ഇംഗ്ലണ്ടിന്റെ ആഷസ് ജയം; ടി-20 മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ആഘോഷിച്ച് ഇംഗ്ലണ്ട് വനിതാ താരങ്ങൾ: വീഡിയോ

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് അവിസ്മരണീയമായ വിജയം സ്വന്തമാക്കിയിരുന്നു. ബെൻ സ്റ്റോക്സിൻ്റെ സെഞ്ചുറി മികവിൽ ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ട് മത്സരം വിജയിച്ചത്. ഈ മത്സര വിജയം ടി-20 മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങളുടെ വീഡിയോ ട്വിറ്ററിലൂടെ പ്രചരിക്കുകയാണ്.

ഇംഗ്ലണ്ടിലെ വനിതാ ടി-20 ടൂർണമെൻ്റായ കിയ ക്രിക്കറ്റ് ലീഗിലെ മത്സരത്തിനിടയിലായിരുന്നു സംഭവം. സറേയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്ന ഇംഗ്ലീഷ് ക്യാപ്റ്റൻ നാറ്റ് സിവറും വിക്കറ്റ് കീപ്പർ സാറ ടെയ്‌ലറുമാണ് പിച്ചിൻ്റെ നടുവിൽ വെച്ച് വിജയം ആഘോഷിച്ചത്. അഞ്ചാം ഓവറിലെ നാലാം പന്തിൽ, വിജയമറിഞ്ഞയുടൻ ഇരുവരും മുഷ്ടി ചുരുട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.

മത്സരത്തിൽ വെസ്റ്റേൺ സ്റ്റോമിനോട് സറേ സ്റ്റാഴ്സ് 77 റൺസിനു പരാജയപ്പെട്ടിരുന്നു. 4 വിക്കറ്റിനു 171 റൺസെടുത്ത വെസ്റ്റേൺ സ്റ്റോം സറേ സ്റ്റാഴ്സിനെ 94 റൺസിനു പുറത്താക്കി. 89 റൺസെടുത്ത റേച്ചൽ പ്രീസ്റ്റും 51 റൺസെടുത്ത ഹെദർ നൈറ്റുമാണ് വെസ്റ്റേൺ സ്റ്റോമിനു വേണ്ടി തിളങ്ങിയത്. സറേയ്ക്കായി സാറ ടെയ്‌ലറാ(34)ണ് ടോപ്പ് സ്കോറർ.

നേരത്തെ ആരോഗ്യമാസികയ്ക്കു വേണ്ടി നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയ സാറ ടെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ചിത്രങ്ങളാണ് സാറ പോസ്റ്റ് ചെയ്തിരുന്നത്. സ്റ്റമ്പ് ചെയ്യുന്നതും ബാറ്റ് ചെയ്യുന്നതുമായ ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിൻ്റേതായി ഇതുവരെ പുറത്തു വന്നിട്ടുള്ളത്.

You must be logged in to post a comment Login