ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നം: പൈപ്പിന്റെ അറ്റകുറ്റപ്പണി ഇന്നു തുടങ്ങും

ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കാണാന്‍ പൈപ്പിന്റെ അറ്റകുറ്റപ്പണി ഇന്നു തുടങ്ങും. ഇതിനായി അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാത പൊളിക്കുന്നത് സംബന്ധിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും കരാറുകാരും തമ്മില്‍ ധാരണയായി. ഇന്നലെ രാത്രി കേരള റോഡ് ഫണ്ട് ബോര്‍ഡും യുഡിസ്മാറ്റും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പാത പൊളിച്ച് പൈപ്പ് മാറ്റിയിടാന്‍ ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു.

അറ്റകുറ്റപണി പൂര്‍ത്തിയാക്കി രണ്ടുദിവസത്തിനകം കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാന്‍ ആകുമെന്നാണ് ജല അതോറിറ്റിയുടെ കണക്കുകൂട്ടല്‍. റോഡ് പൊളിക്കാന്‍ അനുമതി വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞ 11 ദിവസമായി  ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.

കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ നാളെ തിരുവനന്തപുരത്ത് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചേരും. ജല വിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ ജി സുധാകരനും, തോമസ് ഐസക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി രണ്ട് ലക്ഷത്തിലധികം പേരുടെ കുടിവെള്ളം മുടങ്ങിയിട്ട് 11 ദിവസം ആകുമ്പോഴാണ് അറ്റകുറ്റപ്പണികള്‍ക്കുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതി ആരംഭിച്ച ശേഷമുള്ള രണ്ട് വര്‍ഷത്തിനിടെ 43 തവണ വിവിധയിടങ്ങളില്‍ പൈപ്പ് പൊട്ടി ആലപ്പുഴയില്‍ കുടിവെള്ളം മുടങ്ങിയിരുന്നു.

You must be logged in to post a comment Login