ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം നെയ്മറിന്റെ ഉഗ്രന്‍ തിരിച്ചുവരവ്; പിഎസ്ജിക്ക് വിജയത്തുടക്കം (വീഡിയോ)

 

ആറ് മാസത്തോളം നീണ്ട ഇടവേളയ്ക്ക്‌ശേഷം ഫ്രഞ്ച് ലീഗിലേക്കുള്ള തിരിച്ചുവരവിന് ഗോളിന്റെ അഴക് ചാര്‍ത്തി ബ്രസീലിയന്‍ താരം നെയ്മര്‍. സൂപ്പര്‍താരങ്ങളായ എഡിസന്‍ കവാനിയും കിലിയന്‍ എംബപ്പെയും പുറത്തിരുന്ന മത്സരത്തില്‍ കെയ്‌നെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജി തകര്‍ത്തു. പിഎസ്ജിക്കായി സൂപ്പര്‍താരം നെയ്മര്‍ 10ാം മിനിറ്റില്‍ തുടങ്ങിവച്ച ഗോള്‍ വേട്ട അഡ്രിയാന്‍ റാബിയട്ട്, തിമോത്തി വിയ എന്നിവരാണ് പൂര്‍ത്തിയാക്കിയത്.

Image result for neymar-opens Tuchel-ligue-one-account-psg-on-winning-note

ഇതോടെ, നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ പിഎസ്ജി പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ടു. പിഎസ്ജി കമാന്‍ഡറായി ഈ സീസണില്‍ ടീമിലെത്തിയ ജര്‍മന്‍ പരിശീലകന്‍ തോമസ് ടൂഷലിനും ഇതോടെ വിജയത്തോടെ തുടക്കമിടാനായി. മത്സരത്തിന് മുമ്പ് ലോകകപ്പ് കിരീടം ചൂടിയ ഫ്രഞ്ച് ടീമിലെ പിഎസ്ജി താരങ്ങളെ ആദരിച്ചു. യുവന്റസില്‍നിന്ന് ഈ സീസണില്‍ ടീമിലെത്തിയ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂജി ബുഫണിന് ആദ്യ ഇലവനില്‍ അവസരം നല്‍കിയാണ് പിഎസ്ജി പരിശീലകന്‍ തോമസ് ടൂഷല്‍ ടീമിനെ ഇറക്കിയത്. അതേസമയം എംബപ്പെ, കവാനി എന്നിവര്‍ക്ക് പുറമെ ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, തോമസ് മ്യൂനിയര്‍, കെവിന്‍ ട്രാപ്പ് തുടങ്ങിയവര്‍ക്ക് പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം.

Image result for neymar-opens Tuchel-ligue-one-account-psg-on-winning-note

മത്സരം തുടങ്ങി 10ാം മിനിറ്റില്‍ത്തന്നെ നെയ്മര്‍ ആദ്യ ഗോള്‍ നേടി. എന്‍കുന്‍ഗുവില്‍നിന്ന് ലഭിച്ച പന്തുമായി കെയ്ന്‍ ബോക്‌സിലേക്ക് കയറിയ നെയ്മര്‍ അനായാസം ലക്ഷ്യം കണ്ടു. 35ാം മിനിറ്റില്‍ മധ്യനിര താരം റാബിയട്ട് ലീഡ് വര്‍ധിപ്പിച്ചു. കെയ്ന്‍ താരങ്ങളുടെ പിഴവ് മുതലെടുത്ത് എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസ്, റാബിയട്ട് അനായാസം വലയിലെത്തിച്ചു. രണ്ടാം പകുതിയിലും പിഎസ്ജി ഒട്ടേറെ അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും പോസ്റ്റിന് മുന്നില്‍ കെയ്ന്‍ ഗോള്‍കീപ്പര്‍ സാമ്പ വിലങ്ങുതടിയായി.

ഒടുവില്‍ നെയ്മറിന് പകരം കളത്തിലിറങ്ങിയ തിമോത്തി വിയ സാമ്പയുടെ പിഴവ് മുതലെടുത്താണ് ഗോള്‍ നേടിയത്. ബോക്‌സിനുള്ളില്‍ പന്ത് ലഭിച്ച സാമ്പ കിട്ടിയ അവസരം താമസിപ്പിച്ചതാണ് വിനയായത്. അവസരം മുതലെടുത്ത വിയ പന്ത് ഗോളിലെത്തിക്കുമ്പോള്‍, താരം കളത്തിലെത്തിയിട്ട് ആറ് മിനിറ്റ് മാത്രം ജഴ്‌സിയൂരി ഗോള്‍ ആഘോഷിച്ച വിയ മഞ്ഞക്കാര്‍ഡും കണ്ടു.

You must be logged in to post a comment Login