ഇതാ ദൈവത്തിന്റെ കയ്യുമായി ഒരു മനുഷ്യന്‍

  • സുമ പള്ളിപ്രം

മനുഷ്യരിലെ മനുഷ്യത്വവും കാരുണ്യവും വറ്റിവരുന്ന കാലഘട്ടത്തില്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് സഹജീവികളോട് കാരുണ്യവും മൃതദേഹങ്ങളോട് പോലും ആദരവും ബഹുമാനവും നല്‍കുന്ന ആള്‍രൂപമാണ് കോഴിക്കോട് ജില്ലയില്‍ ഒളവണ്ണ പഞ്ചായത്തിലെ മഠത്തില്‍ അബ്ദുള്‍ അസീസ് എന്ന ഈ വലിയ മനുഷ്യന്‍. എത്ര വാക്കുകള്‍ കൊണ്ട് എഴുതിയാലും ഈ വ്യക്തിത്വത്തെ അടയാളപ്പെടുത്തുക ഇത്തിരി ബുദ്ധിമുട്ടാണ്. പൂക്കിപ്പറമ്പ് ബസ്സപകടവും കടലുണ്ടി തീവണ്ടി അപകടവും ഈ രണ്ട് ദുരന്തങ്ങളും മനസ്സില്‍ തെളിയുമ്പോള്‍ ഇദ്ദേഹത്തെ ഓര്‍ത്തുപോകും. ബസ്സില്‍ ആളിക്കത്തുന്ന തീനാളങ്ങള്‍ക്കിടയില്‍ നിന്നും കത്തിക്കരിഞ്ഞ ദേഹങ്ങള്‍ വാരിയെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്, അവിടെ മോര്‍ച്ചറിയില്‍ രണ്ട് ദിവസം ഊണും ഉറക്കവും ഒഴിച്ച് കൂടെ നിന്നു. തീവണ്ടി ദുരന്തത്തില്‍ പുഴയില്‍ മുങ്ങിത്താണ ബോഗിക്കുള്ളില്‍ നിന്നും സഹായം തേടി ഉയര്‍ന്ന നിലവിളക്ക് സാന്ത്വനമായി നീണ്ട അസീസിന്റെ കൈകളില്‍ ജീവനുവേണ്ടി പിടയുന്ന കൈകള്‍ തടഞ്ഞു. രക്ഷപ്പെടുത്തിയവരില്‍ ഏറെയും ജീവന്‍ വെടിഞ്ഞവരായിരുന്നു എന്നതാണ് ദുഃഖസത്യം. ഇന്നോളം അസീസ് രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ വാരിയെടുത്തുവെങ്കിലും തന്റെ ജീവിതത്തിലെ ആദ്യ അനുഭവം കണ്‍മുന്നിലെന്നപോലെ ഇന്നും ഓര്‍ക്കുന്നത് വളരെ വേദനയോടെ തന്നെ. വീടിനായി കെട്ടിയുണ്ടാക്കിയ തറയില്‍ തോണിയില്‍ കൊണ്ടുവന്ന മണ്ണ് നിറക്കുന്ന സമയത്തായിരുന്നു പുഴക്കരയില്‍ നിന്നും കൂട്ടനിലവിളികേട്ടത്.

എല്ലാവരും ഓടിച്ചെന്ന് നോക്കുമ്പോള്‍ ശക്തമായ ഒഴുക്കില്‍ മുങ്ങിത്താണ് പോവുന്ന കുഞ്ഞ്.ഒന്നും ആലോചിച്ച് നില്‍ക്കാതെ കുത്തിയൊഴുകുന്ന പുഴയിലേക്ക് ചാടി കുട്ടിയുടെ കയ്യില്‍ പിടുത്തമിട്ടു കരയ്ക്ക് എത്തിക്കുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെങ്കിലും അല്പസമയത്തിനു ശേഷം ആ കൊച്ചു ശരീരത്തില്‍ നിന്നും ജീവന്‍ വിടപറഞ്ഞു. പകുതി ചവച്ചിറക്കിയ നാൡകേരത്തിന്റെ ബാക്കി ആ നാലുവയസുകാരന്റെ വായക്കകത്ത് അവശേഷിച്ചിരുന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും ഹൃദയം തേങ്ങുന്നതോടൊപ്പം അവിടെയെത്താന്‍ വൈകിയ നിമിഷങ്ങളെ ഓര്‍ത്തു വിഷമിക്കുന്നു അസീസിന് അന്ന് പ്രായം 17. രണ്ടാമത്തെ അനുഭവമാണെങ്കില്‍ സമീപവാസിയായ നന്ദകുമാര്‍ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് പിടയുമ്പോള്‍ ഉടുമുണ്ട് ഉരിഞ്ഞ് കയറാക്കി കഴുത്തിനിട്ട് വലിച്ച് മാറ്റിയതായിരുന്നു. ഇവ അപകടങ്ങളാണെങ്കില്‍ മറ്റൊന്ന് വീടിനടുത്ത് ഒരു സ്ത്രീ സ്വന്തം ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്‌ക്കൊരുങ്ങിയപ്പോള്‍ ആളിക്കത്തുന്ന തീ കണ്ട് ഭയചകിതരായി എന്തു ചെയ്യണമെന്നറിയാതെ ആളുകള്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോള്‍ ഓടിയെത്തിയ അസീസ് അടുത്തു കണ്ട നനഞ്ഞ ചാക്കുകൊണ്ട് തീനാളങ്ങളെ ചുറ്റിപിടിച്ച് അണക്കുകയായിരുന്നു. ആ സ്ത്രീ ഇന്നും ജീവിച്ചിരിക്കുന്നു.

ഇതില്‍ നിന്നും ഒരു ആത്മധൈര്യം കൈവന്നതായി പറയുന്നു. അനുഭവങ്ങളില്‍ നിന്നുണ്ടായ ഉള്‍ക്കരുത്തായിരിക്കാം ഇദ്ദേഹത്തെ ഉരുക്ക് മനുഷ്യനാക്കിയത്, അല്ലാതെ രണ്ടായിരത്തില്‍ പരം മൃതദേഹങ്ങള്‍, അവയാണെങ്കില്‍ സ്വന്തക്കാരും ബന്ധുക്കളും പോലും തൊടാന്‍ ഭയക്കുന്ന കത്തിക്കരിഞ്ഞ് വികൃതിമായവയും വെള്ളം അടിച്ച് ചീര്‍ത്തവ അതല്ലെങ്കില്‍ അപകടത്തില്‍ പെട്ട് ചതഞ്ഞരഞ്ഞത് കുഴിച്ച് മൂടപ്പെട്ട് അഴുകി ദ്രവിച്ചത് പഴക്കം ചെന്ന് ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്ന മൃതദേഹങ്ങള്‍ വരെ യാതൊരു അറപ്പോ വെറുപ്പോ ഇല്ലാതെ കുഞ്ഞുങ്ങളെയെന്ന കണക്കെ കോരിയെടുക്കുന്നു. ഇതിനുള്ള ആത്മധൈര്യം മനസാന്നിധ്യമെങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ഒരു പുണ്യപ്രവര്‍ത്തിയായി കാണുന്നതുകൊണ്ട് കരുത്ത് പടച്ചവന്‍ തന്നതെന്ന വിശ്വാസത്തില്‍ അതിലുപരി സ്വന്തം ഉമ്മയുടെ അനുഗ്രഹവും ഭാര്യയുടേയും മക്കളുടേയും പിന്തുണയുടെയും ഫലമെന്നുതന്നെ. 21-ാം വയസ്സില്‍ കൈപിടിച്ച ഹെറുന്നിസയാണ് ജീവിതസഖി.

സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ ആകെയുള്ളത് ഇല്ലായ്മയുടേയും കഷ്ടപ്പാടിന്റെയും കഥകളാണ്. പിതാവായ മോയിന്‍ തന്റെ ബാല്യത്തില്‍ അതായത് പതിനൊന്ന് വയസ്സുള്ളപ്പോള്‍ മരണപ്പെട്ടിരുന്നു.വലിയ ജീവിതഭാരം ചുമലിലേറ്റി നാലാം ക്ലാസിലെ പഠനത്തോടെ വിദ്യാഭ്യാസം മതിയാക്കി ജീവിതത്തില്‍ നിന്നും അറിവുകള്‍ നേടുകയായിരുന്നു. സഹോദരങ്ങളെ കാലത്ത് യത്തീംഖാനയില്‍ കൊണ്ടുചെന്നാക്കി നേരെ പുഴക്കരയില്‍ മണലെടുക്കുന്നവരെ സഹായിക്കാന്‍ കൂടും. ചെറിയ കുട്ടിയായതിനാല്‍ സാഹസികതയുള്ളില്‍ മൊട്ടിടുന്നതുകൊണ്ട് വലിയവര്‍ക്കൊപ്പമെത്താന്‍ വെള്ളത്തില്‍ ഇറങ്ങിയും മറ്റും പുഴയുടെ ആഴമളന്നു തുടങ്ങി. കല്ലും മണ്ണും ചുമന്ന് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ പട്ടിണി അകറ്റിയിരുന്നത്. അമ്മാവനായ ബീരാന്‍ ഹാജിയുടെ വീട്ടില്‍ ഉമ്മ വീട്ടുജോലിയും ചെയ്തു. കുന്നത്ത് പാലത്ത് നിന്ന് മൂന്ന് കിലോമീറ്ററിലധികം ദൂരത്തായുള്ള പന്തീരങ്കാവിലേക്ക് തക്കാളിപ്പെട്ടി ചുമന്ന് എത്തിച്ചാല്‍ 15 പൈസ കൂലികിട്ടും. വാഹനസൗകര്യം കുറവായതിനാല്‍ തലച്ചുമടായിരുന്നല്ലോ ചരക്ക് നീക്കം. ഒരു ദിവസത്തെ അധ്വാനത്തിന്റെ കൂലിയായി ഒന്നര രൂപവരെ സമ്പാദിക്കാം. അന്ന് അരിവില തൊണ്ണൂറ് പൈസ, ബാക്കി അറുപത് പൈസക്ക് കപ്പയും മീനും വാങ്ങി നേരെ കുടിയിലേക്ക്. ഈ പണി ഇല്ലാത്ത ദിവസങ്ങളില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പോയി നിചിതറിവീഴുന്ന മത്സ്യങ്ങള്‍ പെറുക്കി സഞ്ചയിലിട്ട്, ഒണക്ക മത്സ്യവില്പന ശാലയിലും കയറി അല്പം കേടായി ഒഴിവാക്കുന്ന പച്ചക്കറി, തക്കാളി, മുതലായവ ശേഖരിച്ച് നേരെ വീട്ടിലേക്ക്. അത് കഴിഞ്ഞ് കിണര്‍ കുഴിക്കുന്നവരുടെ കൂടെ അതല്ലെങ്കില്‍ പറമ്പ് കിളയ്ക്കുന്നവര്‍ക്കൊപ്പം- അതുമല്ലെങ്കില്‍ മരം വെട്ടുകാരുടെ കൂടെ- അതെ ഇതില്‍ നിന്നെല്ലാം തന്റെ നാട് തന്നെ ഒരു ഗുരുകുലമായി മാറ്റുകയായിരുന്നു ഈ ചെറുപ്പക്കാരന്‍.

സ്വന്തമായി സ്വായത്തമാക്കിയ അറിവുകളുമായി ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കുള്ള നടത്തത്തിനിടയില്‍ അമ്മാവന്റെ മരണശേഷം ഒസ്യത്ത് പ്രകാരം കിട്ടിയ ഒരേക്കര്‍ സ്ഥലത്ത് വീട് വെയ്ക്കുക എന്ന ആഗ്രഹപ്രകാരം തറകെട്ടി അതില്‍ മണ്ണ് നിറയ്ക്കുമ്പോഴാണ് ജീവിതത്തില്‍ മറക്കാനാവാത്ത ആ സംഭവം അതായത് കുഞ്ഞിനെ പുഴയില്‍ ചാടി എടുത്തത്. ആ ഉമ്മയുടെ നിലവിളിയും കുഞ്ഞിന്റെ നിഷ്‌കളങ്കമായ മുഖവും ഉള്‍ക്കിടിലത്തോടെ നെഞ്ചില്‍ കിടന്നു വിങ്ങുന്നതായി ഇദ്ദേഹം പറയുന്നു. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന മറ്റ്ചിലത്, താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിലെ കൊക്കയിലേക്ക് ഒരു ഡ്രൈവറെ കൊന്ന് തളളിയ ജഡം അതിസാഹസികമായി റോഡില്‍ എത്തിച്ചതും, മറ്റൊന്ന് പാലത്തും കണ്ടി പാലത്തിലെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോയക്ക് സൈഡ് കൊടുക്കുമ്പോള്‍ അപകടത്തില്‍ പെട്ട് ഭര്‍ത്താവ് മരിച്ചതുമാണ്. ബുദ്ധിമുട്ട് ഏറെയുള്ളതേതെന്ന ചോദ്യത്തിന് പാറക്വാറികളിലെ സംഭവങ്ങള്‍ വിവരിക്കുകയുണ്ടായി.

കെട്ടികിടക്കുന്ന പായലും മറ്റും അടിഞ്ഞ് വഴുക്കലായി തീര്‍ന്നവെളളം നീന്തി മുന്നോട്ട് പോകുമ്പോള്‍, പാറയില്‍ തട്ടി ഒഴുക്ക് തിരിച്ച് വരും അതാവട്ടെ കട്ടികൂടിയതിനാല്‍ വായക്കകത്തും കണ്ണിലുമായാല്‍ വലിയ ബുദ്ധിമുട്ടാണ്. പുഴയിലാവുമ്പോള്‍ ഓളങ്ങള്‍ മുന്നോട്ട് പോകും. ഏത് സാഹസിക ഘട്ടങ്ങൡും പടച്ചവന്‍ ഒരു പ്രത്യേക ശക്തി തരുന്നു എന്ന് ഇദ്ദേഹം തെളിയിക്കുന്നു. ഈ അനുഗ്രഹത്തിനും ശക്തിക്കും അപ്പുറമായി ഇന്നേവരെ ഒരാൡലും നിന്നും ഒരു ചായക്കാശ് പോലും സ്വീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ ഈ വലിയ മനസ്സിനെ ഏത് വാക്കിനാല്‍ പ്രകീര്‍ത്തിക്കണം എന്നുപോലും അറിയുന്നില്ല.

ഇദ്ദേഹത്തിന്റെ കരങ്ങള്‍ ജീവന്‍ തിരിച്ചു പിടിക്കാന്‍ പക്ഷിമൃഗാദികളേയും സഹായിച്ചിട്ടുണ്ട്. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ കുരുങ്ങിപ്പോയ കൊറ്റിയേയും വാഹനം ഇടിച്ചു പരിക്ക് പറ്റി പിടയുന്ന പശുക്കിടാവിനേയും മയിലിനെയും മറ്റും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. പത്ത് വര്‍ഷമായി ട്രോമകെയര്‍ വോളന്റിയറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ബി പോസിറ്റീവ് രക്തം അനേകംപേരുടെ ശരീരങ്ങളിലൂടെ പ്രവഹിക്കുന്നു. 2002- ല്‍ ബെല്‍കാമില്‍ വച്ച് നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാദള്‍ നാഷണല്‍ ക്യാംപില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ സാമൂഹ്യ സേവനരംഗത്ത് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കിട്ടിയതായി പറയുന്നു. അന്ന് സോണിയാ ഗാന്ധി, ഏ.കെ.ആന്റണി, കെ. കരുണാകരന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതും അഭിമാനപൂവ്വം ഓര്‍മ്മക്കുകയും അവര്‍ക്കൊപ്പമുള്ള ഫോട്ടോസ് വളരെ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന അസീസ് രാഷ്ട്രീയ രംഗത്തേക്കും അതായത് ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഗ്രാമഞ്ചാത്തംഗമാണ് ഇന്ന് അസീസ്. ഒളവണ്ണ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മറ്റൊരാളെ തിരയണ്ട എന്ന് പാര്‍ട്ടി തീരുമാനമെടുത്ത് അസീസിനെ അറിയിച്ചപ്പോള്‍- തന്റെ ബുദ്ധിമുട്ട്- അതായത് എവിടെ അപകടത്തില്‍ പെട്ട് ജീവനുവേണ്ടി തുടിക്കുന്ന ഹൃദയത്തിന് സഹായമോ അതല്ല അജ്ഞാതശവമോ,അപകടമരണമോ,ആത്മഹത്യയോ ,കൊലപാതകമോ ,നടന്നാല്‍ ആ ദേഹങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ തന്റെ കയ്യിലിരിക്കുന്ന ഫോണില്‍ അറിയിപ്പ് വന്നാല്‍ ഉടനെ അവിടെ എത്തിച്ചേരേണ്ടതിനാല്‍ ജനപ്രതിനിധിയുടെ ജോലി ബുദ്ധിമുട്ടാണെന്ന് പറഞ്ഞെങ്കിലും ഒഴിവാക്കപ്പെട്ടില്ല. ഇദ്ദേഹത്തിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും നിശ്ചയിച്ച സമയത്ത് സാധിച്ചിച്ച കാരണം ബേപ്പൂര്‍ പോലീസിന്റെ വിളിയില്‍ ഒരു യുവാവിന്റെ വീര്‍ത്ത് ചീര്‍ത്ത മൃതദേഹം കരയ്ക്കടുപ്പിക്കാന്‍ പോകേണ്ടിവന്നു. പ്രചരണ രംഗത്ത് ഇദ്ദേഹത്തെ കാണുക വിരളം. സാധാരണ വോട്ട് ചോദിച്ചു വരുമ്പോള്‍ മാത്രമാണ് വോട്ടര്‍മാര്‍ ഒരു സ്ഥാനാര്‍ത്ഥിയിയെ നേരില്‍ കാണാറ്. ഇവിടെ പ്രചരണരംഗത്ത് സ്ഥാനാര്‍ത്ഥിയില്ല. കക്ഷിരാഷ്ട്രീയ ഭേദമെന്യേ നാട്ടുകാര്‍ക്ക് മുഴുവന്‍ സുപരിതിനായ അസീസ് എല്ലാവരുടേയും മനസ്സിലുണ്ടല്ലോ. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് വിജയം കാണാത്ത ഒളവണ്ണ വാര്‍ഡില്‍ 74 വോട്ട് ഭൂരിപക്ഷത്തോടെ അസിസീലൂടെ കന്നി വിജയം.

ജീവിതത്തിനും മരണത്തിനുമിടയിലുളള നിമിഷങ്ങളില്‍ അസീസിന്റെ കൈകളാല്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒട്ടേറെപേര്‍. ഇദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സേവനത്തെ മുന്‍നിര്‍ത്തി നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. അവയില്‍ എടുത്തു പറയേണ്ടുന്നതില്‍ കടലുണ്ടി റെയില്‍ അപകടത്തില്‍ മൃതപ്രായരായ അനേകം പേരെ അത്യന്തം അപകടകരമായ സാഹചര്യത്തില്‍ സ്വജീവന്‍ പോലും അവഗണിച്ച് രക്ഷപ്പെടുത്തിയതിന് അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയ സാക്ഷ്യപത്രമാണ്. ഇതോടൊപ്പം ഈ സേവനത്തില്‍ കേന്ദ്രമന്ത്രിമാരായിരുന്ന നിതീഷ് കുമാര്‍, ഒ. രാജഗോപാല്‍, ജി. എം. ബനാത്ത് വാല തുടങ്ങിയവരില്‍ നിന്ന് പുരസ്‌കാരങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. മറ്റൊന്ന് മറുനാടന്‍ മലയാളികള്‍ ജിദ്ദ മലബാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും വാങ്ങി. വിദേശത്തു നിന്നും സ്വദേശത്തുനിന്നും തന്നെ തേടിയെത്തുന്ന അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലത്തിന് കൂടുതല്‍ കരുത്തും പ്രോത്സാഹനങ്ങളുമാകുന്നു എന്നതാണ്. ഇവയൊക്കെ പുറമെ കുടുംബത്തില്‍ നിന്നുള്ള ഇടപെടലുകള്‍ ആത്മവിശ്വാസം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു.

ചിലപ്പോള്‍ പക്ഷെ ഇദ്ദേഹം ചെന്നെത്തുന്നത് അര്‍ദ്ധരാത്രിയിലാകും. കാരണം ജോലിയൊക്കെ കഴിഞ്ഞ് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയിരിക്കും. അവിടെ അശരണരോ അഗതികളോ അതല്ലായെങ്കില്‍ പരിചരിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തവരുണ്ടോ, ഇനി വല്ലവരും ഭക്ഷണം കിട്ടാതെ വിശന്നിരിക്കുന്നുണ്ടോ എന്ന് എല്ലാ കാര്യങ്ങളും ഓടിനടന്ന് നോക്കി കാശിനോ മറ്റോ ബുദ്ധിമുട്ടുന്നവരുണ്ടെങ്കില്‍ സ്വന്തം കൈയ്യില്‍ നിന്ന് അതും നല്‍കിയിട്ടാവു പാതിരാക്ക് വീട്ടിലേക്ക്.ഭര്‍ത്താവിന് ഭക്ഷണമുണ്ടാക്കി വച്ച് യാതൊരു പരിഭവുമില്ലാതെ ഉറക്കമിളച്ചിരിക്കുന്ന ഭാര്യ. മൂന്ന് മക്കളും ഉപ്പയെ കാണുന്നത് തന്നെ വല്ലപ്പോഴും. കാലത്ത് മിഠായിയോ മറ്റോ പറഞ്ഞ് കാത്തിരിക്കുമ്പോള്‍ രാത്രി വൈകി വരുമ്പോഴേക്കും മക്കള്‍ ഉറങ്ങിക്കാണും. കാലത്ത് ഏതെങ്കിലും പോലീസ്‌സ്റ്റേഷനില്‍ നിന്നോ മറ്റാരെങ്കിലുമോ വിളിച്ചാല്‍ പോയിട്ടുണ്ടാവും. ഇതാണ് അസീസ്. ഉത്തരവാദപ്പെട്ട കുടുംബനാഥനും സ്‌നേഹനിധിയുമായ ഭര്‍ത്താവാണെന്ന് ഹെ്‌റുന്നിസ സമ്മതിക്കുന്നു. ഇതൊക്കെയാണെങ്കിലും കൈയ്യിലിരിക്കുന്ന മൊബൈലില്‍ അപകടത്തിന്റെയോ സഹായത്തിന്റെയോ ചിന്നം വിളിയുമായി ശബ്ദിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്ന അസീസ്… മറുതലയ്ക്കല്‍ സുഖവിവരം തിരക്കി കുശലാന്വേഷണമായപ്പോള്‍ ആശ്വാസത്തിന്റെ സന്തോഷത്തിന്റെ വിടര്‍ന്ന ചിരി…

 

You must be logged in to post a comment Login