ആര്‍ഭാട ജീവിതവും വഴിവിട്ട ബന്ധങ്ങളും കടക്കാരനാക്കി; പണം നേടാന്‍ കാറുകള്‍ തകര്‍ത്ത് മോഷണം, കോടീശ്വരന്‍ പിടിയില്‍


 

തളിപ്പറമ്പ്: നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകര്‍ത്തു കവര്‍ച്ച നടത്തിയ സംഭവത്തില്‍, കോടീശ്വരനായ വ്യാപാരി അറസ്റ്റില്‍.  തളിപ്പറമ്പ് പുഷ്പഗിരിയിലെ മാടാളന്‍ പുതിയപുരയില്‍ അബ്ദുല്‍ മുജീബിനെയാണ് (41)  അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് നഗരത്തില്‍ ദേശീയ പാതയോരത്ത് വ്യാപാരിയായ പ്രതിക്കു സ്വന്തമായി 5 ഏക്കര്‍ ഭൂമിയും നഗരത്തില്‍ 3 നില ഷോപ്പിങ് കോംപ്ലക്‌സും മറ്റു പാരമ്പര്യ സ്വത്തുക്കളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആര്‍ഭാട ജീവിതവും വഴിവിട്ട ബന്ധങ്ങളും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മോഷണം തുടങ്ങിയതെന്നാണ് പ്രതിയുടെ മൊഴി.

കവര്‍ച്ചയുണ്ടായ സ്ഥലങ്ങളില്‍ നിന്ന്  ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ജനുവരി 17 മുതലാണ് തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്തും വാതില്‍ കുത്തിത്തുറന്നും കവര്‍ച്ചകള്‍ പതിവായത്. 7.50 ലക്ഷത്തോളം രൂപയും 3.5 പവന്റെ സ്വര്‍ണാഭരണങ്ങളും ഇത്തരത്തില്‍ നഷ്ടപ്പെട്ടിരുന്നു. പരാതികളെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത് മുജീബ് ആണെന്നു സംശയം തോന്നിയത്. മറ്റൊരു ദൃശ്യത്തിലും ഇയാളെ കണ്ടതോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ തളിപ്പറമ്പിലെ ജ്വല്ലറിയില്‍ നിന്നും വിദേശ കറന്‍സികള്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ നിന്നും പൊലീസ് കണ്ടെത്തി. പറശ്ശിനിക്കടവില്‍ നിന്നു കവര്‍ച്ച ചെയ്ത 18000 രൂപ പ്രതിയുടെ കടയില്‍ നിന്ന് കണ്ടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്തതോടെ മുജീബിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സ്വത്തുക്കള്‍ക്ക് മേല്‍ വായ്പയും മറ്റു കൂട്ടുത്തരവാദിത്തങ്ങളുമുള്ളതിനാല്‍ വില്‍പന നടത്തി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയാതിരുന്നതാണ് മോഷണത്തിലേക്ക് തിരിയാന്‍ കാരണമെന്നാണു മുജീബിന്റെ മൊഴി.

You must be logged in to post a comment Login