ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ വഴിയില്‍ ഇറക്കിവിട്ടു; പാലക്കാട്ട് കാറിടിച്ച് പരുക്കേറ്റ കുട്ടി മരിച്ചു

പാലക്കാട് നല്ലേപ്പള്ളിയില്‍ കാറിടിച്ച് പരുക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു. നല്ലേപ്പള്ളി സുദേവന്റെ മകന്‍ സുജിത്ത് ആണ് മരിച്ചത്. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാതെ ഇടിച്ച കാറിലുണ്ടായിരുന്നവര്‍ കുട്ടിയെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. ടയര്‍ പഞ്ചറാണെന്ന് പറഞ്ഞാണ് കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടത്.

സമയത്ത് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സ്‌കൂള്‍ വിട്ടശേഷം സഹപാഠിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരട്ടക്കുളം ഭാഗത്തുവച്ച് കുട്ടിയെ വാഹനം ഇടിച്ച് തെറിപ്പിക്കുന്നത്. പുത്തനത്താണി സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. ഇതു കണ്ടുനിന്നയാള്‍ കുട്ടിയുമായി ഇടിച്ച വാഹനത്തില്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അല്‍പദൂരം പോയശേഷം വാഹനത്തിലുണ്ടായിരുന്ന അഞ്ചംഗ സംഘം വാഹനത്തിന്റെ ടയര്‍ പഞ്ചറാണെന്ന് പറഞ്ഞ് കുട്ടിയെയും നാട്ടുകാരനെയും വഴിയില്‍ ഇറക്കിവിടുകയായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിലാണ് കുട്ടിയെ അത്താണിയിലുള്ള ആശുപത്രിയിലെത്തിച്ചത്. നിലവില്‍ കസബ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാലക്കാടിന്റെ അതിര്‍ത്തി പ്രദേശത്ത് മറ്റൊരു അപകടം ഉണ്ടാക്കിയ ശേഷമാണ് വാഹനം വന്നതെന്ന ആരോപണമുണ്ട്. എന്നാല്‍ പൊലീസ് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

You must be logged in to post a comment Login