ആവേശ പ്രകടനങ്ങള്‍ കെട്ടടങ്ങി; ഒന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് നിര വിജയക്കൊടി പാറിച്ചു; ഇന്ത്യക്ക് മുപ്പത്തിയൊന്ന് റണ്‍സിന്റെ തോല്‍വി

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആവേശകരമായ ജയം. ഇന്ത്യക്ക് 34 റണ്‍സിന്റെ തോല്‍വി.194 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 162 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നില്‍. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 93 പന്തില്‍ നാല് ബൗണ്ടറികളുമായി കൊഹ്‌ലി 51 റണ്‍സെടുത്ത് പുറത്തായി.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് 14.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ആന്‍ഡേഴ്‌സന്‍, സ്റ്റുവാര്‍ട്ട് ബ്രോഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

വിജയം പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി നാലാം ദിനം ഇന്ത്യന്‍ താരങ്ങള്‍ ഒന്നൊന്നായി പുറത്തായി. അഞ്ചിന് 110 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറില്‍ത്തന്നെ ദിനേഷ് കാര്‍ത്തികിന്റെ വിക്കറ്റ് നഷ്ടമായി. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്ത കാര്‍ത്തിക്കിനെ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബോളില്‍ ഡേവിഡ് മലാന്‍ പുറത്താക്കി. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി കോഹ്‌ലി പുറത്തായി. 93 പന്തില്‍ നാല് ബൗണ്ടറികളോടെയാണ് കോഹ്‌ലി 51 റണ്‍സെടുത്തത്.

മുഹമ്മദ് ഷാമിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയുടെ കൈകളിലെത്തിച്ച് സ്റ്റോക്‌സ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് ഷാമി പുറത്തായത്. 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആദില്‍ റഷീദ് എല്‍ബിയില്‍ കുരുക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാന വിക്കറ്റില്‍ മാത്രമായി.

61 പന്തില്‍ നാല് ബൗണ്ടറികളോടെ 31 റണ്‍സെടുത്ത പാണ്ഡ്യ പൊരുതിനോക്കിയെങ്കിലും കൂട്ടിന് ആളില്ലാതെ പോയത് വിനയായി. അവസാന വിക്കറ്റിന്റെ സമ്മര്‍ദ്ദത്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ അലസ്റ്റയര്‍ കുക്ക് പാണ്ഡ്യയെ ക്രീസില്‍ നിന്ന് പറഞ്ഞ് വിട്ടു.

അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 180 റണ്‍സിന് പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ന്ന വിജയലക്ഷ്യം 194 റണ്‍സ്. ബാറ്റിംഗ്് തുടങ്ങിയ ഇന്ത്യയ്ക്ക് 110 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ മൂന്നാം ദിനത്തില്‍ത്തന്നെ നഷ്ടമായി. മുരളി വിജയ്(6), ശിഖര്‍ ധവാന്‍(13), കെ.എല്‍ രാഹുല്‍ (13), അജിങ്ക്യ രഹാനെ (രണ്ട്), ആര്‍.അശ്വിന്‍ (13) എന്നിവരാണ് പുറത്തായത്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

ഏഴിന് 87 എന്ന നിലയില്‍ വന്‍തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ ഇരുപതുകാരന്‍ സാം കറാനാണ് രക്ഷിച്ചത്. ആദ്യ ഇന്നിംഗ്‌സിലെ ബോളിംഗ് ബാറ്റിമഗിലേക്ക് പകര്‍ന്ന കറാന്‍ 65 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 63റണ്‍സെടുത്തു. 28 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയാണ് രണ്ടാം ടോപ് സ്‌കോറര്‍.രണ്ടാം ദിവസത്തെ സ്‌കോറായ ഒന്നിന് ഒമ്പത് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിനെ അശ്വിന്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. എട്ടാം ഓവറില്‍ ലെഗ് സ്ലിപ്പില്‍ രാഹുലിന് പിടി കൊടുത്ത് കീറ്റണ്‍ ജെന്നിമഗ്‌സ് (8) മടങ്ങി. റൂട്ട് നിലയുറപ്പിക്കുമെന്ന് കരുതിയെങ്കിലും എട്ട് ഓവറുകള്‍ക്ക് ശേഷം അശ്വിന്‍ തന്നെ മടക്കി.

മാലന്‍ (20), ബെയര്‍‌സ്റ്റോ (28), സ്റ്റോക്ക്‌സ് (6) ബട്‌ലര്‍ (ഒന്ന്) എന്നിവരെ ഇഷാന്ത് മടക്കിയതോടെ ഇംഗ്ലണ്ട് ഏഴിന് 87 എന്ന നിലയില്‍. തുടര്‍ന്നായിരുന്നു ആദില്‍ റാഷിദിനെ (16) കൂട്ടു പിടിച്ച് കറാന്റെ ഇന്നിംഗ്‌സ്. റാഷിദ് പുറത്തായതോടെ അന്ത്യം മനസ്സിലാക്കിയ കറാന്‍ ഇഷാന്തിനെയും അശ്വിനെയും സിക്‌സറടിച്ച് തോല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ പത്താമനായി കറാന്‍ പുറത്താവുമ്പോഴേക്കും ഇംഗ്ലണ്ട് പൊരുതി നോക്കാവുന്ന സ്‌കോറിലെത്തിയിരുന്നു.

You must be logged in to post a comment Login