ആര്‍.എല്‍.വി. കോളേജില്‍ എം.എ. പ്രവേശനം:മെയ് 30 വരെ അപേക്ഷിക്കാം

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ എം.എ. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എം.എ. വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. മെയ് 30 വരെ അപേക്ഷ നല്‍കാം. ജൂണ്‍ നാലിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ 21ന് ക്ലാസ് ആരംഭിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബി.എ. ബിരുദമാണ് യോഗ്യത. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് ഡിഗ്രി വിജയം മതി. പ്രാക്ടിക്കലടക്കമുള്ള പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

മേഴ്സി ചാന്‍സ്

രണ്ടാം സെമസ്റ്റര്‍ എം.എ./ എം.എസ്സി. /എം.കോം/ എം.സി.ജെ./ എം.എച്ച്.എം./ എം.എസ്.ഡബ്ല്യു./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്. 2019 അഡ്മിഷന്‍ – റഗുലര്‍/ 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ മെയ് 23 മുതല്‍ 29 വരെയും 500 രൂപ പിഴയോടെ മെയ് 31 മുതല്‍ ജൂണ്‍ മൂന്നു വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ ജൂണ്‍ നാലു മുതല്‍ ആറുവരെയും അപേക്ഷിക്കാം.

ആദ്യ മേഴ്സി ചാന്‍സ് (2014 അഡ്മിഷന്‍) പരീക്ഷയെഴുതുന്നവര്‍ 5000 രൂപയും, രണ്ടാം തവണയെഴുതുന്നവര്‍ (2013 അഡ്മിഷന്‍) 7000 രൂപയും അവസാന മേഴ്സി ചാന്‍സ് (2012 അഡ്മിഷന്‍) പരീക്ഷയെഴുതുന്നവര്‍ 10000 രൂപയും സ്പെഷല്‍ ഫീസായി സി.വി. ക്യാമ്പ് ഫീസിനും പരീക്ഷഫീസിനും പുറമെ അടയ്ക്കണം. റഗുലര്‍ വിദ്യാര്‍ഥികള്‍ കോളേജ് വഴി ഇപേയ്മെന്റിലൂടെയാണ് ഫീസടയ്ക്കേണ്ടത്. സപ്ലിമെന്ററി വിദ്യാര്‍ഥികള്‍epay.mgu.ac.inഎന്ന സൈറ്റിലൂടെ ഫീസടയ്ക്കണം.

മെയ് 23ന് പോര്‍ട്ടല്‍ തുറക്കും. കോളേജുകള്‍ക്ക് പിഴയില്ലാതെ മെയ് 30 വരെയും 500 രൂപ പിഴയോടെ ജൂണ്‍ മൂന്നുവരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ ആറുവരെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

പരീക്ഷഫലം

2019 ഏപ്രിലില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്സി. മോളിക്യുലാര്‍ ബയോളജി ആന്റ് ജനിറ്റിക് എഞ്ചിനീയറിംഗ് (റഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ഒന്നു വരെ അപേക്ഷിക്കാം.

പരിസ്ഥിതി സൗഹൃദ മാതൃകയാവാന്‍ എം.ജി. സര്‍വകലാശാല കാമ്പസ്

മഹാത്മാ ഗാന്ധി സര്‍വകലാശാല കാമ്പസിന് പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌കരണ മാതൃകാ കാമ്പസായി മാറ്റുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി അസംബ്ലി ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സൗഹൃദമായി ശാസ്ത്രീയ രീതിയില്‍ ജൈവ മാലിന്യം സംസ്‌കരിക്കാനും അജൈവമായവ പുനരുപയോഗ സാധ്യമാക്കാനുമുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. കാമ്പസിലെ പൊതുപരിപാടികള്‍ക്ക് ഹരിതചട്ടം നടപ്പാക്കും. ഡിസ്പോസിബിള്‍ പാത്രങ്ങള്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കും. മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാനും ജൈവമാലിന്യത്തില്‍നിന്ന് ബയോഗ്യാസടക്കമുള്ളവ ഉല്പാദിപ്പിക്കാനും ലക്ഷ്യമിടുന്നു. അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. കാമ്പസിനെ പരിസ്ഥിതി സൗഹൃദ മാതൃകാ കാമ്പസാക്കി ഉയര്‍ത്താനും മറ്റു കാമ്പസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

110 ഏക്കര്‍ വരുന്ന കാമ്പസില്‍ ദിവസവും നാലായിരത്തോളംപേരാണ് എത്തുന്നത്. വിദ്യാര്‍ഥികളടക്കം ആയിരത്തോളംപേര്‍ കാമ്പസില്‍ താമസിക്കുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനും പുനരുപയോഗപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാലിന്യമെന്നുപറഞ്ഞ് പുറന്തള്ളുന്ന വസ്തുക്കള്‍ പുനരുപയോഗപ്പെടുത്താനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നടക്കും. കോഴിക്കോട് വേങ്ങേരി ‘നിറവു’മായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. രജിസ്ട്രാര്‍ ഡോ. കെ. സാബുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ബാബു പറമ്പത്ത് മാലിന്യസംസ്‌കരണത്തെക്കുറിച്ചും വിവിധ രീതികളെക്കുറിച്ചും വിഷയാവതരണം നടത്തി. ഡോ. റോബിനറ്റ് ജേക്കബ് സംസാരിച്ചു.

സിന്‍ഡിക്കേറ്റ് യോഗം ജൂണ്‍ ഒന്നിന്

മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ യോഗം ജൂണ്‍ ഒന്നിന് രാവിലെ 10.30ന് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് ഹാളില്‍ ചേരുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

You must be logged in to post a comment Login