ഇംഗ്ലണ്ടിനെതിരെ കനത്ത തോല്‍വി മനഃപൂര്‍വമല്ല; കാരണം ഇതാണ്; തുറന്ന് പറഞ്ഞ് കോഹ്‌ലി

 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍159 റണ്‍സിന്റെ തോല്‍വി വഴങ്ങിയിട്ടും ന്യായീകരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഞങ്ങള്‍ നന്നായി കളിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ജയം ഒപ്പമുണ്ടായില്ലെന്നുമാണ് മത്സരശേഷമുള്ള പ്രതികരണത്തില്‍ കോഹ്‌ലി പറഞ്ഞത്. കളിക്കാരെ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ആദ്യ മത്സരത്തില്‍ ജയിക്കാവുന്ന കളിയാണ് ഇന്ത്യ കൈവിട്ടതെങ്കില്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ഇന്ത്യയെ വെറുതെ വിട്ടില്ല. ബാറ്റിംഗിലും ബൗളിംഗിലും ആധിപത്യം സ്ഥാപിച്ച അവര്‍ ഒരു ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടിന്നിംഗ്‌സുകളിലും ബൗളിംഗില്‍ ഇംഗ്ലീഷ് താരങ്ങള്‍ മികച്ചുനിന്നു.

മൂന്നാം ടെസ്റ്റിന് മുന്‍പായി മാനസികമായി കരുത്തുനേടണമെന്ന് ക്യാപ്റ്റന്‍ സഹകളിക്കാരെ ഉപദേശിച്ചു. ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിച്ചില്ല. എന്നാല്‍, നന്നായി ബൗള്‍ ചെയ്തു. ഫീല്‍ഡില്‍ അധികം ചാന്‍സുകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ല. ബൗളിംഗിലും ബാറ്റിംഗിലും കൂടുതല്‍ നന്നാവേണ്ടതായിരുന്നെന്നും കോഹ്‌ലി പറഞ്ഞു. വണ്‍ മാന്‍ ആര്‍മി എന്ന ആരോപണത്തെ കോഹ്‌ലി നിഷേധിച്ചു. ടീമിന്റെ പ്രകടനമാണ് ജയവും തോല്‍വിയും നിശ്ചയിക്കുന്നത്. തങ്ങള്‍ എന്താണ് ചെയ്യുന്നതെങ്കിലും അത് ഉത്തരവാദിത്വമാണ്. തെറ്റുകള്‍ മറച്ചുവെക്കുന്നില്ല. അത് പരിശോധിക്കുകയും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കോഹ്‌ലി പറഞ്ഞു.

ടെന്റ് ബ്രിഡ്ജില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് ജയിച്ച് 2-1 എന്ന നിലയില്‍ പരമ്പര എത്തിക്കാനാണ് ഇനിയുള്ള ശ്രമം. ഇംഗ്ലണ്ടിനെ പോലുള്ള ഒരു ടീമിനെതിരെ അവരുടെ മൈതാനത്ത് കളിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അവര്‍ അവരുടെ ഭാഗം നന്നായി കളിച്ചിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നതായും വിരാട് പറഞ്ഞു. കളിയില്‍ മാനസികമായി കരുത്തുനേടല്‍ പ്രധാനമാണെന്ന് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഓരോരുത്തരുടെയും മനസിലുണ്ടാകണം. ടീമിനുവേണ്ടി താന്‍ കളിക്കേണ്ടതുണ്ടെന്നും സ്വയം പറയണം. മാനസികമായി കരുത്തുനേടിയാല്‍ ഏത് പ്രതികൂല സ്ഥിതിയെയും നേരിടാന്‍ സാധിക്കും കോഹ്‌ലി പറഞ്ഞു.

അതേസമയം, 289 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 130 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ട് പേസര്‍മാര്‍ ചുരുട്ടിക്കെട്ടി. ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ഇംഗ്ലണ്ടിന്റെ ജയം. നാല് വിക്കറ്റുവീതം വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇംഗ്ലണ്ട് ജയം അനായാസമാക്കിയത്.

മൂന്നാം ദിനം സെഞ്ചുറി നേടിയ ക്രിസ് വോക്‌സ് രണ്ട് വിക്കറ്റെടുത്തു. 33 റണ്‍സോടെ പുറത്താകാതെനിന്ന അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 17 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഇന്നലെ 7-396 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ക്രിസ് വോക്‌സ് 137 റണ്‍സോടെ പുറത്താകാതെനിന്നു. വോക്‌സാണ് മാന്‍ ഓഫ് ദ് മാച്ച്. ജയത്തോടെ അഞ്ച് കളികളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി. ഇംഗ്ലണ്ടിന്റെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ത്തന്നെ ആദ്യ ആഘാതമേറ്റു.

ജെയിംസ് ആന്‍ഡേഴ്‌സന്റെ ഇന്‍സ്വിങ്ങര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച മുരളി വിജയ് (0) വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയ്ക്ക് ക്യാച്ച് നല്‍കി പുറത്ത് പോയി. ആദ്യ ഇന്നിംഗ്‌സിലും വിജയ് പൂജ്യത്തിനാണ് പുറത്തായത്. ആന്‍ഡേഴ്‌സന്റെ മറ്റൊരു തകര്‍പ്പന്‍ ഇന്‍സ്വിങ്ങറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി രാഹുലും (10) മടങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായതോടെ നായകന്‍ വിരാട് കോഹ്‌ലി അജിങ്ക്യ രഹാനെയ്ക്ക് സ്ഥാനക്കയറ്റം നല്‍കി.

മികച്ച ലെംഗ്തില്‍ പന്തെറിഞ്ഞ ഇംഗ്ലണ്ട് പേസര്‍മാര്‍ക്കെതിരെ പുജാര-രഹാനെ സഖ്യം തപ്പിത്തടഞ്ഞു മുന്നേറുന്നതിനിടെ മഴ അല്‍പനേരം കളിമുടക്കി. മത്സരം പുനരാരംഭിച്ചപ്പോള്‍ പിച്ചിലെ ഈര്‍പ്പം മുതലെടുത്ത ഇംഗ്ലണ്ട് പേസര്‍മാര്‍ പന്ത് നന്നായി സ്വിംഗ് ചെയ്യിച്ചതോടെ ഇന്ത്യ പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആദ്യ സ്‌പെല്ലില്‍ നിരാശപ്പെടുത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഊഴമായിരുന്നു പിന്നീട്. മികച്ച രീതിയില്‍ ബാറ്റുചെയ്തിരുന്ന രഹാനെ ബ്രോഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്തായി.

പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും അമിതാവേശത്തിനു മുതിരാതെയിരുന്നതോടെ ഇന്ത്യയുടെ റണ്‍ നിരക്ക് രണ്ടിലും താഴെയായി. പിഴവുകള്‍ തുടരെ ആവര്‍ത്തിച്ച പുജാരയുടെ (17) വിക്കറ്റ് ബ്രോഡിന്റെ ഇന്‍സ്വിങ്ങറില്‍ തെറിച്ചതോടെ കോഹ്‌ലിക്ക് കൂട്ടാളിയായി ഹാര്‍ദിക് ക്രീസില്‍ എത്തി. അധികം താമസിയാതെ കോഹ്‌ലിയെയും ബ്രോഡ് മടക്കി. കോഹ്‌ലിയുടെ കയ്യിലുരസിയ പന്ത് ഷോട്ട് ലെഗില്‍ ഒലി പോപ്പ് കൈപ്പിടിയിലൊതുക്കി.

ഏഴാമനായിറങ്ങിയ ദിനേഷ് കാര്‍ത്തികിനെ (0) തൊട്ടടുത്ത പന്തില്‍ ബ്രോഡ് വിക്കറ്റിനുമുന്നില്‍ കുടുക്കി. പരമ്പരയിലെ നാല് ഇന്നിംഗ്‌സുകളില്‍ രണ്ടാം വട്ടമാണ് കാര്‍ത്തിക് പൂജ്യത്തിന് പുറത്താകുന്നത്. ഏഴാം വിക്കറ്റില്‍ ചേര്‍ന്ന ഹാര്‍ദിക്-അശ്വിന്‍ സഖ്യം ചേര്‍ത്ത 55 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തിയത്. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഹാര്‍ദികിന്റെ (26) പോരാട്ടം അവസാനിച്ചു. ഇന്ത്യന്‍ വാലറ്റവും കാര്യമായ സംഭാവനകള്‍ നല്‍കാതെ ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ വീണതോടെ 47 ഓവറില്‍ ഇന്ത്യയുടെ പതനം പൂര്‍ണമായി.

You must be logged in to post a comment Login