ഇടതുവശത്തേക്ക് ചായ്‌വുള്ള നടത്തം വിഷാദ ലക്ഷണം!

walking

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ അനുകരിക്കാന്‍ നിങ്ങള്‍ ചെറുപ്പത്തില്‍ ഒരു കൈയില്‍ ബക്കറ്റ് നിറയെ വെള്ളവുമായി ഭാരം ബാലന്‍സ് ചെയ്യാന്‍ മറുവശത്തേക്ക് ചെരിഞ്ഞ് നടക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?. എന്നാല്‍ ഇനി അത്തരം ശ്രമങ്ങള്‍ വേണ്ട. അമിതമായ വിഷാദവും ആശങ്കയും നിറഞ്ഞ മനസാണ് നിങ്ങളുടേതെങ്കില്‍, നിങ്ങളുടെ നടത്തത്തിന് കാലക്രമേണ ഇടതുവശത്തേക്ക് ഒരു ചെറിയ ചായ്‌വുണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

അമിതമായ ഉല്‍ക്കണ്ഠയും ആശങ്കയുമുള്ളവരുടെ തലച്ചോറിന്റെ വലതുഭാഗമായിരിക്കും കൂടുതല്‍ സജീവമായിരിക്കുക. തലച്ചോറിന്റെ വലതുഭാഗം സജീവമായിരിക്കുന്നതുകൊണ്ട് കാലക്രമേണ ഇവരുടെ നടത്തത്തില്‍ ഇടതുവശത്തേക്ക് ചായ്‌വുണ്ടാകുമെന്നാണ് കണ്ടെത്തല്‍.

യൂണിവേഴ്‌സിറ്റി ഓഫ് കെന്റിലെ സ്‌കൂള്‍ ഓഫ് സൈക്കോളജിയില്‍ നടന്ന പഠനങ്ങളില്‍ നിന്നാണ് ഈ നിഗമനം. പഠനത്തിന്റെ ഭാഗമായി വിവിധ മാനസികാവസ്ഥയുള്ള പല വ്യക്തികളെ കണ്ണുകെട്ടി ഒരേ നേര്‍രേഖയില്‍ നടക്കാന്‍ ആവശ്യപ്പെട്ടു. അമിതമായ ആശങ്കയും വിഷാദവും അനുഭവിക്കുന്ന വ്യക്തികള്‍ നടത്തത്തില്‍ ഇടതുവശത്തേക്ക് അവരറിയാതെതന്നെ വഴിമാറുന്നതായി ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടു.

ഇത്തരക്കാരുടെ തലച്ചോറിന്റെ വലതുഭാഗത്താണ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആന്തരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അമിതമായ ഉല്‍ക്കണ്ഠ മറ്റു പെരുമാറ്റ രീതികളെ എങ്ങനെ സ്വാധീനിക്കും എന്നതു സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണ്.

You must be logged in to post a comment Login