ആര്‍.എസ്.എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയ സംഭവം: അധികൃതര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകി അമ്മന്‍ സ്‌കൂളില്‍ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെടുക്കുന്നത്. ഹെഡ്മാസ്റ്റര്‍ സ്‌കൂള്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക.

പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ക്രിമിനല്‍ കേസിനുള്ള സാധ്യത പരിശോധിക്കാന്‍ പാലക്കാട് എസ്.പിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കലക്ടറുടെ സര്‍ക്കുലര്‍ ലംഘിച്ചായിരുന്നു മോഹന്‍ഭഗവത് പതാക ഉയര്‍ത്തിയത്. ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം കര്‍ണകിയമ്മന്‍ സ്‌കൂളില്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് നിരോധിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എയിഡഡ് സ്‌കൂളില്‍ സ്‌കൂള്‍ അധികൃതരോ, ജനപ്രതിനിധികളോ അല്ലാത്ത സംഘടനാ നേതാക്കള്‍ ദേശീയപതാക ഉയര്‍ത്തരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍ ഇത് മറികടന്ന് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു .

കൂടാതെ ചടങ്ങില്‍ ദേശീയ ഗാനത്തിന് പകരം വേദിയില്‍ വന്ദേമാതരം ആലപിച്ചതും വിവാദമായി. ദേശീയഗാനം ആലപിക്കാതെ ചടങ്ങ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ആരോ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് വേദിവിട്ടവരെ തിരികെ എത്തിച്ച് ദേശീയഗാനം ആലപിക്കുകയും ചെയ്തു. സ്‌കൂള്‍ വളപ്പിനകത്ത് രണ്ടിടത്തു രണ്ടുതരത്തില്‍ സ്വാതന്ത്ര്യദിനാഘേഷം നടന്നതായായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

You must be logged in to post a comment Login