ഇടുക്കി നിറയുമ്പോള്‍ കോതമംഗലത്തു ചങ്കിടിപ്പ്

കോതമംഗലം: ഇടുക്കി അണക്കെട്ടില്‍ നിന്നും അധിക ജലപ്രവാഹമുണ്ടായാല്‍ കോതമംഗലം താലൂക്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് താലൂക്കിലെ നേര്യമംഗലം, കുട്ടംമ്പുഴ, കുട്ടമംഗലം, പിണ്ടിമന, കീരംപാറ എന്നീ വില്ലേജുകളിലായി താമസിക്കുന്ന നൂറുകണക്കിന് കുടംബംങ്ങളെ വെള്ളപ്പൊക്കം ബാധിക്കുമെന്നാണ് റവന്യുവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. പെരിയാറും ഇതിന്റെ കൈ വഴികളും ഈ വിലേജ് പരിധികളില്‍ കൂടി ഒഴുകുന്നുണ്ട്. ഇതിനാല്‍ ശക്തമായി ഒഴുകിയെത്തുന്ന വെള്ളം താഴന്ന പ്രദേശങ്ങളെ മൂടുന്നതിന് സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ റിപ്പോര്‍ട്ട്.  കഴിഞ്ഞ ദിവസങ്ങളില്‍ പെരിയാര്‍ തീരത്ത് അപകട മേഖലയില്‍ കഴിയുന്ന കുടംബങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് താമസം മാറണമെന്ന് റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഒട്ടുമിക്കവരും ഇത് കാര്യമാക്കിയിട്ടില്ലെന്നാണ് അറിയുന്നത്.

 

idukki

വസ്തുവകകള്‍ വിട്ടുപോകുന്നതിനുള്ള മനോവിഷമത്തിലാണ് ഇവരില്‍ ഏറെപേരും അധികൃതരുടെ മുന്നറിയിപ്പ് അവഗണിക്കുന്നത്. കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ അമിത ജലപ്രവാഹം മൂലം ഇടമലയാര്‍, ഭൂതത്താന്‍ കെട്ട് ജലസംഭരണികള്‍  ദിവസങ്ങള്‍ക്കു മുന്‍പെ തുറന്നിരുന്നു. ഇപ്പോഴും ഡാമുകളിലേക്ക് ജലപ്രവാഹം ശക്തമാണ്. ഇന്നലെ വൈകിട്ട്  കോതമംഗലം തഹസില്‍ദാര്‍ കെ.കെ.അബുബക്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഭൂതത്താന്‍കെട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്തിടെ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മേഖലയില്‍ കനത്ത നാശനഷ്ടം വിതച്ചിരുന്നു.
പെരിയാറിന്റെ മിക്ക കൈവഴികളും അടഞ്ഞിരിക്കുകയാണ്. ചെറുതോടുകളും പുഴകളും പായലും മാലിന്യവുംകൊണ്ട് മൂടിയതിനാല്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം നദിയിലൂടെ മാത്രമേ ഒഴുകൂ. ഇത് ദുരിതം ഇരട്ടിക്കാനേ ഇടവരുത്തൂവെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നേരിയമംഗലം,കോതമംഗലം,മലയാട്ടോര്‍ മേഖലയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പലരും ഒഴിഞ്ഞു പോകാന്‍ കൂട്ടാക്കാത്തത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കാലങ്ങളായി താമസിക്കുന്ന വീടും സ്ഥലവും ഉപേക്ഷിച്ചു പോകാന്‍ കൂട്ടാക്കാത്തതാണ് പലരുടേയും പ്രശ്‌നം. വീടുകള്‍ ഒലിച്ചു പോകുന്ന പ്രളയം ഒന്നും വരില്ല എന്ന നിലപാടിലാണ് പലരും. ബന്ധപ്പെട്ടവര്‍ പല മേഖലകളിലും സന്ദര്‍ശനം നടത്തി ജനങ്ങളെ മാടി പാര്‍പ്പിക്കാന്‍ നേതൃത്വം നല്കുന്നുണ്ട്.

You must be logged in to post a comment Login