ഇത് തമ്മിലടിക്കാനുള്ള സമയമല്ല, ഒന്നിച്ചു നിന്ന് ഭരണം നേടുകയാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തമ്മിലടിക്കരുതെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ വരുമെന്നും മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ ഗാന്ധി.

rahul-

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിയുംവരെ തമ്മിലടിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുടുംബം പോലെയാണ്. പോരാട്ടം ഒരുമിച്ചാകണം. ഇതു പരസ്പരം അടികൂടാനുള്ള സമയമല്ല. ഒന്നിച്ചു നിന്ന് തിരഞ്ഞെടുപ്പ് ജയിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ ഭരണത്തില്‍ എത്തിക്കുകയാണ് വേണ്ടതെന്നും രാഹുല്‍. തിരുവനന്തപുരത്ത് നടന്ന കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തിലാണ് ഗ്രൂപ്പ് പോരിനെതിരെ രാഹുല്‍ രൂക്ഷമായി പ്രതികരിച്ചത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞാണ് രാഹുല്‍ കേരളത്തിലെ പ്രശ്‌നങ്ങളിലേക്ക് കടന്നത്. കേരളത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ സാധിക്കൂവെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്. ഹിന്ദുമുസ്‌ലിം വര്‍ഗീയത വളര്‍ത്തിയാണ് ബിജെപി തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത്. നരേന്ദ്ര മോദിയുടെ പല നടപടികളും ഉപരിപ്ലവമാണ്. കേവലം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തമ്മിലടിക്കരുതെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ വരുമെന്നും മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

You must be logged in to post a comment Login