”ആര്‍ട്ട് സിനിമകള്‍ക്ക് കേരളത്തില്‍ സാദ്ധ്യതകളില്ല”

  • സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍/
    രശ്മി. ജി, അനില്‍കുമാര്‍ കെ.എസ്

Weekend-April-231

ചലച്ചിത്രം ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിക്കുക. അതില്‍ ഭാഗ്യം പരീക്ഷിക്കുന്നവരില്‍ ചിലര്‍ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. അരവിന്ദന്‍ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടര്‍, ആര്‍ട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സി.പി. പദ്മകുമാര്‍ അപര്‍ണ്ണ (1981), സഹോനം (1994) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. പദ്മകുമാറിന്റെ പാതയെ പിന്തുടര്‍ന്ന് കാല്‍നൂറ്റാണ്ടിനിപ്പുറം അദ്ദേഹത്തിന്റെ അനന്തരവന്‍മാരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചലച്ചിത്രരംഗത്ത് എത്തി. ചായം പൂശിയ വീട് (2015), ഒറ്റയാള്‍പ്പാത (2016), മറവി (2017) എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഇവര്‍ തങ്ങളുടെ ചലച്ചിത്ര കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്നു.
? സി പി പദ്മകുമാര്‍ എന്ന സംവിധായകന്റെ അനന്തിരവ•ാരാണ് സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ആര്‍ട്ട് സിനിമയുടെ പ്രതിസന്ധികള്‍ അമ്മാവന്‍ അഭിമുഖീകരിക്കുന്നത് കണ്ടറിഞ്ഞിട്ടും ഇരുവരും അതേ വഴികളില്‍ തന്നെ എത്തി.

അമ്മാവന്റെ സിനിമകള്‍ ഒരുതലത്തില്‍ ഞങ്ങളെ സ്വാധീച്ചിരുന്നു. കുറേ വര്‍ഷങ്ങളായി ചലച്ചിത്രങ്ങള്‍ ചെയ്യണമെന്നാഗ്രഹിക്കുന്നു. പക്ഷേ ചിത്രനിര്‍മ്മാണത്തിന് വലിയ സാമ്പത്തികം വേണമായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോയി. ഇപ്പോള്‍ ഡിജിറ്റല്‍ കാലഘട്ടത്തില്‍ ചിലവു താരതമ്യേന കുറവായതിനാല്‍ ചെറിയ ബജറ്റില്‍ സിനിമ ചെയ്യുവാന്‍ തീരുമാനിച്ചു. അതിനു പിന്നില്‍ ഞങ്ങളുടെ സുഹൃത്തുക്കളുടെ പിന്തുണയുണ്ടായിരുന്നു. അവരുമായി ചേര്‍ന്ന് തുടങ്ങിയ പ്രൊഡക്ഷന്‍ ടീമിന്റെ പേരില്‍ എട്ടേകാല്‍ സെക്കന്റ് എന്ന ചിത്രം നിര്‍മ്മിച്ചു അതിനു ശേഷമാണ് സംവിധാനരംഗത്ത് എത്തുന്നത്. ആദ്യം ചായം പൂശിയ വീടും ഇപ്പോള്‍ ഒറ്റയാള്‍പ്പാതയും സംവിധാനം ചെയ്തു.
? സ•ോഹനം എപ്പോഴും സി പി പദ്മകുമാറിനെ ഓര്‍മ്മപ്പെടുത്താറുണ്ട്. പക്ഷേ പല ചലച്ചിത്ര ചരിത്രകാരന്‍മാരും അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ വിസ്മരിക്കാറുണ്ട്. അമ്മാവന്റെ ചലച്ചിത്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തു പറയുന്നു.

അമ്മാവന്‍ അധികം സിനിമകള്‍ ചെയ്തില്ല. അപര്‍ണ്ണ, സേഹാനം എന്നീ ചിത്രങ്ങളാണ് ചെയ്തത്. ചലച്ചിത്ര നിര്‍മ്മാണം ഫിലിമിലായിരുന്നതിനാല്‍ വളരെ ചിലവു കൂടുതലായിരുന്നു. തനിക്കിഷ്ടപ്പെട്ട സിനിമകളാണ് അമ്മാവന്‍ ചെയ്തത്. പ്രൊഡ്യൂസറുടെ താല്പര്യങ്ങള്‍ക്കു വഴങ്ങി സിനിമയെടുക്കില്ല എന്ന നിര്‍ബന്ധവും ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രൊഡ്യൂസറുടെ പിന്നാലെ നടന്നിട്ടുമില്ല. സ•ോഹനത്തിന്റെ പ്രദര്‍ശനം മുംബൈയില്‍ വെച്ചു കണ്ട പൂജാഭട്ട് അമ്മാവനെ കണ്ടപ്പോള്‍ ചിത്രത്തിലഭിനയിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു. പക്ഷേ, അദ്ദേഹം അത് സന്തോഷത്തോടെ നിരസിച്ചു. ഞാന്‍ ഇനി ചെയ്യാന്‍ ആലോചിക്കുന്ന സിനിമയില്‍ പൂജാഭട്ടിനു പറ്റിയ റോള്‍ ഇല്ല. അതുകൊണ്ട് പറ്റില്ലായെന്നു അദ്ദേഹം തീര്‍ത്തുപറഞ്ഞു. വേറെയേതേലും സംവിധായകനായിരുന്നെങ്കില്‍ പെട്ടൊരു പ്രൊഡ്യൂസറെ തപ്പിയെടുത്ത് പൂജാഭട്ടിനെ മുന്‍നിര്‍ത്തി സിനിമയെടുത്തേനേ. തന്റെ സിനിമ എന്താണ് എന്ന് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു ചിത്രങ്ങളേ അദ്ദേഹത്തിനു ചെയ്യുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയാതെ പോയതിന്റെ പേരില്‍ അദ്ദേഹത്തിനു നിരാശകളൊന്നുമില്ലായിരുന്നു.

? ഒറ്റയാള്‍ പാതയെന്ന ചിത്രം തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയുടെ മറ്റൊരു മുഖത്തെ ആവിഷ്‌കരിക്കുന്നു. ഒരു ദളിത് പ്രമേയ സിനിമ എന്ന നിലയിലാണ് ചിത്രം ശ്രദ്ധിക്കപ്പെടുന്നത്.

വാസ്തവത്തില്‍ ഒരു ദളിത് ഇഷ്യു ക്രിയേറ്റ് ചെയ്യണമെന്നാഗ്രഹിച്ചിരുന്നില്ല. സാധാരണ വ്യക്തികള്‍ക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ അവതരിപ്പിക്കുവാനാണ് ആഗ്രഹിച്ചത്. ചെങ്കല്‍ ചൂളയുടെ പശ്ചാത്തലത്തില്‍ സിനിമയെടുക്കണമെന്നാഗ്രഹിച്ച ഞങ്ങള്‍ അതിനുള്ളിലെ ജീവിതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാന്‍ തുടങ്ങി. കോളനികള്‍ക്കുള്ളില്‍ ദളിതരാണ് കൂടുതലുള്ളതെന്നു വ്യക്തമായി. അങ്ങനെയാണ് ദളിത് ജീവിതം ഒറ്റയാള്‍ പാതയില്‍ കടന്നുവരുന്നത്.

? ദളിത് പശ്ചാത്തലത്തിലുള്ള ചലച്ചിത്രമായിരിക്കുമ്പോള്‍തന്നെ ദളിത് രാഷ്ട്രീയത്തിന്റെ തലങ്ങളിലേയ്ക്കു സിനിമ സഞ്ചരിക്കുന്നില്ലായെന്ന വാസ്തവം പ്രേക്ഷകര്‍ക്കു മുമ്പിലുണ്ട്.

ദളിത് രാഷ്ട്രീയത്തിന്റെ ഉള്ളിലേയ്ക്കു സഞ്ചരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. വ്യത്യസ്ത സാഹചര്യങ്ങളിലും നിലപാടുകളിലുമുള്ള രണ്ടു വ്യക്തികള്‍ തമ്മില്‍ ഇടപെടുമ്പോള്‍ അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അതിന്റെ അനന്തരഫലങ്ങള്‍ എന്നിവയെയാണ് ഞങ്ങള്‍ ഫോക്കസ് ചെയ്തത്. അതേസമയം ദളിത് ഇഷ്യൂസ് അതിനുള്ളില്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. മറ്റൊരു വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയം, അവളുടെ നിലപാടുകള്‍, അച്ഛന്റെ ദീര്‍ഘകാലത്തെ ജീവിത പരിചയം വെച്ചുള്ള വിലയിരുത്തലുകള്‍ എന്നിവയെല്ലാം ‘ദളിത്’ എന്നതിന്റെ പ്രശ്‌ന മേഖലകളെ അനാവരണം ചെയ്യുന്നുണ്ട്.

? ഒറ്റയാള്‍ പാത ദളിത് വിഷയത്തിലൂടെ സഞ്ചരിക്കുമ്പോള്‍തന്നെ കേരളീയ സമൂഹത്തില്‍ കോളനികളെ സംബന്ധിച്ചു നില്ക്കുന്ന പൊതുബോധങ്ങളെ പിന്‍പറ്റുന്നതായി കാണാം. വേലക്കാരി മേരിചേച്ചിയും വീട്ടിലെ പയ്യനും തമ്മിലുണ്ടാകുന്ന ബന്ധം.

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധങ്ങള്‍ക്കിടയില്‍ സംഭവിക്കാവുന്നതേ അവര്‍ക്കിടയിലും സംഭവിക്കുന്നുള്ളൂ. മനുഷ്യരെല്ലാം പലതരത്തില്‍ തങ്ങളുടെ താല്പര്യങ്ങളെ ഉള്ളിലടക്കി കഴിയുകയാണ് ഒരുതലത്തില്‍ എല്ലാവരും ചായം പൂശിയ വീടാണ്. ചിലര്‍ക്ക് ചിലതരം ബന്ധങ്ങള്‍ സാധ്യമാകുന്നു. മറ്റു ചിലര്‍ക്ക് അത്തരം ബന്ധങ്ങള്‍ സാധ്യമാകാതെ പോകുന്നു. നമ്മള്‍ പലതിനെയും കപട സദാചാരത്തിന്റെ കണ്ണുകള്‍കൊണ്ട് നിരീക്ഷണ വിധേയമാക്കുമ്പോഴാണ് പലതും പ്രശ്‌നമേഖലകളായി മാറുന്നത്. ദീര്‍ഘകാലം അടുത്തിടപഴകുന്ന സ്ത്രീക്കും പുരുഷനും ഇടയിലുണ്ടാകുന്ന അടുപ്പമേ മേരിചേച്ചിക്കും പയ്യനുമിടയില്‍ സംഭവിക്കുന്നുള്ളു. അത് തികച്ചും സ്വാഭാവികമാണ്.

? മലയാള സിനിമയുടെ ഒരു ഫാഷന്‍ ദളിത് കഥാപാത്രങ്ങള്‍, ദളിത് പ്രശ്‌നങ്ങള്‍, ചേരികളെയും കോളനികളെയും അടിസ്ഥാനമാക്കി ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. ചെങ്കല്‍ ചൂളയില്‍ ഇതിനുമുമ്പ് ചിത്രീകരിക്കപ്പെട്ട രൂപാന്തരം എന്ന ചിത്രത്തില്‍ ഒറ്റയാള്‍ പാതയ്ക്കും 21-ാമത് ഐ എഫ് എഫ് കെയില്‍ സെലക്ഷന്‍ ലഭിക്കാതെ പോയി. എം ബി പദ്മകുമാര്‍ അതിനെതിരെ പ്രതികരിച്ചിരുന്നു.

ഇത്തവണ ഫെസ്റ്റിവലില്‍ ദളിത് പ്രമേയ സിനിമകള്‍ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. നല്ല സിനിമകളെ തിരിച്ചറിയാനുള്ള ബോധം സെലക്ഷന്‍ കമ്മിറ്റിക്ക് ഇല്ലാതെ പോയി എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നു. ഒറ്റയാള്‍പ്പാത കെയ്‌റോ ഫെസ്റ്റിവെലില്‍ ഇന്ത്യയില്‍ നിന്നുള്ള മത്സരചിത്രമായിരുന്നു. അവിടുത്തെ ഓഡിയന്‍സിനെ വളരെയധികം ആകര്‍ഷിച്ച ചിത്രമെന്നാണ് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ഒറ്റയാള്‍പ്പാത പത്തുലക്ഷം രൂപ പ്രൈസ് നേടുകയുണ്ടായി. ആ പൈസ ഞങ്ങള്‍ അടുത്ത സിനിമയ്ക്കു മുടക്കുകയാണ്. പുറത്തെ ഫെസ്റ്റിവലുകളില്‍ മികച്ചതാകുന്ന ഒരു സിനിമ ഇവിടുത്തെ ഫെസ്റ്റിവല്‍ നടത്തിപ്പുകാര്‍ക്ക് എന്തുകൊണ്ടാണ് മോശമാകുന്നത് അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. മത്സര ചിത്രത്തില്‍ ഇല്ലെങ്കിലും പ്രദര്‍ശന വിഭാഗത്തില്‍ എങ്കിലും സെലക്ഷന്‍ കിട്ടുമെന്നു വിശ്വസിച്ചു. പക്ഷേ അതു ലഭിച്ചില്ല.

? ഇത്തവണത്തെ മേളയില്‍ തിയറ്ററില്‍ വാണിജ്യവിജയം നേടിയ ജനപ്രിയമായ സിനിമകള്‍ക്ക് പ്രദര്‍ശന വിഭാഗത്തില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു.
കമ്മട്ടിപ്പാടം, കിസ്മത്ത്, മഹേഷിന്റെ പ്രതികാരം എന്നിവയൊക്കെ തിയറ്റില്‍ വിജയിച്ച ചിത്രങ്ങളാണ്. മഹേഷിന്റെ പ്രതികാരം കൊമേര്‍ഷ്യലി ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. പക്ഷേ അത്തരം ചിത്രങ്ങള്‍ക്ക് ഇത്തരം മേളകളില്‍ അവസരങ്ങള്‍ കൊടുക്കേണ്ടതുണ്ടോ? അവര്‍ക്ക് കൊമേര്‍ഷ്യല്‍ മേഖലയില്‍ വലിയ സാദ്ധ്യതകള്‍ ഉണ്ട്. ആര്‍ട്ടിനു പ്രാധാന്യം നല്കുന്ന ചിത്രങ്ങള്‍ക്കാണ് മേളകളില്‍ അവസരം നല്‌കേണ്ടത്, വാണിജ്യ സിനിമകളുടെയും സിനിമാക്കാരുടെയും തള്ളിക്കയറ്റങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ട്ട് സിനിമയുടെ സാധ്യതകളെ ചുരുക്കുകയാണ് ചെയ്യുന്നത്. ഒരുവേള ഒരു ആര്‍ട്ട് സിനിമയുടെ ആദ്യത്തെയും അവസാനത്തെയും സാധ്യത ചലച്ചിത്രമേളയാണ്. അതുപോലും ലഭിക്കുന്നില്ലെങ്കില്‍ പിന്നെ കലയ്ക്കു വേണ്ടി നില്ക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. കൊമേര്‍ഷ്യല്‍ സിനിമകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ലഭിക്കുന്ന അധിക ലാഭങ്ങളിലൊന്നാണ് ചലച്ചിത്ര മേളകളും അതുവഴി ലഭിക്കുന്ന സാമ്പത്തികവും. കലയെന്ന നിലയില്‍ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ ആവിഷ്‌കരിക്കുന്ന ആര്‍ട്ട് സിനിമകളെ തള്ളിക്കളയുന്നതിനു പിന്നില്‍ പലരുടെയും നിഗൂഢ താല്പര്യങ്ങളുണ്ട്. ഒറ്റയാള്‍പ്പാതയ്ക്കു സെലക്ഷന്‍ ലഭിക്കാതിരിക്കുന്നതിന്റെ പേരില്‍ മാത്രം ഉന്നയിക്കുന്ന ആരോപണമല്ലയിത്.

? ജനപ്രിയ സിനിമകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചത് അക്കാദമിയുടെ ചെയര്‍മാനും അനുബന്ധ ഭാരവാഹികളും കൊമേര്‍ഷ്യല്‍ ഫീല്‍ഡില്‍ നിന്നുള്ളവരായതു കൊണ്ടാണ് എന്നു വിശ്വസിക്കുന്നുണ്ടോ.

തീര്‍ച്ചയായും വിശ്വസിക്കുന്നുണ്ട്. ഓരോ വിഭാഗത്തിലുമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ അതിന്റേതായ എക്‌സ്‌പെര്‍ട്ടുകള്‍ വേണം എന്നതാണ് ഞങ്ങളുടെ നിലപാട്. മത്സര വിഭാഗത്തില്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയില്‍ സിബി മലയിലിനെപ്പോലുള്ളവരാണ് പ്രവര്‍ത്തിച്ചത്. സിബി മലയില്‍ ചെയ്ത സിനിമകള്‍ ഏതൊക്കെയാണെന്നും അവ എത്തരത്തിലുള്ളതാണെന്നും നമുക്കറിയാം. ആ ചിത്രങ്ങള്‍ മികച്ചവ തന്നെയാണ്. പക്ഷേ, അന്താരാഷ്ട്ര തലങ്ങളിലുള്ള സിനിമകളെ തിരഞ്ഞെടുക്കാന്‍ സിബി മലയിലിനെപ്പോലെ ഒരാള്‍ പ്രാപ്തനല്ല. ഞങ്ങളുടെ ചിത്രത്തിനു സെലക്ഷന്‍ കിട്ടാത്തതിന്റെ പ്രത്യാരോപണങ്ങള്‍ അല്ല ഇവയൊന്നും. സ്വാഭാവികമായും ഈ പ്രതികരണങ്ങള്‍ ആ തലത്തിലേ വിലയിരുത്തപ്പെടുകയുള്ളൂയെന്നറിയാം, പക്ഷേ സത്യമാണിത്. കൊമേര്‍ഷ്യല്‍ സിനിമകള്‍ക്കു ധാരാളം സാധ്യതകള്‍ ഉള്ളപ്പോള്‍ നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നും പൂര്‍ത്തീകരിക്കപ്പെടുന്ന ആര്‍ട്ട് സിനിമകള്‍ക്ക് സ്വീകാര്യത ലഭിക്കേണ്ടതുണ്ട്.

? ആര്‍ട്ട് സിനിമകള്‍ക്ക് വലിയ പ്രദര്‍ശനശാലകള്‍ ലഭ്യമാകാറില്ല. അത്തരമൊരു സാഹചര്യത്തില്‍ ഫിലിം സൊസൈറ്റികള്‍ പോലെയുള്ള പ്രദര്‍ശനങ്ങള്‍ തേടേണ്ടിവരുന്നു.

തികച്ചും വാസ്തവമാണ്. വലിയ തിയറ്ററുകള്‍ക്ക് തട്ടുപൊളിപ്പന്‍ മതി. സീരിയസ് ആയ ചിത്രങ്ങളെ അവര്‍ക്കുവേണ്ട. തിയറ്റുടമകളും വിതരണക്കാരും ആര്‍ട്ട് പടങ്ങളെ ബുജി സിനിമകള്‍ എന്നാണ് വിളിക്കുന്നത്. അത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ വരില്ലായെന്ന ധാരണയാണ് അവര്‍ക്കുള്ളത്. അത് തെറ്റാണ്. ആര്‍ട്ട് സിനിമകള്‍ പ്രദര്‍ശിപ്പിച്ചാല്‍ തീര്‍ച്ചയായും ആളുകള്‍ എത്തുന്നതാണ്. ചലച്ചിത്രമേളയൊക്കെ വലിയ മാറ്റങ്ങള്‍ പ്രേക്ഷകരിലുണ്ടാക്കിയിട്ടുണ്ട്. ഒരാഴ്ചയെങ്കിലും ആര്‍ട്ട് സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഗവണ്‍മെന്റ് മുന്‍കൈ എടുക്കണം. മറ്റൊരു വഴി നൂറോ നൂറ്റമ്പതോ ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന മിനി തിയേറ്ററുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കീഴില്‍ നിര്‍മ്മിക്കുക. അവിടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഫിലിം സൊസൈറ്റികള്‍ വഴി പ്രദര്‍ശനങ്ങള്‍ നടത്തിയാല്‍ വളരെക്കുറച്ച് ആളുകളിലേ എത്തുകയുള്ളൂ. വലിയൊരു ഓഡിയന്‍സിലേയ്ക്ക് എത്തുന്നതിന് തിയറ്ററുകള്‍ തന്നെ വേണം.

? ഒറ്റയാള്‍പ്പാതയെന്ന ചിത്രത്തിനുമുമ്പ് നിങ്ങളുടേതായി ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് ചായം പൂശിയ വീട്. ആ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ സെന്‍സറിംഗ് വിവാദങ്ങളാണ് ഇരുവരെയും ശ്രദ്ധേയരാക്കിയത്. എന്തായിരുന്നു വിവാദത്തിന്റെ അടിസ്ഥാനങ്ങള്‍.

ന്യൂഡ് ആയിട്ടുള്ള മൂന്ന് സീനുകള്‍ ചിത്രത്തിനു അത്യന്താപേക്ഷിതമായിട്ടുണ്ട്. അവ ഒഴിവാക്കണമെന്നുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തെ ഞങ്ങള്‍ തള്ളികളഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ദൃശ്യങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയില്ല. ആ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ‘എ’ സര്‍ട്ടിഫിക്കറ്റ് തന്നോളൂയെന്നു ഞങ്ങള്‍ പറഞ്ഞെങ്കിലും ആ സര്‍ട്ടിഫിക്കറ്റ് പോലും തരാന്‍ കഴിയില്ലായെന്നു സെന്‍സര്‍ ബോര്‍ഡ് നിലപാടു സ്വീകരിച്ചു. റിവൈസിംഗ് കമ്മറ്റിക്ക് പരാതികൊടുത്തിട്ടു കാര്യമില്ലാത്തതിനാല്‍ കോടതിയില്‍ പരാതിപ്പെട്ടു. അഡ്വ. സെബാസ്റ്റ്യന്‍ പോളാണ് ഞങ്ങള്‍ക്കുവേണ്ടി ബാജരായത്. കേസ് ഞങ്ങള്‍ക്കനുകൂലമായാണ് വിധിച്ചത്. ചിത്രത്തിനു സെന്‍സറിംഗ് ആവശ്യമില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. നമ്മുടെ ചിന്തകള്‍ക്ക്, നമ്മുടെ സാഹിത്യത്തിന് സെന്‍സറിംഗ് ഇല്ലായെന്നതുപോലെ ചിത്രങ്ങള്‍ക്കും സെന്‍സറിംഗ് ആവശ്യമേയില്ല. 1920 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റാണ് സെന്‍സറിംഗ് കൊണ്ടുവന്നത്. അതാതിടങ്ങളിലെ പോലീസുകാരാണ് അന്ന് സെന്‍സറിംഗ് നടത്തിയിരുന്നത്. ഇന്നത് സദാചാരപോലീസിന്റെ ആളുകളാണ് സെന്‍സറിംഗ് നിര്‍വ്വഹിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ എന്നുള്ള പുതിയ രൂപത്തിലാണെങ്കിലും നിയമങ്ങള്‍ എല്ലാം കാലഹരണപ്പെട്ടതുതന്നെയാണ്. അവ പൊളിച്ചെഴുതപ്പെടുന്നതിലേക്കാളുപരി, സെന്‍സറിംഗ് സംവിധാനത്തെത്തന്നെ എടുത്തുമാറ്റുന്നതാണ് നല്ലത്. ഞങ്ങള്‍ക്കു തോന്നുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം ഇല്ലാതാകും. ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ സെന്‍സറിംഗിനു പ്രസക്തിയില്ലാതെയാകും. ചില ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തുതുടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ അതിനെയും ഗവണ്‍മെന്റ് നിയന്ത്രിക്കുവാന്‍ ശ്രമിച്ചേയ്ക്കാം.

? കേരളത്തില്‍ ഇതിനുമുമ്പും ചിത്രത്തിന്റെ സെന്‍സറിംഗ് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിതാവും പുത്രനും എന്നചിത്രത്തിന് സെന്‍സറിംഗ് പ്രശ്‌നമുണ്ടായപ്പോള്‍ ചിത്രത്തിന്റെ തിരക്കഥ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കഥകളി, കബോഡി സ്‌കേപ്‌സ് എന്നിവയും സെന്‍സറിംഗ് വിഭാഗത്തില്‍പ്പെട്ടിരുന്നു. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ അവയ്ക്കായി ഉയര്‍ന്നുവന്നിരുന്നു.

അത്തരം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരട്ടേ. ആരെങ്കിലുമൊക്കെ പ്രതികരിക്കാനുണ്ടായാലേ ഇവിടുത്തെ സംവിധാനങ്ങള്‍ക്കു മാറ്റമുണ്ടാവുകയുള്ളു. ഇനി ഞങ്ങളുടെ ചിത്രം ആരെയെങ്കിലും കാണിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല. എഴുത്തുകാരന്‍ സക്കറിയ ഉള്‍പ്പെടെയുള്ള ആളുകള്‍ പ്രശ്‌നത്തെക്കുറിച്ചറിഞ്ഞിട്ട് ചിത്രം കാണുവാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. സെന്‍സറിംഗ് നടക്കാത്തതിനാല്‍ ഒരു പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുവാനുള്ള അനുവാദമില്ലാത്തതിനാല്‍ ഞങ്ങളുടെ വീട്ടില്‍ ചിത്രം കാണിക്കേണ്ടിവന്നു. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അവര്‍ സെന്‍സറിംഗ് പ്രശ്‌നത്തെക്കുറിച്ച് എഴുതാമെന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും ആരും ഒന്നും എഴുതിയില്ല. ഞങ്ങളുടെ ചിത്രത്തെ മഹത്വവല്‍ക്കരിക്കാനോ ഉദാത്തീകരിക്കാനോവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമല്ല ഇത്. കലാകാരന്റെ, കലയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ നിലപാടുകളിലൊന്നാണിത്. അതിനോട് സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തികള്‍ക്ക് പങ്കുചേരാവുന്നതാണ്. ഞങ്ങളല്ല മറ്റേതൊരു വ്യക്തിയും ചിത്രം ചെയ്താലും അയാള്‍/ അവര്‍ ആഗ്രഹിക്കുന്നതുപോലെ ചിത്രം ചെയ്യുവാന്‍ കഴിയണം. ഞങ്ങളുടെ സ്വാതന്ത്ര്യമാണ് ഞങ്ങളുടെ കല. മനുഷ്യന്റെ നഗ്നത ഏതളവുവരെ പ്രദര്‍ശിപ്പിക്കാമെന്നുള്ള നിബന്ധകളൊന്നും സെന്‍സര്‍ ബോര്‍ഡ് നിയമത്തിലില്ല. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കണമെന്ന നിബന്ധനയെ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടാണ് സെന്‍സര്‍ബോര്‍ഡ് അധികാരപ്രയോഗം നടത്തുന്നത്. സ്ത്രീയെ ഏറ്റവും മോശമായി ചിത്രീകരിച്ച നിരവധി ചിത്രങ്ങള്‍ക്ക് യാതൊരു കട്ടുകളുമില്ലാതെ സര്‍ട്ടിഫിക്കറ്റ് നല്കിയ ബോര്‍ഡാണ് ആര്‍ട്ട് ഹൗസ് സിനിമയായ ചായം പൂശിയ വീടിനോട് വിവേചനം കാണിക്കുന്നത്. സങ്കുചിത ചിന്തകളാല്‍ നില്‍ക്കുന്ന ചില വ്യക്തികളുടെ കാഴ്ചപ്പാടുകളുടെ പ്രശ്‌നങ്ങളാണിതെല്ലാം.

ചിത്രത്തിലെ നഗ്നതയാണ് വിഷയമായി നില്ക്കുന്നത്. നഗ്നതയേക്കാള്‍ വര്‍ഗ്ഗീയത, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളായിരുന്നുവെങ്കില്‍ നമ്മുടെ മാധ്യമങ്ങളും സാംസ്‌കാരിക നിരൂപകരും ചിത്രത്തിന്റെ സെന്‍സര്‍ വിവാദം ഏറ്റെടുക്കുമായിരുന്നില്ലേ?

തീര്‍ച്ചയായും ഏറ്റെടുക്കുമായിരുന്നു. പക്ഷേ നമ്മുടെ മലയാളിയുടെ കപട സദാചാരബോധം മൂലം മാധ്യമങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ ഒക്കെ ഇത്തരമൊരു വിഷയത്തെ ഏറ്റെടുക്കുന്നില്ല. ന്യൂഡിറ്റിയെ സപ്പോര്‍ട്ട് ചെയ്താല്‍ അത് സ്വന്തം ഐഡന്റിറ്റിയെ ബാധിക്കുമെന്നു വിശ്വസിക്കുന്നവരാണ് നമ്മുടെയിവിടെയുള്ളത്. ഞങ്ങളുടെ ഒരു ചിത്രം എന്ന കാര്യത്തെ മാറ്റിനിറുത്തിയിട്ട് കലയ്ക്കു വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനാണ് ഞങ്ങള്‍ വാദിക്കുന്നത്. നിയമങ്ങള്‍ മുമ്പ് ഇവിടെയുണ്ടായിരുന്നു. സമീപകാലത്തുണ്ടായ പല അസഹിഷ്ണുതകളുടേയും പിന്‍തുടര്‍ച്ചകളെന്നതുപോലെ ചിത്രത്തിന്റെ സെന്‍സറിംഗിനും ചില സദാചാരക്കമ്മറ്റികളുടെ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണ്. ചായം പൂശിയ വീടിന്റെ സെന്‍സറിംഗ് പ്രശ്‌നം ഉണ്ടായപ്പോള്‍ നമ്മുടെ മുഖ്യധാര പത്രദൃശ്യമാധ്യമങ്ങളും വേണ്ടത്രപിന്‍തുണ നല്കിയില്ല.

? ആര്‍ട്ട് സിനിമകള്‍ പൊതുവേ നിലവിലുള്ള അധികാര ഘടനകളെ, ഭരണകൂടങ്ങളെ വിമര്‍ശന വിധേയമാക്കാറുണ്ട്. ഒരുതലത്തില്‍ ഭരണകൂടത്തിനെതിരായ നിലപാടുകളാണ് സിനിമകള്‍ ഉയര്‍ത്തുന്നത്. അത്തരം സിനിമകളെ ഭരണകൂടം തന്നെ സംരക്ഷിക്കണമെന്ന നിലപാടാണ് ആര്‍ട്ടര്‍മാര്‍ ഉയര്‍ത്തുന്നത്.

അത്തരം അവസ്ഥകള്‍ ഇന്ത്യയില്‍ സാധ്യമാണ്. ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണല്ലോ. അത്തരമൊരു സമ്പ്രദായത്തിലെ വ്യക്തികള്‍ക്കേ യോജിക്കുവാനും വിയോജിക്കുവാനും കഴിയുകയുള്ളൂ. ഭരണകൂടങ്ങള്‍, വ്യക്തികള്‍ എന്നിവയൊന്നും വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പ്രവര്‍ത്തനങ്ങളെയും സാഹചര്യങ്ങളെയും കൂടുതല്‍ മെച്ചപ്പെടുത്തുകയേയുള്ളൂ. ഭരണകൂടത്തെ വിമര്‍ശിക്കുന്ന ചിത്രങ്ങളെ ഭരണകൂടം ഇല്ലായ്മ ചെയ്തുകളയും എന്നു വിശ്വസിക്കുവാന്‍ കഴിയില്ല. പൊതുവേ ബി ജെ പി ഗവണ്‍മെന്റ് പല മേഖലകളിലും പിടിമുറുക്കുന്നുണ്ട്. ബി ജെ പിക്കു മുമ്പിരുന്നവരും ഇതൊക്കെത്തന്നെയാണ് ചെയ്തിരുന്നത്. തങ്ങള്‍ക്കു പിടിച്ചടക്കുവാന്‍ കഴിയുന്ന മേഖലകളിലൊക്കെ കടന്നുകയറും. സിനിമ ഒരു സ്വതന്ത്ര കലാമാധ്യമമാണ്. ജാതീയമായ ഒരു കലയെ ഭരണകൂടത്തിന് ഒരിക്കലും ഒതുക്കുവാന്‍ കഴിയില്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കമ്പോള സിനിമയിലൂടെ വലിയ ലാഭങ്ങളാണ് ഗവണ്‍മെന്റിന് ഉണ്ടാകുന്നത്. അപ്പോള്‍ കലയെന്ന നിലയില്‍ ആര്‍ട്ട് സിനിമകള്‍ക്ക് അവസരങ്ങള്‍ ഒരുക്കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തങ്ങളാണ്.

? ഇരുവരുടെയും ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ വ്യക്തമാകുന്ന കാര്യം നിങ്ങളുടെ അര്‍പ്പണബോധമാണ്. സമയത്തിനും സാമ്പത്തികത്തിനും വളരെ പ്രാധാന്യമുള്ള മേഖലയില്‍ എല്ലാ ചിത്രങ്ങള്‍ക്കും ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പ് എങ്ങനെയാണ് പ്രായോഗികമാവുക.

റിലീസിങ്ങ് ഡേറ്റ് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് തിരക്കിട്ടു സിനിമ ചെയ്യുന്നവരല്ല ഞങ്ങള്‍. ചെറിയ ബജറ്റില്‍ കുറച്ച് ആളുകളെ വെച്ചുകൊണ്ടാണ് ഞങ്ങള്‍ സിനിമ ചെയ്യുന്നത്. തിയറ്റര്‍ റിലീസിനെക്കുറിച്ച് ടെന്‍ഷനുകള്‍ ഇല്ലാത്തതിനാല്‍ ഞങ്ങളുടെ മുമ്പില്‍ ആവശ്യത്തിനു സമയമുണ്ട്. ചിത്രത്തെ കൂടുതല്‍ നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്ടിംഗ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. അതിനു പ്രത്യേകിച്ച് വലിയ സാമ്പത്തിക ചിലവുകള്‍ ഒന്നും വരുന്നില്ല. ഓരോ തവണത്തെയും റിഹേഴ്‌സലിലൂടെ അഭിനേതാക്കള്‍ക്ക് അവരുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുന്നു. അത് ചിത്രത്തെ ടോട്ടലി നല്ലതാക്കുന്നു. ഞങ്ങളുടെ അഭിനേതാക്കളില്‍ കൂടുതലും പുതുമുഖങ്ങളാണ്. അവര്‍ക്ക് റിഹേഴ്‌സല്‍ ക്യാമ്പുകള്‍ക്ക് സമയമുണ്ട്. ഒരു കൊമേര്‍ഷ്യല്‍ താരത്തെ ചിത്രത്തിലുള്‍പ്പെടുത്തിയാല്‍ അയാള്‍ക്ക് റിഹേഴ്‌സല്‍ ക്യാമ്പ് സ്വീകാര്യമാകണമെന്നില്ല. മറ്റു സിനിമകള്‍ക്കായി നല്കിയ ഡേറ്റുകള്‍ ക്ലാഷാകും. അങ്ങനെ പല പ്രശ്‌നങ്ങളും അയാള്‍ക്ക് ഉണ്ടാകും. നമ്മുടെ താരങ്ങള്‍ക്ക് അത്തരം പ്രശ്‌നങ്ങളില്ല. ഞങ്ങളുടെ മൂന്നാമത്തെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അതിനും റിഹേഴ്‌സല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

? ചലച്ചിത്രങ്ങളിലൂടെ നിങ്ങളിരുവരും പങ്കുവെയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാട് എന്താണ്.

മനുഷ്യന്റെ ഫ്രീഡം എന്താണ് എന്നുള്ള വിഷയമാണ് ചായം പൂശിയ വീട് അവതരിപ്പിക്കുന്നത്. ഞങ്ങള്‍ അതുകൊണ്ടുതന്നെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാത്തതും. സാമ്പത്തിക പ്രതിസന്ധികളെ മുന്‍നിറുത്തി പല ആര്‍ട്ട് ഹൗസ് ചലച്ചിത്രകാരന്‍മാരും സെന്‍സര്‍ ബോര്‍ഡിന്റെ പിടിവാശികള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. കടം മേടിച്ചും പണയപ്പെടുത്തിയും ചിത്രം ചെയ്തുകഴിയുമ്പോള്‍ ഏതെങ്കിലും വിധത്തില്‍ ചിത്രം മേളകളിലും തിയേറ്ററുകളിലും എത്തിക്കുവാന്‍ സംവിധായന്‍ നിര്‍ബന്ധിതനാകുന്നു. അത്തരത്തിലൊരു കോമ്പ്രമൈസ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നമ്മള്‍ ഉണ്ടാക്കിയിരിക്കുന്ന, ഒരുവ്യക്തി സ്വയം കെട്ടിയുണ്ടാക്കി ജീവിക്കുന്ന അവസ്ഥയില്‍ നിന്നു പുറത്തു കടക്കുകയെന്നതാണ് ചിത്രം ലക്ഷ്യമിടുന്നത്. ഒരു വ്യക്തി അവന്റെ ഫ്രീഡത്തെ തിരിച്ചറിയേണ്ടതുണ്ട്. ഞങ്ങളുടെ ഫ്രീഡത്തെക്കുറിച്ചു ഞങ്ങള്‍ക്കു വ്യക്തമായ ധാരണയുണ്ട്. ഞങ്ങള്‍ മനസില്‍ കണ്ട സിനിമയാണ് ഞങ്ങളുടെ സിനിമ. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ഷനും ലൈറ്റും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞങ്ങളാണ് ചെയ്തത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ മികവും പരിമിതികളും ഞങ്ങളുടേതുമാത്രമാണ്. ഞങ്ങളുടെ സിനിമയെ മഹത്വവത്ക്കരിക്കുന്നില്ല. ചിത്രം കണ്ടിട്ട് അയ്യേ ഇതാണോ നിങ്ങള്‍ ചെയ്ത സിനിമ എന്നു പറഞ്ഞാലും ഞങ്ങള്‍ക്ക് അത് പ്രശ്‌നമാകില്ല. കാരണം സിനിമയില്‍ മനസ്സിലുള്ളത് ഒരു പരിധിവരെ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന സംതൃപ്തി ഞങ്ങള്‍ക്കുണ്ട്.

? ആര്‍ട്ട് സിനിമയെ സംബന്ധിച്ചിടത്തോളം ധാരാളമായി നിരൂപണങ്ങള്‍ എഴുതപ്പെടുന്നുണ്ട്. പൊതുവേ സംവിധായകര്‍ക്ക് വിമര്‍ശനങ്ങള്‍ ഇഷ്ടമില്ലാത്തതിനാല്‍ത്തന്നെ നിരൂപകരോടു പുച്ഛമാണ്. അതേസമയം പുകഴ്ത്തലാണെങ്കില്‍ വലിയ താല്പര്യവും. അതിനോടുള്ള അഭിപ്രായമെന്താണ്.

നിരൂപണത്തെക്കുറിച്ച് ഞങ്ങള്‍ക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. സിനിമകാണുന്ന ഏതൊരു പ്രേക്ഷകനും ചിത്രത്തിനെ വിലയിരുത്തുവാനും നിരൂപണം ചെയ്യുവാനും അവകാശമുണ്ട്. ചലച്ചിത്രവും നിരൂപണവും പഠിച്ചിട്ട് സിനിമയെ നിരൂപണം ചെയ്യാവൂ എന്നൊക്കെ ഫിലിം മേക്കര്‍ ഡിമാന്‍ഡ് ചെയ്യുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഒരു ചിത്രത്തെ, ഒരു കലാരൂപത്തെ വിലയിരുത്തുവാനുള്ള സ്വാതന്ത്ര്യം പൗരന് ഇന്ത്യന്‍ ഭരണഘടന നല്കുന്നുണ്ട്. പാടവും പറമ്പും വിറ്റ് സിനിമ പിടിച്ചു, ഒരുപാടു വര്‍ഷം ഗവേഷണം നടത്തി ചിത്രം സംവിധാനം ചെയ്തു അതുകൊണ്ട് ചിത്രത്തെ വിമര്‍ശിക്കരുത് എന്നു സംവിധായകന്‍ നിലപാടു സ്വീകരിക്കുന്നത് ശരിയല്ല. ഒരു ചിത്രം പ്രേക്ഷകനുമുമ്പില്‍ എത്തിക്കുമ്പോള്‍ നല്ലതും ചീത്തയുമായ പ്രതികരണങ്ങളുണ്ടാവും. അതുകൂടി സ്വീകരിക്കുവാന്‍ സംവിധായകന്‍ തയ്യാറാവണം. ഒരു ഫിലിം മേക്കര്‍ക്കുള്ള ഫ്രീഡം പോലെ പ്രേക്ഷകനും അവന്റേതായ ഫ്രീഡമുണ്ട്.

You must be logged in to post a comment Login