ഇതറിഞ്ഞാല്‍ അച്ഛന്‍ തന്നെ കൊല്ലുമെന്ന് ജാന്‍വി; ഞങ്ങള്‍ക്കും ഇഷ്ടപ്പെട്ടില്ലെന്ന് സോഷ്യല്‍മീഡിയ

മുംബൈ: ബോളിവുഡിലെ പുത്തന്‍ താരമാണ് അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകള്‍ ജാന്‍വി കപൂര്‍. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ ആണ് ജാന്‍വിയുടെ നായകനായി എത്തിയത്. ആദ്യ ചിത്രത്തിന് ശേഷം ഇപ്പോള്‍ നിരവധി ഓഫാറുകളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ അടിമുടി പുത്തന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ജാന്‍വി. മുടി മുറിച്ച് ആളാകെ മാറിയിക്കുകയാണ് താരം. കോസ്‌മോപോളിറ്റന്‍ മാഗസിന്റെ കവര്‍ ഗേള്‍ ആകാന്‍ വേണ്ടിയാണ് താരം മുടി മുറിച്ചത്.

ജനുവരി ലക്കം കോസ്‌മോപോളിറ്റന്‍ മാഗസിന്റെ കവര്‍ ആയാണ് ജാന്‍വി എത്തുന്നത്. കോസ്‌മോപോളിറ്റന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജാന്‍വി തന്റെ പുത്തന്‍ ലുക്ക് ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. മുടി മുറിച്ച കാര്യം അച്ഛന്‍ അറിഞ്ഞാല്‍ തന്നെ കൊല്ലുമെന്നും ജാന്‍വി വീഡിയോയില്‍ പറയുന്നു.

എന്നാല്‍ ഭൂരിഭാഗം ആരാധകര്‍ക്കും ജാന്‍വിയുടെ പുത്തന്‍ ലുക്ക് അത്ര പിടിച്ച മട്ടില്ല. മുടിയുള്ള ജാന്‍വിയായിരുന്നു കൂടുതല്‍ സുന്ദരിയെന്നും അമ്മയുടെ തനി പകര്‍പ്പായിരുന്നുവെന്നും ഇപ്പോള്‍ ആളാകെ മാറിയെന്നും ഇവര്‍ പറയുന്നു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരിക്കും ജാന്‍വി ഇനി അഭിനയിക്കുക. ജാന്‍വിയുടെ സഹോദരി ഖുശി കപൂറും അടുത്തുതന്നെ വെള്ളിത്തിരയിലേക്കെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

You must be logged in to post a comment Login