വരയ്ക്കായ് ശേഖരിച്ച കല്ലുകളും, ചായക്കൂട്ടുകളും ഇലച്ചാറുകളും വര്‍ണ്ണപൊടികളും ചിത്രരചനാ സാമഗ്രികളും മറ്റു ഉപകരണങ്ങളും കണ്ണിനിമ്പമേറിയ കാഴ്ചകള്‍ തന്നെ. മ്യൂറല്‍ പെയിന്റിംഗ് ചെയ്ത ഇരിപ്പിടങ്ങള്‍ മുതല്‍ അവിടുത്തെ ഗൃഹോപകരണ സാമഗ്രികളും കൂടാതെ അവിടെയുള്ള എല്ലാ വസ്തുക്കളിലും ഈ തനതു പെയിന്റിഗിന്റെ സ്വാധീനമുള്‍ക്കൊണ്ടിരിക്കുന്നു. ഒഴുകിയെത്തുന്ന സംഗീതത്തോടൊപ്പം അവിടമാകെ വിരിയുന്ന ദീപ്ത പ്രകാശം മറ്റൊരു മനം കവരുന്ന കാഴ്ചയാണ്. ആ പ്രകാശത്തില്‍ നാമവിടെ സ്വയം മറന്നു നില്‍ക്കും. കാരണം ഈ ചിത്രങ്ങള്‍ നമ്മെ മാടിവിളിച്ച് അടുത്ത് നിറുത്തുന്നു. അത്രയ്ക്ക് പ്രയത്‌നമുള്‍ക്കൊണ്ട് വരച്ചിരിക്കുന്നതിനാല്‍ അറിയാതെ അതില്‍ ലയിച്ചു ചേരുന്നു. വില കൂടിയ ഗുണമേന്മയേറിയ ബള്‍ബുകളുടെ കണ്‍ചിമ്മലും അവ പരത്തുന്ന പ്രകാശവും ആ സംഗീതവും നമ്മെ ഒരു ധ്യാനത്തിന്റെ വലയത്തിലേക്ക് കൈപിടിച്ച് നടത്തുന്നു. മനസ്സ് ഏകാഗ്ര ചിത്തമായി വര്‍ണ്ണ രേണുക്കളുടെ ലോകത്ത് ദൃശൃഭംഗിയുടെ മാസ്മരിക പ്രപഞ്ചത്തിലേക്ക് എത്തുമ്പോള്‍ നമ്മുടെ വൃഥകളും വ്യാധികളും അല്പനേരം മറക്കുന്നതിനും പ്രയോജനപ്രദമാകുന്നു. ആദ്യം ആര്‍ട്ട് ഗ്യാലറിയായും പിന്നീട് ഭാര്യ ചൈല്‍ഡ് സൈക്കോളജിസ്റ്റായി മാറിയപ്പോള്‍ ഇതിന് ആര്‍ട്ട് & മൈന്‍ഡ് എന്ന പേരിടുകയാണ് ചെയ്തത്. മ്യൂറലിന്റെ വിശദാംശങ്ങളെക്കുറിച്ച് അറിയുവാന്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്…

? ഏതൊക്കെ വര്‍ണ്ണങ്ങളാണ് ഉപയോഗിക്കുന്നത്? അവ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദീകരിക്കാമോ

പ്രകൃതിദത്തമായി കിട്ടുന്ന കല്ലുകള്‍ പൊടിച്ചോ അരച്ചോ എടുത്ത് വെള്ളത്തില്‍ കലക്കിയെടുത്ത്, ഇലച്ചാറുകള്‍, എണ്ണ വിളക്കിലെ കരി, പൊടികള്‍, അര്യവേപ്പിന്‍ പശ, കരിക്കിന്‍ വെള്ളം തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഒരു പ്രത്യേകാനുപാതത്തില്‍ തയ്യാറാക്കി വര്‍ണ്ണങ്ങള്‍ രൂപപ്പെടുത്തുന്നു. ചുമര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വര്‍ണ്ണങ്ങള്‍ ഇന്നും പ്രാചീനകാലം മുതല്‍ക്കു നിലനില്‍ക്കുന്ന ഈ അനുപാത ക്രമരീതികളെ മുന്‍നിര്‍ത്തി അനുവര്‍ത്തിക്കുന്നു.
നൂറ്റാണ്ടു പഴമക്കാര്‍ന്ന ഈ ശൈലീ സവിശേഷത തന്നെയാണിന്നും നിലനില്‍ക്കുന്നത്. ചുവപ്പ്, മഞ്ഞ,പച്ച, കറുപ്പ്, വെളുപ്പ് എന്നീ അഞ്ചു നിറങ്ങള്‍ ഉപയോഗിച്ചാണ് ബി.സി രണ്ടാം നൂറ്റാണ്ട് മുതല്‍ എ. ഡി എട്ടാം നൂറ്റാണ്ട് വരെയുളള കാലത്ത് ഉപയോഗിച്ചിരുന്ന വര്‍ണ്ണങ്ങള്‍. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി വന്നതിനു ശേഷം കട്ടനീലം, ഇന്‍ഡിഗോ കളര്‍ ലഭിച്ചു. ഇന്ദ്രനീല കല്ല് പൊടിച്ചത് ചേര്‍ത്തു തുടങ്ങിയത് കൊല്ലവര്‍ഷം 1600 ഓടെയാണ്. പച്ച കളറിന്റെ അടിയില്‍ കോപ്പര്‍ സള്‍ഫേറ്റ് ലായനി ഒഴിച്ച് കഴുകാറുണ്ട്. അത് കീടാണുക്കളെ അകറ്റുന്നതിനാണ്. മുമ്പൊക്കെ ചെമ്പു കഷണം മണലില്‍ കുഴിച്ചിടും. പിന്നീടത് നീലക്കട്ടയാകും. അതെടുത്ത് കഴുകിയ ലായനിയാണ് ചുമരില്‍ പച്ചകളറിനിടയില്‍ ഒഴിക്കുന്നത്. ചെമ്പു പാത്രങ്ങളില്‍ മണ്ണു ശേഖരിച്ച് അതില്‍ വെള്ളമൊഴിച്ചെടുത്ത് കഴുകുമായിരുന്നു. ചുവപ്പ്, മഞ്ഞ എന്നീ കളറുകള്‍ പ്രകൃതിയിലുള്ള കല്ലുകളില്‍ നിന്ന് എടുക്കുന്നു. ഇവ ഇടിച്ചോ പൊടിച്ചോ എടുത്ത് വെള്ളത്തില്‍ കലക്കി ആര്യവേപ്പിന്റെ പശ ചേര്‍ത്ത്, പച്ച കളറിന് നീലയമരി ചാറ്, വെള്ള നിറത്തിന് ചുണ്ണാമ്പ്, എന്നിവ കരിക്കിന്‍ വെള്ളത്തില്‍ കലക്കി വൈറ്റ് വാഷ് ചെയ്യുന്നു. കറുപ്പ് വര്‍ണ്ണത്തിന് എണ്ണ വിളക്കിലെ കരിയും ഉപയോഗിക്കുന്നു. രവിവര്‍മ്മയുടെ കാലത്ത് അദ്ദേഹം പോര്‍ച്ച്ഗീസുകാരില്‍ നിന്നും വര്‍ണ്ണ പൊടികള്‍ സംഗ്രഹിച്ച് വരച്ചിരുന്നു. അതിനുശേഷമാണ് കേരളത്തില്‍ വര്‍ണ്ണ പൊടികളുടെ ഉപയോഗം പ്രചാരത്തില്‍ വന്നത്.
? പ്രാദേശിക കല്ലുകളെ വേര്‍തിരിക്കുമ്പോള്‍ ചിത്രങ്ങളില്‍ വരുന്ന മാറ്റത്തെ പറ്റി പറയാമോ
ഗുരുവായുരിനടുത്ത് കൂനംമുച്ചി എന്ന സ്ഥലത്തെ കല്ല് വയലറ്റ് കലര്‍ന്ന ചുവപ്പാണ്. കോട്ടയം ഭാഗത്ത് കട്ടചുവപ്പ് (പീക്ക് റെഡ്) ആണ്. അതുകൊണ്ട് അവിടുത്തെ ചിത്രങ്ങള്‍ക്ക് ചുവപ്പു കൂടുതലാണ്. ഇവിടെയൊക്കെ കിണര്‍ കുഴിക്കുമ്പോള്‍ കിട്ടുന്ന കല്ലില്‍ നിന്നാണ് മഞ്ഞയും ചുവപ്പും എടുക്കുന്നത്. കൊല്ലുര്‍ മൂകാംബികയിലെ കല്ലും ചിത്രരചനയ്ക്കായി എടുക്കുന്നു.
? സാധാരണ ഫ്രെയിമിലും ക്ഷേത്രങ്ങളിലെ വരയ്ക്കും എത്ര ദിവസങ്ങള്‍ എടുക്കാറുണ്ട്
സാധാരണ ഫ്രെയിമില്‍ വരയ്ക്കുന്നതിന് ക്യാന്‍വാസ് സെറ്റ് ചെയ്ത് കഴിഞ്ഞ് ഫ്രെയിമില്‍ അടിച്ചു കേറ്റും. വരയ്ക്കാന്‍ രണ്ടുമാസമെങ്കിലും എടുക്കും. ക്ഷേത്രങ്ങളില്‍ ചുവരിന്റെ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞാല്‍ വര തുടങ്ങും. ചിലത് വേഗത്തിലും മറ്റു ചിലത് സമയ ദൈര്‍ഘ്യം എടുത്തു ചെയ്യുന്നു.

? ക്ഷേത്രങ്ങളില്‍ ഈ കല വരക്കുന്ന രീതിയെക്കുറിച്ച വിശദീകരിക്കാമോ

ക്ഷേത്രങ്ങളില്‍ വരക്കുമ്പോള്‍ കേന്ദ്രീകൃതമായ മനസ്സ് സജ്ജമായാല്‍ മാത്രമെ വരച്ചു തുടങ്ങാനാകൂ. ഇവിടെ നേരിട്ട് ക്യാന്‍വ്യാസിലേക്ക് അല്ലാത്തതു കൊണ്ട് പലപ്രാവശ്യം സ്‌കെച്ചിടാമെന്ന സാധ്യതയുണ്ട്. കൂടാതെ ചുമര്‍ ഒരുക്കുമ്പോഴേക്ക് മനസ്സ് ധ്യാനനിരതമായി നിറയും. പിന്നീട് വരയ്ക്ക് തയ്യാറെടുത്ത മനസ്സ് വന്നാല്‍ വര ആരംഭിക്കാം. ക്ഷേത്ര ചുമരുകളില്‍ ദൈവീക സങ്കല്പങ്ങളാണ് വരയ്‌ക്കേണ്ടതെന്നതിനാല്‍ സ്തുതി ഗീതം മനസ്സിലുരുവിട്ടു ധ്യാനം നടത്തണം.
ഉദാ: പിതാംബരം കരവിരാചിത.. ചക്ര ശംഖ കൗമോദകി സരസിജം… എന്നു തുടങ്ങുന്ന ശ്ലോകം. ഇങ്ങിനെയുള്ള സ്തുതിപ്പുകളാണ് ചുമര്‍ ചിത്രകലയുടെ ഇലസ്‌ട്രേഷനായി വരുന്നത്. പണ്ട്, രാജാക്കന്മാരുടെ കാലത്ത് ദേവസങ്കല്പങ്ങള്‍ ഇറോട്ടിക്കല്‍ വെര്‍ഷന്‍ ആയി കണ്ട് വരക്കുകയായിരുന്നു

? ക്ഷേത്ര ചുമരിലെ പ്രതലം ഒരുക്കുന്ന രീതിയെക്കുറിച്ച് വിശദീകരിക്കാമോ

വെട്ടുകല്ലിലോ കരിങ്കല്ലിലോ തീര്‍ത്ത ഭിത്തിയിലേക്ക് ചുണ്ണാമ്പ്, മണല്‍, പഞ്ഞി, പാളയന്‍കോടം പഴം എന്നിവ ചേര്‍ത്തരച്ച് പരുക്കനിടും. അതിനുശേഷം ചുണ്ണാമ്പും മണലും പഞ്ഞിയും ചേര്‍ന്ന മിശ്രിതം മൂന്ന് പപ്പട കനത്തില്‍ തേച്ച് മിനുസപ്പെടുത്തണം. പിന്നീട് കരിക്കിന്‍ വെള്ളത്തില്‍ ചുണ്ണാമ്പു ചേര്‍ത്ത് കലക്കി പശുവിന്‍ പാലിന്റെ നേര്‍മ്മയില്‍ 28 പ്രാവശ്യം വൈറ്റ് വാഷ് ചെയ്യും. ഇത് നിലനിര്‍ത്തി കൊണ്ട് ഈ പ്രതലത്തിലേക്ക് ആദ്യം മഞ്ഞ, പിന്നെ•ചുവപ്പ് പിന്നെ പച്ച എന്നിവ കൊണ്ട് വര തുടങ്ങും.

? ചുമരില്‍ വരക്കുമ്പോള്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്.

ചുമരിന്റെ ഘടനയും ഉറപ്പും ഇത് വരക്കുന്നതിനു പോല്‍ബലകമായിരിക്കണം. സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന തരത്തിലുള്ള ചുമരുകള്‍ ഒഴിവാക്കണം. ഈര്‍പ്പം കെട്ടി നില്‍ക്കാത്തതും നല്ല വായു സഞ്ചാരം ലഭിക്കുന്നതുമായ ചുമര്‍ വേണം വരക്കുവാനായിട്ട്. ഇതെല്ലാം ശ്രദ്ധിച്ചതിനാലാണ് അജന്ത- എല്ലോറ തുടങ്ങി പ്രസിദ്ധി പെറ്റ ഇടങ്ങളിലെ ചിത്രങ്ങള്‍ ഇന്നും കേടു കൂടാതിരിക്കുന്നത്.

? ആരൊക്കെയാണ് ഈ ഗ്യാലറിയില്‍ സന്ദര്‍ശകരായി എത്തുന്നത്

ഇന്ത്യയിലെ അനവധി ചിത്ര കലാകാരന്മാക്കു പുറമെ കേരളത്തിലെ നല്ലൊരു ശതമാനം കേള്‍വികേട്ട കലാകാരന്മാര്‍ വിവിധ മേഖലകൡ പ്രവര്‍ത്തിക്കുന്നവര്‍ സംസ്‌കാരിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ കൂടാതെ അഭിനേതാക്കള്‍, മുത്തുകോയ പോലെ പ്രശസ്തരായ ചിത്രകാരന്മാര്‍ എന്നിവര്‍ക്കു പുറമെ വിദേശീയരുമെത്തുന്നു.

? വിദ്യാഭ്യാസത്തില്‍ ചിത്രകലയ്ക്കുള്ള പങ്കെന്ത്

വിദ്യാഭ്യാസത്തിനോടൊപ്പം അവരുടെ വ്യക്തിത്വ വികസനത്തിനും മാനസിക ശ്രദ്ധാവത്കരണത്തിനും ഇത് ഏറെ പ്രധാന്യം നല്‍കുന്നു. പണ്ട്, സ്വന്തം വ്യക്തിത്വത്തിന്റെ കാഴ്ചപ്പാടായിരുന്നു എങ്കില്‍ ഇന്ന് സാമൂഹികമായും സാമ്പത്തികമായും സമൂഹത്തോട് ഇഴപിരിയാത്ത ഒരു ബന്ധമാണ് നമുക്കുള്ളത്. അതുകാരണം മൂല്യബോധം ആദ്യം വിദ്യാര്‍ത്ഥികളില്‍ വളരണം. എന്നാല്‍ മാത്രമേ അവര്‍ സമൂഹത്തിന്റെ നല്ല സന്തതിയായി തീരു. അവരുടെ മാനസികോല്ലാസവും ഇതൊടൊപ്പം നടക്കുന്നതു മൂലം പഠിപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായകമാകുന്നു.
ഞാന്‍ സംസ്ഥാന വിദ്യാഭ്യാസ പാഠ്യപദ്ധതി (കരിക്കുലം) അംഗമാണ്. പാഠ്യപദ്ധതികളില്‍ ആക്ടിവിക്റ്റി ക്ലാസസ്സ് ഉള്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ട് ചുമര്‍ചിത്രകലയ്ക്കും ഒരു സ്ഥാനം തന്നിട്ടുണ്ട്. അതുകൊണ്ട് വരയില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെ പ്രചോദനമാകുന്നു. പള്ളുരുത്തിയില്‍ നിന്ന് 45 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു സംഘം പഠനയാത്ര ലക്ഷ്യമാക്കി ചിത്രകലാസങ്കേത സന്ദര്‍ശനത്തിനായി ഇവിടെ വന്നിരുന്നു. അങ്ങിനെ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥികളേയും കൂട്ടി വരാറുണ്ട്.ലോക ചിത്രകലയെകുറിച്ചറിവ് ലഭിക്കുന്നതിനും ഇവിടെ സൗകര്യ പ്രദമായ സംവിധാനമുള്ളതു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഇത് പ്രയോജനപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നത്. വിദേശ രാജ്യത്തു നിന്നും ഈ ഗ്യാലറി സന്ദര്‍ശിക്കുന്ന ചിത്രകലയിലെ ഉന്നതന്മാര്‍ പല നിര്‍ദ്ദേശങ്ങളും തരുന്നു. അവിടുത്തെ നൂതന സാങ്കേതിക വശങ്ങളെപ്പറ്റി സെമിനാര്‍ ചര്‍ച്ച കൂടാതെ അവിടുത്തെ ഗ്യാലറികള്‍ സന്ദര്‍ശിക്കുന്നതിനു വേണ്ട സൗകര്യം ഒരുക്കിത്തരുക എന്നിവയും ചെയ്യുന്നു.

? വരയുടെ ജനനവും സാഹചര്യവും ഒന്നു വിശദമാക്കാമോ

എന്റെ ജന്മനാടായ എറണാകുളം ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ മൂത്തകുന്നത്ത് പ്രൈമറി തലത്തില്‍ പഠിക്കുമ്പോഴായിരുന്നു വരക്കുന്ന ഒരു ശീലമുണ്ടായി തുടങ്ങിയത്. മനസ്സിലെ ഭാവന കടലാസ്സില്‍ പകര്‍ത്തുക എന്നത് വളര്‍ന്നു വന്നു. അങ്ങിനെ പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ കെമിസ്ട്രി പഠിപ്പിച്ചിരിക്കുന്ന ആനി ടീച്ചര്‍ ക്ലാസില്‍ വരക്കുന്ന കുട്ടികളെ തെരഞ്ഞെത്തിയപ്പോള്‍ കൂട്ടുകാര്‍ എന്റെ പേരു പറഞ്ഞു. വരയ്ക്കുമെങ്കിലും ഒരു മത്സരവേദിയില്‍ അതുവരെ അതിന്റെ മാറ്റുരച്ചു നോക്കിയിട്ടില്ലായിരുന്നു. ഉപജില്ലാ കലോത്സവത്തിന് ഒരു ഐറ്റം ചെയ്യാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റഗോ സറസിന്റെ (പുറകില്‍ ശല്ക്കങ്ങളുള്ള ജീവി) ചിത്രം വരച്ച് സ്‌പോഞ്ചില്‍ സ്റ്റഫ് ചെയ്ത് ഉണ്ടാക്കി നല്‍കി. അതിന് വളരെയധികം അഭിനന്ദനങ്ങള്‍ കിട്ടി, പ്രത്യേകിച്ച് ആനി ടീച്ചറിന്റെ പ്രോത്സാഹനവും അഭിനന്ദനവും സന്തോഷം നല്‍കി. ഒരു ആത്മവിശ്വസം എന്നില്‍ ഉണ്ടാകാനുമത് പ്രാപ്തമാക്കി. പിന്നീട് പ്രീഡിഗ്രി- കഴിഞ്ഞ് ഇനി എന്ത് എന്ന ആലോചനയില്‍ നില്‍ക്കുമ്പോള്‍ അമ്മ എന്റെ വരയെ പ്രോത്സാഹിപ്പിച്ചു സംസാരിക്കുകയും അങ്ങിനെ ഡ്രോയിംഗ് മാഷാകുക എന്ന ലക്ഷ്യത്തില്‍ എത്തി ചേര്‍ന്ന് പഠനത്തിനായി പറവൂരിലെ ചിത്രസദനം എന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തി. ഞാനൊരു സബ്ജക്റ്റ് ടീച്ചര്‍ ഒരിക്കലും ആകില്ല എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. ഇതെങ്കിലും പഠിച്ചാല്‍ ഒരു മാഷ് എന്ന സ്വപ്‌നവും സാക്ഷാത്കരിക്കുമല്ലോ എന്ന ലക്ഷ്യത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയെങ്കിലും അടിസ്ഥാന പഠനം കഴിഞ്ഞവിടെ തുടരുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ബോര്‍ഡ് എഴുതുക എന്ന ജോലിയില്‍ കവിഞ്ഞ് എന്തെങ്കിലും പുതിയ രീതികള്‍ സ്വായത്തമാക്കുവാന്‍ സാധിക്കുകയില്ല എന്ന് ബോധ്യം വന്നു. അവിടെ കണ്ടത് കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തി, ചിത്രകാരന്മാരെന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്നവരെയാണ്. ഈ തട്ടകം വിട്ട് പിന്നീട് തൃപ്പൂണിത്തുറയില്‍ ആര്‍, എല്‍.വി കോളേജിനുസമീപമുള്ള ചിത്രാലയ എന്ന ഫൈന്‍ ആര്‍ട്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുന്നോട്ടുള്ള പഠനത്തിനു ചേര്‍ന്നു. കെ.ജി.ടി. എ ഡിപ്ലോമ കോഴ്‌സ് ആണിത്. ആര്‍. എല്‍.വിയില്‍ അന്ന് സമരം നടക്കുന്നതു കാരണം പുതിയ അഡ്മിഷന്‍ എടുത്തിരുന്നില്ല. അവിടുത്തെ ഗുരുനാഥന്‍ നല്ല പ്രോത്സാഹനം തന്നിരുന്നു. അതുകൊണ്ട് പുറത്തുള്ള ചിത്രകാരന്മാരുടെ ഒരു മാസ്സ് യൂണിറ്റ് വരക്കുന്നത് കണ്ട് പ്രചോദനം ഉണ്ടായി.

? പിന്നീട് ഉണ്ടായ മാറ്റങ്ങള്‍, ആ വഴിത്തിരിവ് ഒന്നു പറയാമോ

രണ്ട് വര്‍ഷത്തെ ഡിപ്ലോമ പഠിത്തതിനു ശേഷം മടങ്ങിയെത്തി കുറച്ചു കഴിഞ്ഞ് അവിചാരിതമായി മൂത്തകുന്നത്ത് എന്റെ ഒരു സുഹൃത്തിനെ കാണുകയുണ്ടായി. അത് വേറൊരു വഴിത്തിരിവായിരുന്നു. അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ ദേവസ്വം മ്യൂറല്‍ പെയിന്റിംഗ് കോഴ്‌സ് നടത്തുന്നുണ്ട്. അതില്‍ ചേര്‍ന്നാല്‍ സ്റ്റൈപ്പന്റും ലഭിക്കും വരയുടെ പുതിയ തലവും കരസ്ഥമാക്കാം എന്നുപദേശിച്ചു. അങ്ങിനെ ഞങ്ങള്‍ രണ്ടുപേരും കൂടി ഗുരുവായൂര്‍ക്ക് യാത്രയായി. ഏകദേശം 300 ഓളം വിദ്യാര്‍ത്ഥികള്‍ വന്നതില്‍ 10 പേരെ മാത്രമെ സെലക്ട് ചെയ്യൂ എന്ന് അറിഞ്ഞു. ഭാഗ്യവശാല്‍ എനിക്ക് അവിടെ സെലക്ഷന്‍ ലഭിക്കുകയും സുഹൃത്തിന് ലഭിക്കാതെ വരികയുമാണുണ്ടായത്. അവിടെയാണ് എന്റെ എന്നിലെ ചിത്രകലയും ചിത്രകാരനും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഗുരുകുല സമ്പ്രദായ രീതിയായിരുന്നു കൂടാതെ വലിയൊരു ക്യാന്‍വാസിലേക്ക് കടന്നു ചെന്നിരിക്കുകയാണെന്നും വരയുടെ വിഭിന്നത നിറഞ്ഞ മുഖവും അവിടെയുണ്ടെന്ന് കണ്ടു മനസ്സിലാക്കി. അങ്ങിനെ പഠനം തുടങ്ങി ആറ്മാസം പിന്നിട്ടപ്പോള്‍ അവിടെയുള്ള അനന്ത സാധ്യതകള്‍ മനസ്സിലായപ്പോള്‍ ഇതുപയോഗിച്ച് ജീവിതം കെട്ടി പടുക്കാനുള്ള തിരിച്ചറിവ് മനസ്സിനെ കീഴ്‌പ്പെടുത്തി. ഗുരു മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ ആയിരുന്നു.വേറെയും ഗുരുക്കന്മാര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം ഗുണങ്ങളും വശങ്ങളും ഇദ്ദേഹത്തില്‍ നിന്നായിരുന്നു കിട്ടിയത്. അഞ്ച് വര്‍ഷം ഗുരുകുല രീതിയില്‍ തന്നെയായിരുന്നു പഠനം. ഇദ്ദേഹത്തിന്റെ ഗുരുവായിരുന്നു പുലാകാട്ട് അച്ചുതന്‍ നായര്‍, അദ്ദേഹത്തിന്റെ ഗുരു കുറുമാമ്പറത്ത് രാമന്‍ നായര്‍. ഇവരുടെ ഈ രണ്ടു കാലഘട്ടത്തിലാണ് മ്യൂറല്‍ പെയിന്റിംഗിന്റെ പ്രസക്തി വ്യാപിച്ചിരുന്നത്.

? ഗുരുവായൂര്‍ ദേവസ്വം നേരിട്ടു നടത്തുന്ന ചുമര്‍ ചിത്രകലാ പഠന കേന്ദ്രത്തെക്കുറിച്ച് ഒന്നും വ്യക്തമാക്കാമോ

 

ചുമര്‍ ചിത്രപഠന കേന്ദ്രം ആന കൊട്ടിലിലാണ്. പണ്ട് ഗുരുവായൂരില്‍ തീപിടുത്തമുണ്ടായിട്ട് അന്നു വരച്ച മ്യൂറല്‍ ചിത്രങ്ങള്‍ പാടേ നശിച്ചു പോയി. പുരുദ്ധാരണം കഴിഞ്ഞ് ഒരു ചുമര്‍ ചിത്ര പഠനകേന്ദ്രം തുടങ്ങുവാന്‍ നിശ്ചയിച്ചു.
മമ്മിയൂര്‍ കൃഷ്ണന്‍ കുട്ടി നായര്‍ എം. ജി ശശിഭൂഷണ്‍, ചന്ദ്രഹാസന്‍ മുതലായവരുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി. കാരണം മമ്മിയൂര്‍ കൃഷ്ണന്‍ കുട്ടി നായര്‍ ആയിരുന്നു അന്ന് ചുമര്‍ ചിത്രകലയുടെ അവസാന കണ്ണിയായിരുന്നത്. അദ്ദേഹത്തിനു ശേഷം ഈ കല അന്യം നിന്ന് പോകാതിരിക്കുവാന്‍ വേണ്ടിയാണ് ഈ പഠനകേന്ദ്രം തുടങ്ങുവാന്‍ നിശ്ചയിച്ചത്. ആദ്യം 10 പേരെ എടുത്താണ് തുടങ്ങിയത് .പിന്നീട് പിന്‍തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. ദേവസ്വം നേരിട്ടു നടത്തുന്ന കോഴ്‌സാണിത്. ഞങ്ങള്‍ ആദ്യത്തെ ബാച്ച് ആയിരുന്നു.
? പിന്നീട് ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍
അവിടെ നിന്നും റാങ്കോടെ പാസ്സായി എത്തിയിരിക്കുമ്പോഴാണ് ഒരു ഇന്റീരിയര്‍ ഡിസൈനറെ പരിചയപ്പെടുന്നതും ജോലി എന്നെ ഏല്പിക്കുന്നതും. പിന്നീട് എന്റെ ഗുരുനാഥന്‍ എന്നോട് പറഞ്ഞതുപോലെ ഈ കലകൊണ്ട് എങ്ങനെ ജീവിക്കാമെന്നു പഠിച്ചു. ക്ഷേത്രങ്ങളിലെ ചുമരില്‍ നിന്നും ഈ കലയെ അടര്‍ത്തി ആസ്ബറ്റോസിലേക്കും പിന്നീട് ക്യാന്‍വാസിലേക്കും ചൈനീസ് പോട്ടുകളിലേക്കും മര ഉരുപ്പടികളിലേക്കുമെല്ലാം 25 വര്‍ഷങ്ങള്‍ക്കു മുമ്പേ വരച്ചു തുടങ്ങി. ഇത് ജനങ്ങളുടെ അടുക്കല്‍ ചെന്നു ചേര്‍ന്നു.
പിന്നീട് വസ്ത്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. അങ്ങനെ മാലിദ്വീപിലേക്ക് ഷര്‍ട്ടുകള്‍ പെയിന്ററു ചെയ്ത് അയച്ചു. മെഡിമിക്‌സിനും കല്യാണ്‍ സില്‍ക്‌സിന്റെ ഛായാമുഖി സാരികള്‍, സൗഗന്ധിക സില്‍ക്കിസ് എന്നീ സാരികള്‍ക്ക് ഡിസൈന്‍ ചെയ്തു. ലോക സുന്ദരി ഐശ്വര്യ റായിയുടെ സാരിയില്‍ മ്യൂറല്‍ പെയിന്റ് ചെയ്തു കൊടുത്തിട്ടുണ്ട്.

? ഗ്യാലറി തരുന്ന സംതൃപ്തി, ഉദ്ദേശം?

അത് വിവരിക്കാന്‍ പറ്റുകില്ല. ഇത് പടര്‍ന്നു പന്തലിച്ച് ഈ കല ഇവിടെ വേരൂന്നി കിടക്കണമെന്ന മോഹവും ഈ ആര്‍ട്ട് ഗ്യാലറി എന്നും നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നു. കലയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്ന ഒരു ഉദ്ദേശ്യം മാത്രമേ ജീവിതത്തില്‍ ഉള്ളൂ. അതിനെന്റെ കുടുംബവും സഹായിക്കുന്നു. പണ്ട് ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ജനങ്ങള്‍ക്കും ചിത്രകാരന്‍മാര്‍ക്കുമൊക്കെ മ്യൂറല്‍ പെയിന്റിംഗ് കാണാന്‍ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണമായിരുന്നു. എന്നാല്‍ തന്നെയും ഇതിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ എല്ലാം കൃത്യമായി കിട്ടുമായിരുന്നില്ല. ഇന്ന് ചിലയിടങ്ങളില്‍ ആര്‍ട്ട്ഗ്യാലറികള്‍ വന്നതുകൊണ്ട് ജനങ്ങളിലെ മിഥ്യാ ധാരണകള്‍ക്കു വ്യത്യാസം വന്നു. കാരണം ധ്യാനം, വ്രതം എന്നിവ നോറ്റ് ചെയ്യേണ്ടതൊരു പ്രവൃത്തിയാണെന്നും ഉള്ള ഒരു അന്ധവിശ്വാസത്തിന്റെ നിഴല്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത് ജനകീയമാക്കിയാല്‍ ആ വിധ അബദ്ധ ധാരണങ്ങള്‍ മാറ്റം എന്ന ഉദ്ദേശ്യം ഈ ഗ്യാലറി തുടങ്ങിയതിലൂടെ കണ്ടിരുന്നു. ഇവിടെ എന്തെല്ലാം സാധനങ്ങളില്‍ ഈ പെയിന്റിംഗ് ചെയ്യാന്‍ ഒക്കുമോ അത്രയും സാധനങ്ങളില്‍ വരച്ചുകൊണ്ടാണ് ഞാന്‍ ഇതിനെ ജനകീയമാക്കുവാന്‍ ശ്രമിക്കുന്നത്

? കുടുംബം

ഭാര്യ ചൈല്‍ഡ് സൈക്കോളജിസ്റ്റായ സീനയും വിദ്യാര്‍ത്ഥിയായ മകന്‍ മാധവന്‍കുട്ടിയും അടങ്ങിയതാണ് കുടുംബം.

 

You must be logged in to post a comment Login