ഇതാണ് മെസി; അത്യപൂര്‍വ റെക്കോര്‍ഡ് കീഴടക്കി താരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്; ലാലിഗയില്‍ എതിരാളികളില്ലാത്ത രാജാവ്; അമ്പരപ്പോടെ ഫുട്‌ബോള്‍ ലോകം

ലോകകപ്പ് കഴിഞ്ഞതോടെ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് ലയണല്‍ മെസി. തന്റെ കരുത്ത് കളത്തില്‍ കാണിക്കാനാകാതെ തലകുനിച്ച് മടങ്ങിയ താരം ഇപ്പോഴും ആരാധകരുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. അര്‍ജന്റീനയുടെ പരാജയം മെസിയുടേയും അര്‍ജന്റീന ആരാധകരുടേയും പരാജയമായാണ് പലരും നോക്കികണ്ടത്. എന്നാല്‍, ഇതിനെല്ലാം പകരം വീട്ടുകയാണ് താരം ഇപ്പോള്‍. ബാഴ്‌സ കുപ്പായത്തില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുകയാണ് അര്‍ജന്റീനിയന്‍ ഇതിഹാസം.

ആരെയും അമ്പരപ്പിക്കുന്ന വിജയമാണ് ഹുഎസ്‌കെയ്ക്ക് എതിരായ മത്സരത്തില്‍ മെസി ക്യാപ്റ്റനായ ബാഴ്‌സ ടീം നേടിയത്. എട്ട് ഗോളുകളാണ് ഹുഎസ്‌കെയുടെ ഗോള്‍ പോസ്റ്റിലേക്ക് പാഞ്ഞടുത്ത ബാഴ്‌സ സംഘം നേടിയത്. മെസിയും സുവാരസും ഇരട്ടഗോളുകള്‍ നേടിയ മത്സരം മറ്റൊരു റെക്കോഡ് നേട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മെസി തന്നെയാണ് ആ റെക്കോഡ് പട്ടത്തിന്റെയും ഉടമ. ലാലിഗയില്‍ ഇന്നലത്തെ മത്സരത്തിലൂടെ 150 അസിസ്റ്റ് എന്ന ഒന്നാം നമ്പര്‍ നേട്ടത്തിന് കൂടിയാണ് ഫുട്‌ബോളിലെ മിശിഹ അര്‍ഹനായത്.

മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ മെസി, രണ്ട് ഗോളുകള്‍ക്കാണ് അസിസ്റ്റ് ചെയ്തത്. മറുപടിയായി രണ്ട് ഗോളുകള്‍ മാത്രമാണ് ഹുഎസ്‌ക തിരിച്ചടിച്ചത്. ഒന്നാം പകുതിയില്‍ മൂന്നാം മിനിറ്റിലാണ് ഹുഎസ്‌ക ലീഡെഡുടത്തത്. എന്നാല്‍, അതിന് മറുപടി നിമിഷനേരം കൊണ്ട് മെസി തിരിച്ച് നല്‍കി. രണ്ടാം പകുതിക്ക് 11 മിനിറ്റ് മാത്രം അവശേഷിക്കെയാണ് മെസി രണ്ടാമത്തെ ഗോള്‍ നേടിയത്. ബാഴ്‌സയുടെ ആറാമത്തെ ഗോളായിരുന്നു അത്. മത്സരത്തില്‍ ഇവാന്‍ റാക്കിടിച്ചിനും ജോര്‍ദി അലബയ്ക്കും ഗോളടിക്കാനുളള അവസരമാണ് മെസി നല്‍കിയത്. ഇതോടെ 21ാം നൂറ്റാണ്ടില്‍ 150 അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമായി അദ്ദേഹം മാറി.

143 അസിസ്റ്റുമായി സെസ്‌ക് ഫാബ്രിഗസും, 123 അസിസ്റ്റുമായി മെസ്യൂട്ട് ഓസിലുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുളളത്. എന്നാല്‍, ഇവര്‍ രണ്ടുപേരും കളിക്കുന്നത് സ്‌പെയിനിലല്ല. അതിനാല്‍ തന്നെ ലാലിഗയില്‍ എതിരാളികളില്ലാത്ത രാജാവായി മാറുകയാണ് മെസി. രണ്ട് ഗോളുകള്‍ നേടിയ മെസി 93ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സുവാരസിന് വിട്ടുകൊടുത്തു. ഹാട്രിക് നേടാമായിരുന്ന അവസരം വിട്ടുകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചതിനെ വാഴ്ത്തുകയാണ് ഫുട്‌ബോള്‍ ലോകം.

You must be logged in to post a comment Login