ആശുപത്രിയിൽ എത്തിക്കാൻ കാറിൽ കയറ്റിയ ശേഷം വഴിയിലിറക്കിവിട്ടു; 12കാരന് ദാരുണാന്ത്യം

SHOCKING: കാറിടിച്ചിട്ടു; ആശുപത്രിയിൽ എത്തിക്കാൻ കാറിൽ കയറ്റിയ ശേഷം വഴിയിലിറക്കിവിട്ടു; 12കാരന് ദാരുണാന്ത്യം
പാലക്കാട്: കാറിടിച്ചു വീണ സ്കൂൾ വിദ്യാർഥിയെ അതേ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടിച്ച വണ്ടിയുടെ ഡ്രൈവർ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം ഇറക്കിവിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത് (12) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു നാലരയോടെ കൈതക്കുഴിക്കു സമീപം റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ കാ‍ർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയർ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും തന്നെയും ഇറക്കി കാർ യാത്രക്കാർ സ്ഥലം വിടുകയായിരുന്നെന്നു കൂടെ പോയ പരമൻ എന്നയാൾ പറഞ്ഞു.

ആറ് കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണു പോയതെന്നു പരമൻ പറഞ്ഞു. എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് ടയർ പഞ്ചറായെന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു പരമൻ പറഞ്ഞു. മലപ്പുറം റജിസ്ട്രേഷനിലുള്ള കാറാണ് ഇടിച്ചത്.

അപ്പുപ്പിള്ളയൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടിൽ മുത്തശ്ശന്റെ ചരമവാർഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽ വച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാൻ റോഡരികിൽ നിൽക്കുമ്പോഴാണ് അപകടം. അമ്മ: രാധ. സഹോദരൻ: സൂരജ്.

You must be logged in to post a comment Login