ഇണയും ഇരയുമാകണം ആവാസവ്യവസ്ഥ

  • വി.കെ. ശ്രീധരന്‍

ഇനി എന്തു പഴം തേടും തത്തേ
തിന്തകതാരിക തിമ്രിതൈ ,
തിന്തന്താരിക തിമ്രിതൈ
അത്തിപ്പഴം തേടും ഞാനേ
തിന്തകതാരിക തിമ്രിതൈ
ആ പഴവും മാഞ്ഞുപോയല്ലോ
തിന്തതാരിക തിമ്രിതൈ
ഓടപ്പഴം തേടും ഞാനേ,തിന്തതാരിക തിമ്രിതൈ
ആ പഴവും മാഞ്ഞുപോയല്ലോ, തിന്തതാരിക തിമ്രിതൈ
പൂച്ചപ്പഴം തേടും ഞാനേ..
ആ പഴവും മാഞ്ഞുപോയല്ലോ
മാങ്ങപ്പഴം,പഴപ്പഴം…

അങ്ങനെ പോകുന്നു മലയാളത്തിന്റെ പഴയപഴ പെരുമകളുടെ നേര്‍ക്കാഴ്ച. വിരളമാകുന്ന വിവിധതയുടെ വിസ്മയങ്ങള്‍. ഒരു ചെടി ഇല്ലാതാകുമ്പോള്‍ അന്യം നില്‍ക്കുന്നത് അതിനെ ആശ്രയിച്ച് കഴിയുന്ന പലതരം ചെടികള്‍, കിളികള്‍, ശലഭങ്ങള്‍, ജന്തുക്കള്‍.. മൗറീഷ്യസിലെ ഡോഡോ പക്ഷിയുടെ വംശനാശം കാല്‍പേരിയ മേജര്‍ എന്ന സസ്യം അപ്രത്യക്ഷമാകാന്‍ ഇടയാക്കിയതുപോലെ. കാരണം കാല്‍പേരിയ പഴം ഡോഡോ തിന്ന് വിസര്‍ജ്ജിച്ചാലേ അതിന്റെ കുരു മുളയ്ക്കൂ.

ആഹാരത്തിന്റെ അനാദൃശമായ കണ്ണികളാല്‍ ബന്ധിതമാകുന്നത് എന്തെല്ലാം ജൈവവസ്തുക്കള്‍ , ജീവികള്‍.. കൊച്ചുക്ലാസില്‍ ഓതി പഠിച്ച ഭക്ഷ്യശൃംഖലയില്‍ പുല്ല്, പുല്‍ച്ചാടി, തവള, പാമ്പ്, പരുന്ത് പിന്നെ പരുന്ത് ചത്ത് മണ്ണടിയുമ്പോള്‍ അതു ഭക്ഷിക്കുന്ന വിഘാടകര്‍, ( Micro Organisam) വീണ്ടും പുല്ല് മുളച്ച് പരുന്തിലേക്കെത്തുന്നു. ആ പറവ താഴത്തു പതിക്കാതെ മനുഷ്യന്റെ വയറ്റിലേക്ക് പോയാലോ അതിസൂക്ഷ്മമാണ് കണ്ണിമുറിയുന്ന പ്രപഞ്ചത്തിലെ വികാസ പരിണാമങ്ങള്‍. ഒരു ദശകമായി കുറഞ്ഞുകൊണ്ടിരുന്ന ദാരിദ്ര്യം വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്രസംഘടന. 2016 ലെ ഭക്ഷ്യ സുരക്ഷയേയും പോഷകാഹാരത്തെയും സംബന്ധിച്ച യു. എന്‍. റിപ്പോര്‍ട്ട് പ്രകാരം ലോകജനസംഖ്യയുടെ 11 ശതമാനം ആളുകളും പട്ടിണിക്കാര്‍. 81.5 കോടി. വര്‍ഷാരംഭത്തില്‍ സംഘര്‍ഷങ്ങളുള്ള സുഡാന്‍, യെമന്‍, സോമാലിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ ക്ഷാമം നേരിട്ടിരുന്നു. വെള്ളപൊക്കവും വരള്‍ച്ചയും സൃഷ്ടിച്ച എല്‍നിനോ പ്രഭാവം ചില രാഷ്ട്രങ്ങളില്‍ ഭക്ഷ്യസുരക്ഷ പ്രശ്‌നങ്ങളും സാമ്പത്തികമാന്ദ്യവും ഉണ്ടാക്കി. ദരിദ്രരില്‍ ഏറ്റവും കൂടുതല്‍ ഏഷ്യയില്‍ 52 കോടി . രണ്ടാമത് 24. 3 കോടിയോടെ ആഫ്രിക്ക. ലാറ്റിനമേരിക്ക, കരീബിയ രാജ്യങ്ങളില്‍ 4.2 കോടി പേര്‍.

മനുഷ്യരുടെ മാത്രം കണക്കെടുപ്പാണിത്. മധുരയില്‍ രാധാകുണ്ഡ് ആശ്രമത്തില്‍ ജര്‍മ്മന്‍ കാരിയായ ഐറീന ബ്രൂണിംഗ് എന്ന 59 വയസ്സുള്ള ജര്‍മ്മന്‍കാരി തീറ്റിപ്പോറ്റുന്നത് 1200 പശുക്കളെ. പ്രതിമാസം 22 ലക്ഷം രൂപ ചെലവഴിച്ച്. കറവവറ്റി അവശനിലയില്‍ ഉപേക്ഷിക്കപ്പെട്ട മിണ്ടാപ്രാണികളെ. എല്ലാ മാനവര്‍ക്കു മാത്രം മതിയെന്ന ചിന്ത എന്നാണ് ഉടലെടുത്തത്? മാങ്ങ പറിക്കുമ്പോള്‍ കുറച്ച് മറ്റു ജീവികള്‍ക്കായി മാവില്‍ നിറുത്തിയിരുന്നു. അച്ഛന്‍ കൊമ്പത്ത്.. അമ്മ വരമ്പത്ത് എന്ന പാട്ടില്‍ ‘കള്ളന്‍ ചക്കീട്ടു കണ്ടാ മിണ്ടണ്ട കൊണ്ടോയ് തിന്നോട്ടോ’ എന്ന പരികല്പന നോക്കൂ. പാഴായിപ്പോകുന്ന എന്ന് പറയപ്പെടുമ്പോഴും എത്രയോ ജീവികളാണ് ചക്കയെ ആശ്രയിച്ച് കഴിയുന്നത് പരിസര മലിനീകരണത്തിന് ഹേതുവാകാതെ നോക്കണമെന്നു മാത്രം. സസ്യ- ജന്തു സംരക്ഷണത്തിനായി നിയമങ്ങളും പ്രസ്ഥാനങ്ങളും ഒട്ടേറെ. വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണവും സുഖചികിത്സയും നല്കാനുള്ള പഴയ തലമുറയുടെ വ്യഗ്രത ആര്‍ദ്രതയുടെ ദൃഷ്ടാന്തം. ആനകള്‍ നാട്ടിലേക്കിറങ്ങുന്നതെന്തുകൊണ്ട് ?വന്യമൃഗശല്യം വാര്‍ത്തയല്ലാതാകുന്നു. പന്നി, കുരങ്ങന്‍, മയില്‍ തുടങ്ങിയവ കൃഷി നശിപ്പിക്കുന്നതിനായി റിപ്പോര്‍ട്ടുകള്‍. അടുക്കളയിലേക്ക് അണി നിരന്ന് നീങ്ങുന്ന ഉറുമ്പില്‍ കൂട്ടം. എലികള്‍ക്ക് വീടുകളില്‍ സുഖവാസം. പറമ്പിലും പാടത്തും കൃഷിയിറക്കാതാകുമ്പോള്‍ അന്നം തേടി അലയുകയാണ് അവിടുത്തെ ജീവി വര്‍ഗ്ഗങ്ങള്‍. ആരണ്യത്തില്‍ ആഹാരത്തിന് അറുതി വരുമ്പോഴാണ് ആള്‍പാര്‍പ്പുള്ളിടത്തേക്ക് കാട്ടുജന്തുക്കളുടെ പ്രയാണം. കഴിഞ്ഞു കൂടാനുള്ള അവസാനത്തെ പച്ചപ്പിനും കത്തിവെക്കുമ്പോള്‍, വെള്ളം കിട്ടാക്കനിയുമാകുമ്പോള്‍… നിലനില്‍പ്പിനായുള്ള പലായനങ്ങള്‍.

ഒരു ചതുപ്പ് വരണ്ടുപോകുമ്പോള്‍, ചത്തൊടുങ്ങുന്നത് അവിടെ സ്ഥിരവാസമുറപ്പിച്ച ഒട്ടനവധി ജീവികള്‍, അതില്‍ മുട്ടയിട്ട് പ്രജനനം നടത്തുന്ന തുമ്പികള്‍. മുട്ടയിട്ട് വിരിഞ്ഞ് പാറി പറക്കേണ്ട പൂമ്പാറ്റകളുടെ മാതൃസസ്യം( Mother plant) വെട്ടിവീഴ്ത്തുമ്പോള്‍, കരിഞ്ഞുണങ്ങുമ്പോള്‍ അവയുടെ പോറ്റമ്മ പോയതിന്റെ ആവലാതികള്‍ ആരറിയാന്‍ ? തേനീച്ചകള്‍ തിരോഭവിക്കുമ്പോള്‍, നമുക്ക് നഷ്ടമാകുന്നത് തേനും മെഴുകും മാത്രമല്ല കാര്‍ഷിക വിളസമൃദ്ധി ഉറപ്പാക്കാനുള്ള ശലഭങ്ങളും തുമ്പികളും പോലെ പര്യാണത്തിന് സഹായിക്കുന്ന മധ്യവര്‍ത്തികള്‍. മണ്ണിനെ പൊന്നണിയിക്കുന്ന ശതകോടി ചെറുപ്രാണികള്‍ക്ക് തിന്നാന്‍ ജൈവവസ്തുക്കള്‍ കിട്ടിയാലേ കൃഷിയിടങ്ങള്‍ ഫലഭൂയുഷ്ഠമാക്കി ഉല്പാദനം വര്‍ദ്ധിക്കൂ ഈ മുറ തെറ്റിക്കുന്നത് രാസവള- കീടനാശിനികള്‍, കൃത്രിമ കാര്‍ഷിക വൃത്തികള്‍. ആഹാര ലഭ്യതയോടൊപ്പം ഉറപ്പാക്കേണ്ടത് പോഷണ സുരക്ഷിതത്വം. മുമ്പ് സൂചിപ്പിച്ച യു. എന്‍. റിപ്പോര്‍ട്ടനുസരിച്ച് 61.3 കോടിയാണ് വിളര്‍ച്ച ബാധിച്ച വനിതകള്‍.

സാര്‍വ്വദേശീയമായി അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് കുറയുമ്പോഴും 2016- ല്‍ 9 ലക്ഷം ശിശുക്കള്‍ ഇഹലോകവാസം വെടിഞ്ഞ് ഇന്ത്യ ഒന്നാമതെത്തി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നൈജീരിയക്കും കോംഗോവിനും ( ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെടിയ്‌സ് ആന്റ് ഇവാല്യുവേഷന്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സര്‍വ്വേ) കുട്ടികളില്‍ ആക്കകുറവുള്ളവര്‍ 35.7 ശതമാനവും വളര്‍ച്ച കുറവുള്ളവര്‍ 38.4 ശതമാനവുമാണെങ്കില്‍ 58.4 ശതമാനം വിളര്‍ച്ച ബാധിച്ചവരാണ്. ഭാരതത്തില്‍ നീതി ആയോഗിന്റെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പോഷകാഹാരക്കുറവുള്ള 201 ജില്ല പട്ടികപ്പെടുത്തിയിട്ടുണ്ട്. മൂന്നില്‍ ഒരു കുട്ടിയെ ഇത് ബാധിക്കുന്നു. യു.പി, ബീഹാര്‍, മധ്യപ്രദേശ് എന്നിങ്ങനെയാണ് പിന്നിലുള്ള സംസ്ഥാനങ്ങള്‍ .സെപ്തംബര്‍ 18 മുതലാണ് പോഷകാഹാര വരാചാരണം.

മനുഷ്യനുമാത്രമല്ല ഭക്ഷ്യഭദ്രത സര്‍വ്വചരാചരങ്ങള്‍ക്കും. ഈ ചെടിയോ ജീവിയോ ചെമ്പട്ടികയിലേക്ക്(Red data book) കുതിക്കുമ്പോള്‍ ശിഥിലമാകുന്നത് പരസ്പര പൂരകത്വം.തീര്‍ക്കാം നമുക്ക് ജൈവവൈവിദ്ധ്യത്തോട്ടങ്ങള്‍, ശലഭോദ്യാനങ്ങള്‍ സമിശ്ര- ജൈവകൃഷിയിടങ്ങള്‍. വനവിശാലതയില്‍ വിന്യസിക്കപ്പെടുന്ന കാര്‍ഷിക വിള സമ്പ്രദായം (Agro Forestry)പീച്ചിയിലെ വനഗവേഷണ കേന്ദ്രം (KFRI) വികസിപ്പിച്ച് വിജയിപ്പിച്ചത്.അത് ആദിമനിവാസികള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഒരുപോലെ ഗുണപ്രദം. കാത്തുകൊള്ളേണ്ടത് അവനിയിലെ സര്‍വ്വവും ഇണയും ഇരയുമാകുന്ന ആവാസ വ്യവസ്ഥയുടെ ചാക്രികത. അങ്ങനെയാണ് എന്നെന്നും പൂത്തുകായ്ക്കുന്ന സുരക്ഷിത ഭക്ഷണത്തിന്റെ നാമ്പുകള്‍ പൊട്ടിമുളയ്ക്കുക.

 

You must be logged in to post a comment Login