താന്‍ മദ്യപിച്ചതല്ല, മരുന്ന് കഴിക്കാത്തതിനാല്‍ ക്ഷീണം മൂലം കാല് ഉറയ്ക്കാതെ പോയതാണെന്ന് കേണപേക്ഷിച്ച് പറഞ്ഞതാണ്, എന്നാല്‍ അന്ന് ആരും അത് ചെവിക്കൊണ്ടില്ല.
ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് ലക്കുകെട്ട് താഴെ വീണ മലയാളിയായ സലിം എന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതുകൊണ്ട് തന്നെ അദേഹത്തെ അത്രവേഗം ആര്‍ക്കും മറക്കാനാവില്ല. സോഷ്യല്‍മീഡിയ ഒരുപാട് ആഘോഷിച്ചിരുന്നു അദ്ദേഹത്തിന്റെ വൈറല്‍ വിഡിയോ.
എന്നാല്‍ മദ്യപാനിയെന്ന് സലിമിനെ മുദ്ര കുത്തിയ സോഷ്യല്‍മീഡിയ ഇനിയെങ്കിലും ചെയ്ത ദ്രോഹം എത്ര വലുതായിരുന്നെന്ന് അറിയു, മദ്യപിച്ചിട്ടല്ല അദ്ദേഹം കുഴഞ്ഞ് വീണത്. മൂന്ന് വര്‍ഷം മുമ്പ് കടുത്ത സ്ട്രോക്ക് വന്ന അദ്ദേഹത്തിന് ശരീരത്തിന് തളര്‍ച്ചയുണ്ട്, മുഖപേശികള്‍ കോടിപ്പോയതിനാല്‍ സംസാരവൈകല്യവും നിലനില്ക്കുന്നു. ശാരീരികമായി അവശനായ ഒരാളെയാണ് ഇത്രയുംനാള്‍ മദ്യപാനിയെന്നു വിളിച്ചു പരിഹസിച്ചത്.
സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സലീമാണ് ട്രെയിനിനുള്ളില്‍ കുഴഞ്ഞു വീണത്. സ്ട്രോക്ക് വന്ന് ശരീരമാകെ കുഴയുകയും പിന്നീട് ബോധരഹിതനായി താഴെ വീഴുകയുമായിരുന്നുവെന്ന് സലീം ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ വിശദീകരിച്ചിരുന്നു.
ആഗസ്ത് 19, 2015നാണ് സലിമിന്റെ വിഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത്. വിഡിയോ വൈറലായതോടെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. സംഭവങ്ങളെല്ലാം അറിഞ്ഞ ഭാര്യ ഹൃദ്രോഗിയായി മാറി. സലിം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് സലീം മദ്യപിച്ചിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തി. തുടര്‍ന്ന് സലിമിന്റെ സസ്പെന്ഷന് പിന്‍വലിച്ചു. ശരീരം കുഴഞ്ഞുപോകുന്ന അവസ്ഥ വരികയും ബോധരഹിതനായി താഴെ വീഴുകയുമായിരുന്നുവെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
വിഡിയോ വൈറലായ സമയത്ത് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിയോട് താന്‍ മദ്യപിച്ചതല്ല, മരുന്ന് കഴിക്കാത്തതിനാല്‍ ക്ഷീണം മൂലം കാല് ഉറയ്ക്കാതെ പോയതാണെന്ന് കേണപേക്ഷിച്ച് പറഞ്ഞതാണ്, എന്നാല്‍ അന്ന് ആരും അത് ചെവിക്കൊണ്ടില്ല. കാലുകള്‍ നിലത്തുറയ്ക്കാതെ ആടുന്നതും വീഴുന്നതും ഒടുവില്‍ യാത്രക്കാര്‍ സലീമിനെ പിടിച്ചെഴുനേല്പ്പിയ്ക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ ഉള്ളത്.
ദേശീയ മാധ്യമങ്ങളുള്‍പ്പടെ വലിയ വാര്‍ത്തയാക്കിയതാണ് സലിമിന്റെ വിഷമം. എന്നാല്‍ ജോലിയില്‍ തിരിച്ചെടുത്ത വിവരം ഒരു മാധ്യമവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്തബന്ധുകള്‍ക്ക് മാത്രമേ സലിമിന്റെ നിരപരാധിത്വം അറിയൂ. അന്ന് താന്‍ മദ്യപിച്ചിരുന്നില്ലെന്നും വീഡിയോ തനിക്ക് അപമാനമുണ്ടാക്കിയെന്നും തന്റെ ജോലിയെ ബാധിച്ചെന്നും ചൂണ്ടികാണിച്ച് സലീം നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാന്‍ മാനനഷ്ടകേസ് നല്‍കിയിരിക്കുകയാണ്.
You must be logged in to post a comment Login