ഇതൊരു’ ഇന്റര്‍നാഷണല്‍ ‘കുരുക്ക്; തരൂര്‍ വിവാദത്തില്‍ ഇന്ത്യക്ക് പിന്നാലെ പാക് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി

കേന്ദ്രമന്ത്രി ശശി തരൂരിനെയും പാക് മാധ്യമ പ്രവര്‍ത്തകയെയും ബന്ധപ്പെടുത്തി വന്ന വിവാദങ്ങളില്‍ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് പിന്നാലെ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടി അന്വേഷണം നടത്തുന്നത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നു.വിവാഹ ബന്ധം പിരിയില്ലെന്ന് വ്യകത്മാക്കിയും ആരോപണങ്ങള്‍ നിഷേധിച്ചും ശശി തരൂരും സുനന്ദ പുഷ്‌കറും കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല.

പാക് പത്രപ്രവര്‍ത്തകയായ മെഹര്‍ തരാറിനെ ഐഎസ്‌ഐ ഏജന്റായി കേന്ദ്രമന്ത്രിയുടെ ഭാര്യ വിശേഷിപ്പിച്ചത് ഗൗരവമുള്ള കാര്യമാണെന്ന നിലപാടിലാണ് ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗമായ ഐ ബിയും റോയും . ശത്രുരാജ്യത്തെ ചാരസംഘടനയായ ഐഎസ്‌ഐയുടെ ‘പട്ടം’ മാധ്യമപ്രവര്‍ത്തകക്ക് മനപൂര്‍വ്വം ചാര്‍ത്തിക്കൊടുത്തതാണോയെന്നും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട്. ഇതുമായി പാക് മാധ്യമ പ്രവര്‍ത്തകക്ക് പരാതി ഉള്ളതിനാല്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികളും ഇക്കാര്യം പരിശോധിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തുന്നതിനാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ഉടന്‍ പുറത്തുവരാനാണ് സാധ്യത. തങ്ങളുടെ ട്വിറ്ററുകള്‍ ഹാക്ക് ചെയ്തതാണെന്ന് കേന്ദ്രമന്ത്രിയും ഭാര്യയും പരസ്യമാക്കിയ സ്ഥിതിക്ക് ഹാക്കര്‍മാരെ കണ്ടു പിടിക്കേണ്ട ബാധ്യതയും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. രേഖാ മൂലം ഇതു വരെ ശശി തരൂരും സുനന്ദ പുഷ്‌കറും പരാതി നല്‍കാത്തതിനാല്‍ നടക്കുന്ന രഹസ്യാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വെളിച്ചം കാണാനുള്ള സാധ്യതയും കുറവാണ്. അതേ സമയം ഐ എസ് ഐ ഏജന്റായി തന്നെ മുദ്ര കുത്തിയതിനെതിരെ പാക് പത്രപ്രവര്‍ത്തക മെഹ്ര് തരാര്‍ പരാതിയുമായി രംഗത്തുള്ളതിനാല്‍ ഹാക്കിംഗ് വിവാദത്തിന്റെ കണ്ടെത്തല്‍ തരൂരിനും സുനന്ദക്കും എതിരായാല്‍ പാക് അന്വേഷണ ഏജന്‍സികള്‍ വിവരം പുറത്തുവിടുമെന്ന് ഉറപ്പാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്റെയും ഉറക്കം കെടുത്തുന്നതാണ്.

പറയേണ്ടത് പറഞ്ഞിട്ട് ഒത്തു തീര്‍പ്പിലെത്തിയാല്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കാതിരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് ബിജെപിയും സിപിഎമ്മും. പ്രതിപക്ഷപാര്‍ട്ടികള്‍ ഇത് കേവലം ഒരു കുടുംബ പ്രശ്‌നമായിട്ടല്ല കാണുന്നത്. ഐ എസ് ഐ ഏജന്റായ പാക് പത്ര പ്രവര്‍ത്തകയുമായി തരൂരിന് ബന്ധമുണ്ടെന്ന സുനന്ദ പുഷ്‌കറിന്റെ ആരോപണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണവര്‍. തിരുവനന്തപുരത്ത് നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന തരൂരിനെതിരെ പാക് ബന്ധം ആയുധമാക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.

You must be logged in to post a comment Login