ആറന്മുള വിമാനത്താവളം:സുപ്രീകോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ്

ന്യൂഡല്‍ഹി:ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കെജിഎസ് ഗ്രൂപ്പ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.പദ്ധതിയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് എല്ലാ പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കും ശേഷമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചത്. അതിനാല്‍ ഹരിതടൈബ്യൂണല്‍ വിധിയില്‍ തെറ്റുകളുണ്ടെന്നാണ് കെജിഎസിന്റെ വാദം. കെജിഎസ് ഗ്രൂപ്പിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ ഹാജരാകും.


വിമാനത്താവളത്തിനു വേണ്ടി പരിസ്ഥിതി പഠനം നടത്തിയ മധുര ആസ്ഥാനമായ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് ഇതിനുള്ള അര്‍ഹതയില്ലെന്നതടക്കമുളള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ട്രൈബ്യൂണല്‍ കഴിഞ്ഞ മേയില്‍ വിധി പ്രഖ്യാപിച്ചത്.വ്യക്തമായ പരിസ്ഥിതി ആഘാതപഠനമോ, മാനദണ്ഡങ്ങളനുസരിച്ചു സമീപവാസികളുടെ അഭിപ്രായം കേട്ടു തെളിവെടുപ്പോ നടത്തിയില്ലെന്നും ഇവ പരിസ്ഥിതി അനുമതി നിഷേധിക്കുന്നതിനു മതിയായ കാരണങ്ങളാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ കാണിച്ചാണു പരിസ്ഥിതി അനുമതി നേടിയതെന്നും നെല്‍വയല്‍, നീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചുവെന്നുമുള്ള ഹര്‍ജിക്കാരുടെ ആരോപണം തെളിഞ്ഞുവെന്നും ട്രൈബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login