ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്കെതിരെ ലിവര്‍പൂളിന് ജയം


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്താമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. മറ്റൊരു മത്സരത്തില്‍ വാട്‌ഫോര്‍ഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പിച്ചു ടോട്ടനം ഹോട്‌സ്പറും കരുത്തുകാട്ടി. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാമതെത്താനു ടോട്ടനം മൂന്നാം സ്ഥാനത്തെത്തി.

സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ജോര്‍ജിനിയോ ഞാല്‍ഡമാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ സിറ്റിയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു ലിവര്‍പൂളിന്റെ ജയം.

മത്സരത്തിന്റെ ഉദ്ദ്വേഗജനകമായ തുടക്കം മുതലേ ആക്രമിച്ചു കളിച്ച ലിവര്‍പൂളിന് 10 മിനിറ്റിനകം ലീഡ് നേടാനായി. ഇടതു വിങ്ങില്‍ നിന്ന് ആദം ലല്ലാന നല്‍കിയ ക്രോസില്‍ ഉയര്‍ന്നു ചാടി തലവച്ച ഞാല്‍ഡം കൃത്യമായി പന്തു വലയിലെത്തിച്ചു. ഗോള്‍ മടക്കാന്‍ സിറ്റി താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ വഴങ്ങിയില്ല.

വാട്‌ഫോര്‍ഡിനെതിരേ ഹാരി കെയ്‌ന്റെയും ബാമിഡെലെ അലിയുടെയും ഇരട്ടഗോളുകളാണ് ടോട്ടനത്തിന് തുണയായത്. ഇഞ്ചുറി ടൈമില്‍ യൂനിസ് കാബൂളാണ് വാട്‌ഫോര്‍ഡിന്റെ ആശ്വാസഗോള്‍ നേടിയത്.

ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റുമായാണ് ലിവര്‍പൂള്‍ രണ്ടാമതെത്തിയത്. 39 പോയിന്റാണ് മൂന്നാമതുള്ള ടോട്ടനത്തിന്. 39 പോയിന്റുള്ള സിറ്റി ഗോള്‍ശരാശരിയിലാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 49 പോയിന്റുള്ള ചെല്‍സിയാണ് ഒന്നാമത്.

You must be logged in to post a comment Login