ആവേശപ്പൂരത്തിന് ഇനി 100 നാള്‍ കൂടി;ലോകകപ്പ് മെയ് 30ന്

 

ഇംഗ്ലണ്ട്:അവസാനം ഏവരും കാത്തിരുന്ന ആ ദിവസം ഇങ്ങെത്തി. ലോകകപ്പിന് ഇനി 100 ദിവസം കീടി ബാക്കി. ഇംഗ്ലണ്ടും വെയ്ല്‍സും ആതിഥ്യം വഹിക്കുന്ന 12ാം ലോകകപ്പിന് ഇനി 100 നാള്‍ മാത്രം. മേയ് 30ന് ഓവലില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മല്‍സരത്തോടെ കൊടിയേറുന്ന ആവേശപ്പൂരത്തിന് ജൂലൈ 14ന് ലോര്‍ഡ്‌സില്‍ കൊടിയിറക്കം. ഇന്ത്യയുടെ മുന്‍നായകന്‍ എം.എസ്. ധോണിയടക്കമുള്ള വെറ്ററന്‍ താരങ്ങളുടെ വിടവാങ്ങലിനു കൂടി അരങ്ങാകുന്ന ടൂര്‍ണമെന്റില്‍ ആകെ 11 വേദികള്‍, 48 മല്‍സരങ്ങള്‍.

2011 ഏപില്‍ 2. വാങ്കഡെ സ്റ്റേഡിയത്തിന്റെ ഹൃദയത്തില്‍നിന്ന് മുംബൈ മഹാനഗരത്തിന്റെ ആകാശത്തിലേക്ക് എം.എസ്. ധോണി അടിച്ചുപറത്തിയ പന്തിലേക്ക് നമ്മളെല്ലാം നിര്‍ന്നിമേഷം നോക്കിനിന്ന നിമിഷം പിന്നീട്, രാവുറങ്ങിയിട്ടും ഉണര്‍ന്നിരുന്നു ലോകം ജയിച്ചവരെപ്പോലെ ആഘോഷിച്ച മണിക്കൂറുകള്‍

1983 ജൂണ്‍ 25. പുണ്യമൈതാനമായ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍, അഭിമാനസ്മിതവുമായി കപില്‍ദേവ് ലോകകിരീടം നെഞ്ചോടുചേര്‍ത്ത നാള്‍. ഇന്ത്യയുടെ കായികചരിത്രം തന്നെ തിരുത്തിക്കുറിച്ച ആ മുഹൂര്‍ത്തം ഓര്‍ത്തെടുക്കുമ്പോള്‍, രോമാഞ്ചം കൊണ്ട് പൂത്തുലഞ്ഞു പോകാറില്ലേ?

ഇതാ, അതേ ആവേശം തിരിച്ചുപിടിക്കാന്‍ സമയമായിരിക്കുന്നു. ലോകകിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് അവസരം. ക്രിക്കറ്റിന്റെ ജന്‍മനാട്ടില്‍ അഞ്ചാം തവണ വിരുന്നെത്തുന്ന ലോകകപ്പില്‍ അതിന് സാധ്യത ഏറെ.

You must be logged in to post a comment Login