ആറ്റിങ്ങല്‍ പ്രസംഗം: ശ്രീധരന്‍ പിള്ളയ്‍ക്ക് തെര. കമ്മീഷന്‍ നോട്ടീസ്

 

കൊച്ചി: ലോക് സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്‍ക്ക് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രീധരന്‍പിള്ള മറുപടി നല്‍കണം. പാകിസ്ഥാനിലെ ബലാകോട്ടില്‍ ജെയ്‍ഷ കേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ശ്രീധരന്‍പിള്ളയുടെ വിവാദമായ പരാമര്‍ശം.

ബലാകോട്ടില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് തെളിവ് വേണമെന്ന് പറയുന്നവരെ ഉദ്ദേശിച്ചായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. മുസ്ലീങ്ങളാണോ എന്ന് തിരിച്ചറിയാന്‍ വസ്ത്രംമാറ്റി നോക്കണം എന്നതായിരുന്നു പിള്ള പറഞ്ഞത്. ഇത് വിവാദത്തിലാകുകയും ചെയ്‍തു.

താൻ പറഞ്ഞത് ബാലകോട്ട് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ വസ്ത്രം മാറ്റി നോക്കണമെന്നാണ്. കൊല്ലപ്പെട്ടവരെ എങ്ങനെയാണ് തിരിച്ചറിയേണ്ടതെന്ന് എനിക്കറിയാം. താനൊരു ക്രിമിനൽ അഭിഭാഷകനാണ് – പരാമര്‍ശം വിവാദമായപ്പോള്‍ ശ്രീധരന്‍പിള്ള വിശദീകരിച്ചു.

You must be logged in to post a comment Login