ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ല; കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായം; മന്ത്രി മാപ്പ് പറയണം: രമേശ് ചെന്നിത്തല

കൊല്ലം: ആലപ്പാട്ടെ സമരക്കാരെ ആക്ഷേപിച്ച മന്ത്രി ഇ.പി ജയരാജന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ല. മന്ത്രി ദുര്‍വാശി ഉപേക്ഷിച്ച് പ്രസ്താവന പിന്‍വലിക്കാന്‍ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രദേശവാസികള്‍ തന്നെയാണ് ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത്. ആലപ്പാട്ടെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സമരക്കാരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ തള്ളി വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു‍. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ളവരെന്നായിരുന്നു ജയരാജന്റെ നിലപാട്. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല സൂനാമിയാണെന്നും വ്യവസായമന്ത്രി പറഞ്ഞു.

ആലപ്പാട്  ഖനനം നിയമപരമെന്നും നിര്‍ത്തിവയ്ക്കില്ല. ഇക്കാര്യം വ്യക്തമാക്കി ഐ.ആര്‍.ഇ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കെ.എം.എം.എല്‍ എം.ഡി അന്വേഷിക്കുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി. ഇ.പിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

You must be logged in to post a comment Login