ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ് മത്സരിക്കും; ആലപ്പുഴയില്‍ ഷാനിമോള്‍; വയനാട്ടില്‍ സിദ്ദിഖിന് മുന്‍തൂക്കം; സ്ഥാനാര്‍ത്ഥികളെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കും

 


ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, വയനാട്ടില്‍ ടി.സിദ്ദിഖ് എന്നിവര്‍ക്കായിരിക്കും സാധ്യത. വടകരയില്‍ തീരുമാനമായില്ല. ചര്‍ച്ചകള്‍ക്കു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാട്ടിലേക്കു മടങ്ങി. സ്ഥാനാര്‍ത്ഥികളെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കും.

വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തില്‍ കുടുങ്ങിയാണു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ നാല് മണ്ഡലങ്ങളില്‍ അനിശ്ചിതത്വം രൂപപ്പെട്ടത്. വയനാട്ടില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിനു സാധ്യതയേറിയെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ടി.സിദ്ദിഖിന്റെയും ഷാനിമോള്‍ ഉസ്മാന്റെ പേരുകളും പരിഗണനയിലുണ്ട്. ഇതിനിടെ ഷാനിമോള്‍ ആലപ്പുഴയിലേക്കു മടങ്ങി.

വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ കുമാറിനു സാധ്യതയേറിയെന്നാണു വിവരം. ചര്‍ച്ചകള്‍ക്കൊടുവില്‍ നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിച്ചേക്കും. ടി.സിദ്ദിഖിനു സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തില്‍ പരിഹാരം കാണാന്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ദേശീയ നേത്യത്വം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.

വയനാട് ടി.സിദ്ദിഖിനു നല്‍കണമെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനിന്നു. വയനാട് ഇല്ലെങ്കില്‍ മത്സരിക്കില്ലെന്നു സിദ്ദിഖ് വ്യക്തമാക്കി. വര്‍ഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവര്‍ത്തിച്ച ഐ ഗ്രൂപ്പ്, ഷാനിമോള്‍ ഉസ്മാന്റെ അടക്കം മൂന്ന് പേരുകളാണു മുന്നോട്ടുവച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ച നടത്തി.

വടകരയില്‍ ഉയര്‍ന്നുകേട്ട വിദ്യ ബാലകൃഷ്ണനുള്ള സാധ്യത മങ്ങി. ഇവിടെ ബിന്ദു കൃഷ്ണയെ മല്‍സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അവര്‍ മനസ്സു തുറന്നിട്ടില്ല. യുഡിഎഫിന് ആര്‍എംപി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയില്‍ മല്‍സരിക്കാന്‍ മുല്ലപ്പള്ളിക്കുമേല്‍ സമ്മര്‍ദ്ദമേറി. എന്നാല്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലാണു മുല്ലപ്പള്ളി.

You must be logged in to post a comment Login