ഇതിവൃത്ത ബന്ധിതമായ കഥകള്‍

  • ഡോ. അജിതന്‍ മേനോത്ത്

Weekend-June-00

സമകാല കഥയില്‍ പ്രമേയത്തിനു മാത്രമല്ല ആഖ്യാനത്തിനും പ്രധാന്യമുണ്ട്. ആഖ്യാനത്തില്‍ മേല്‍ക്കൈ സ്ഥാപിച്ച് മികച്ച കഥാനുഭവം സൃഷ്ടിക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിവൃത്തില്‍ കേന്ദ്രീകരിച്ച് ആഖ്യാനവിസ്മയം സൃഷ്ടിച്ചവരാണ് മുന്‍തലമുറയിലെ പ്രഗത്ഭര്‍. വൈക്കം മുഹമ്മദ് ബഷീറും എസ്.കെ പൊറ്റെക്കാട്ടും കാരൂരുമെല്ലാം ഇത്തരത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ജീവിതാനുഭവത്തിന്റെ സമ്പന്നതയും മൗലികതയുമാണ് മലയാള കഥാസാഹിത്യത്തില്‍ ഇവരെ വേറിട്ടു നിര്‍ത്തുന്നത്. കഥാപരിസരത്തെ വിശ്വാസയോഗ്യമായി ക്രമീകരിച്ച് അസാധാരണമായ കഥനവൈഭവമാണ് ഇവര്‍ പ്രകടിപ്പിച്ചത്. കഥ പറയുകയല്ല, അനുഭവിപ്പിക്കുകയാണ് എന്ന അനുഭൂതി ഇത്തരക്കാരുടെ പ്രത്യക്ഷകഥനത്തില്‍ ദൃശ്യമാകുന്നു. അനുകരിക്കാനാകാത്ത ആസ്വാദനക്ഷമതയാണ് കഥയില്‍ അവര്‍ സൃഷ്ടിച്ചത്.

ഇതിവൃത്ത ബന്ധിതമായ ലീല മേരി കോശിയുടെ കഥാസമാഹാരം (സോനാ ഗഛിയിലേക്കുള്ള വഴി) വായിക്കാനിടവന്നപ്പോഴാണ് മുന്‍ തലമുറയുടെ ഈ കഥാഭാവുകത്വം മനസ്സിലേക്കു വന്നത്. എന്നാല്‍ ഈ കഥാകാരിക്ക് മുന്‍ തലമുറയെ അനുകരിക്കാനാകുന്നില്ല. തന്റേതായ ഒരു പ്രത്യക്ഷ കഥനരീതി ഉപയോഗിക്കാനാണ് ലീല മേരി ശ്രമിക്കുന്നത്. കഥയുടെ പ്രമേയത്തില്‍ മാത്രമാണ് എഴുത്തുകാരിക്കു കമ്പം. അത് എങ്ങനെ അവതരിപ്പിക്കണം എന്ന തന്ത്രത്തെകുറിച്ച് അവര്‍ ആലോചിക്കുന്നില്ല.

‘ബി ഫോര്‍ ബ്രപ്മ’ എന്ന ആദ്യ കഥയില്‍ തന്നെ വസ്തുതാകഥനത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ എന്ന നിലയിലാണ് പ്രമേയം അവതരിപ്പിക്കുന്നത്. എന്നിരിക്കിലും അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രാന്തവത്കരിക്കപ്പെടുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ വിരല്‍ ചുണ്ടൂവാനുള്ള വ്യഗ്രത ആദരണീയമാണ്. മുതിര്‍ന്നവരുടെ തെറ്റിനാല്‍ പീഡനം അനുഭവിക്കേണ്ടിവരുന്ന കുട്ടികളെയാണ് കഥാകാരി സമൂഹമദ്ധ്യത്തില്‍ കൊണ്ടുവരുന്നത്. പെണ്‍ജീവിതം നേരിടുന്ന ക്രൂരതകളാണ് ‘തുണയില്ലാത്തവള്‍’ എന്ന കഥയില്‍ അവതരിപ്പിക്കുന്നത്. ഓരോ കഥയിലും വേട്ടയാടപ്പെടുന്ന സ്ത്രീയുടെ വിലാപവും പ്രതിഷേധവുമുണ്ട്- സമകാലത്ത് പ്രതിരോധിക്കപ്പെടാതെ പോകുന്ന അനേകം വിലാപങ്ങള്‍.

പറയാനുള്ള സംഗതികള്‍ അതേപടി അവതരിപ്പിക്കുന്നതില്‍ കഥയില്‍ ചില പരിമിതികളുണ്ട്. എന്നാല്‍ കേരളം@75 എന്ന കഥയില്‍ ഈ പരിമിതികള്‍ കഥാകാരി ഭേദിക്കാന്‍ ശ്രമിക്കുന്നുണ്ട്. മലയാളികള്‍ക്ക് നഷ്ടപ്പെട്ട ന•കളെല്ലാം തിരിച്ചുകൊണ്ടുവരണമെന്നുള്ള ശക്തമായ അഭിലാഷത്തെ സാമാന്യവത്കരിക്കാനാണ് എഴുത്തുകാരിയുടെ ശ്രമം. ആസ്വാദനശേഷി നിലനിര്‍ത്തിക്കൊണ്ടു വേണം ഇത്തരം പ്രമേയങ്ങള്‍ കൈകാര്യ ചെയ്യേണ്ടത്. അതല്ലെങ്കില്‍ കഥ പ്രബന്ധത്തിന്റെ സ്വഭാവമെ പ്രദര്‍ശിപ്പിക്കയുള്ളു. ‘അസാധു’ എന്ന കഥയില്‍ നാണയ നിരോധനവുമായി ബന്ധപ്പെട്ട് ഉണ്ടായ ദുരിതങ്ങളാണ് കടന്നുവരുന്നത്. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് കഥയില്‍ മുഖ്യമായും പ്രമേയമാകുന്നത്. അത് അതേപടി അവതരിപ്പിക്കുന്നു. സാഹിത്യമൂല്യത്തിലോ രചനാസങ്കേതങ്ങളിലോ ശ്രദ്ധിക്കാതെ യാഥാര്‍ത്ഥ്യങ്ങളുടെ തീക്ഷ്ണതയില്‍ വേരുറപ്പിച്ചു നില്‍ക്കാനാണ് എഴുത്തുകാരി ആഗ്രഹിക്കുന്നത്.

തീക്ഷ്ണമായ നേരുകളാണ് സമകാലത്ത് അരങ്ങേറപ്പെടുന്നത്. ഉത്തരാധുനിക സമൂഹത്തെ അത് ഞെട്ടിപ്പിക്കുന്നില്ല. കാരണം നമ്മുടെ സ്വാര്‍ത്ഥതയും ക്രൂരതയും കാപട്യവും അത്രമേല്‍ കലശലായിരിക്കുന്നു. വായനക്കാര്‍ക്കു മുന്നില്‍ തീക്ഷ്ണമായി കഥയവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പരോക്ഷമായ ആഖ്യാന രീതിയും ഫാന്റസിയും ഉപയോഗിക്കുന്നത് കഥാനുഭവത്തെ ആസ്വാദ്യകരമാക്കുന്നതിനുള്ള ഉപാധിയാണ്. ഇതിവൃത്തത്തെ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിത്. ഏതു കഥയിലും വിശ്വാസയോഗ്യമായ ഒരു ആഖ്യാനപരിസരം ഒരുക്കിയെടുക്കേണ്ടതുണ്ട്. കഥ പറയുകയാണെന്ന തോന്നല്‍ ഒഴിവാക്കി വായനക്കാരെ അനുഭവിപ്പിക്കുന്നതിന് ഈ തന്ത്രം സ്വീകരിച്ചേ മതിയാകൂ. പ്രമേയത്തിനു യോജിച്ച ആഖ്യാനകൗശലം സൃഷ്ടിക്കപ്പെടുമ്പോഴാണ് കഥ വിജയിക്കുന്നത്.

14 കഥകള്‍ ഈ സമാഹാരത്തിലുണ്ട്. സാധാരണക്കാരായ വായനക്കാര്‍ക്ക് ഈ പുസ്തകം ഉപകരിക്കും. പ്രമേയമായി വരുന്ന കുടുംബപ്രശ്‌നങ്ങള്‍, ദുരിതാനുഭവങ്ങള്‍, വളച്ചുകെട്ടില്ലാത്ത ആഖ്യാനം എന്നിവ കഥയാണെന്നറിഞ്ഞുകൊണ്ടുതന്നെ ഈ സമാഹാരത്തെ സ്വീകാര്യമാക്കുമെന്നു തോന്നുന്നു.

You must be logged in to post a comment Login