ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉത്പാദനം നടത്തി കുറയ്ക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ ശ്രമം പാളുന്നു

തൊടുപുഴ: പൂര്‍ണ്ണ സംഭരണശേഷിയിലെത്തിയ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉത്പാദനം നടത്തി കുറയ്ക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ ശ്രമം പാളുന്നു. സാങ്കേതികമായി കാലഹരണപ്പെട്ട മൂലമറ്റം പവര്‍ ഹൗസില്‍ സ്ഥാപിതശേഷിക്കനുസരിച്ച് ഉത്പാദനം നടത്താന്‍ കഴിയാത്തതാണ് ബോര്‍ഡിന് തിരിച്ചടിയാകുന്നത്. ഇതോടെ അണക്കെട്ട് തുറന്നുവിട്ട് വെള്ളം പാഴാക്കാതിരിക്കാനുള്ള നീക്കങ്ങള്‍ ഫലം കാണില്ലെന്നുറപ്പായി. ഉത്പാദനത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ മൂന്നിരട്ടിയാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

ഇനി അണക്കെട്ട് തുറക്കാതിരിക്കുന്നത് മഴയെ മാത്രം ആശ്രയിച്ചായിരിക്കും. ബോര്‍ഡിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞില്ലെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ അണക്കെട്ട് തുറന്നുവിടേണ്ടിവരുമെന്ന് ഉറപ്പായതായി വൈദ്യുതി ബോര്‍ഡ് ഗവേഷണവിഭാഗം ഡയറക്ടര്‍ എസ് രാജീവ് കേരള ഭൂഷണത്തോട് പറഞ്ഞു.

 

ഏത് സാഹചര്യവും നേരിടാന്‍ കെ എസ് ഇ ബി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ കെ കെ കറപ്പന്‍കുട്ടി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കുന്നുണ്ട്. ചെറുതോണി അണക്കെട്ട് തുറന്നുവിട്ടാല്‍ വെള്ളം ഒഴുകാന്‍ സാധ്യതയുള്ള മേഖലകള്‍ അദ്ദേഹം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
2401.06 അടിയാണ് ഇന്നലെ രാത്രി 9 മണിയിലെ അണക്കെട്ടിലെ ജലനിരപ്പ്. 32.46 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുതകുന്ന വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. എന്നാല്‍ മൂലമറ്റം പവര്‍ ഹൗസിലെ ഉത്പാദനം 16.68 ദശലക്ഷം യൂണിറ്റായിരുന്നു. ഇത് സമീപകാലത്തെ ഉയര്‍ന്ന ഉത്പാദനമാണ്. ഇന്നലെ പകല്‍ 600 മെഗാവാട്ടില്‍ ജനറേറ്റര്‍ ഓടിച്ചെങ്കിലും ഡ്രിപ്പായി.
അണക്കെട്ട് തുറന്നുവിട്ട് ജലം പാഴാക്കുന്നത് പരമാവധി ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍ഡ് അമിതോത്പാദനം നടത്താറുണ്ട്. എന്നാല്‍ ഇക്കുറി എത്രശ്രമിച്ചിട്ടും ബോര്‍ഡിന്റെ പ്രതീക്ഷ അസ്ഥാനത്താകുകയാണ്.  കുറച്ചുനാളുകളായി മൂലമറ്റം പവര്‍ ഹൗസിന്റെ ഉത്പാദനശേഷി കുറഞ്ഞുവരുകയാണ്.  പവര്‍ ഹൗസിലെ 2000 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. ഇതില്‍ ഏറ്റവും ഉയര്‍ന്ന ഉത്പാദനം നടന്നത് 2007 -08 ലാണ്. 3316.024 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇക്കാലയളവില്‍ ഉത്പാദിപ്പിച്ചത്. ഇതുതന്നെ ഇടുക്കി പദ്ധതിയുടെ സ്ഥാപിത ഉത്പാദനശേഷിയായ 780 മെഗാവാട്ടിന്റെ 48.4 ശതമാനം മാത്രമാണ്. 2011-12 ല്‍ 44.52 ശതമാനമായിരുന്നു ഉത്പാദനം. ഇടുക്കി പവര്‍ ഹൗസ് സാങ്കേതികമായി കാലഹരണപ്പെട്ടതായി നിരവധി റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്.
ദക്ഷിണ മേഖലാ പവര്‍ഗ്രിഡുമായി ബന്ധപ്പെട്ട ചില ട്രാന്‍സ്മിഷന്‍ പ്രശ്‌നങ്ങളും മൂലമറ്റം പവര്‍ ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി സൂചനയുണ്ട്. ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ നിരീക്ഷണവും പഠനവും ആവശ്യമാണ്. ദക്ഷിണ ഗ്രിഡിലെ എല്ലാ പവര്‍ഹൗസുകളേയും പരസ്പരം യോജിപ്പിച്ചു കൊണ്ടുള്ള പ്രസരണ സംവിധാനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാരണത്താല്‍ ഗ്രിഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും പവര്‍ ഹൗസുകളിലോ ട്രാന്‍സ്മിഷന്‍ മേഖലകളിലോ തകരാര്‍ സംഭവിച്ചാല്‍ അത് സ്വാഭാവികമായും മൂലമറ്റത്തെ ഉല്‍പാദന സംവിധാനത്തേയും ബാധിക്കുന്നു. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പവര്‍ഹൗസായതിനാല്‍ ഇവിടത്തെ തകരാര്‍ കേരളെത്തയാകെ ബാധിക്കുകയും ചെയ്യുന്നുണ്ട്. സംഭരണശേഷിയുടെ 97 ശതമാനം വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്.

You must be logged in to post a comment Login