ഇനിയും തെരഞ്ഞടുപ്പു വരുമെന്ന് യു.ഡി.എഫ് മറക്കരുത്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ താക്കീതുമായി എന്‍.എസ്.എസ്

ചങ്ങനാശേരി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയം മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന വിശ്വാസികളെ കളിയാക്കുന്നതിന് തുല്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വിജയത്തിന് കാരണം ന്യൂനപക്ഷ ഏകീകരണമല്ല, വിശ്വാസികളുടെ ഏകീകരണമാണെന്ന് സുകുമാരാന്‍ നായര്‍. പറഞ്ഞു.

ആറു നിയമസഭ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലവും ഈ നിലയിലായിരിക്കുമോയെന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായിട്ടുണ്ടെങ്കില്‍ ന്യൂനപക്ഷത്തിന് നല്ല സ്വാധീനമുള്ള ആലപ്പുഴയില്‍ എങ്ങനെ എല്‍ഡിഎഫ് ജയിച്ചുവെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് സുകുമാന്‍ നായര്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ വിജയത്തിനു വിശ്വാസികളുടെ വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടായതെന്ന് സമ്മതിക്കാന്‍ യുഡിഎഫോ കെപിസിസി പ്രസിഡന്റോ തയ്യാറായില്ല.ഇനിയും തെരഞ്ഞെടുപ്പു വരുമെന്ന് യുഡിഎഫ് നേതാക്കന്മാര്‍ മറക്കരുത്. ന്യൂനപക്ഷ ഏകീകരണം ചില കേന്ദ്രങ്ങളിലെ ഉണ്ടാകൂ. എന്നാല്‍ കേരളത്തില്‍ പൊതുപ്രതിഭാസമാണുണ്ടായത്. വിശ്വാസികള്‍ ഒരുമിച്ചതുകൊണ്ടാണിത്. അതില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവുണ്ടാക്കുന്നത് ചിലരുടെ രാഷ്ട്രീയമാണ്- സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ് ഇരുപത് സീറ്റിലും വിജയിക്കുമെന്നാണ് കരുതിയത്. പക്ഷേ ആലപ്പുഴയിലെ തോല്‍വിക്ക് കാരണം യുഡിഎഫിന്റെ ഉള്ളിലെ പ്രശ്നങ്ങളാണ്. താനാണ് ഇടതുപക്ഷത്തെ ജയിപ്പിച്ചതെന്ന് ഒരു സമുദായ നേതാവ് പറഞ്ഞു. എന്നാല്‍ ആലപ്പുഴയില്‍ യുഡിഎഫ് ആത്മഹത്യ ചെയ്യുകയായിരുന്നു. യുഡിഎഫിലെയും കോണ്‍ഗ്രസ്സിലെയും അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണം.

പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ എത്രവോട്ട് ലഭിച്ചുവെന്ന് പരിശോധിച്ചാല്‍ അറിയാം. പ്രതിപക്ഷ നേതാവിന്റെ തട്ടകത്തില്‍ അദ്ദേഹത്തിന് ലഭിച്ചതിന്റെ മൂന്നിലൊന്ന് വോട്ട് പോലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗസഭയിലും വോട്ടു കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതി മാത്രമാണ് വിശ്വാസികള്‍ക്ക് അഭയം ആയിട്ടുള്ളത്. വിശ്വാസികളോടൊപ്പം എന്‍.എസ്.എസ് എന്നും നിലകൊള്ളും.മതനിരപേക്ഷത പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ മുന്നോക്ക സമുദായത്തെ വിശേഷിപ്പിച്ചും നായര്‍ സമുദായത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

You must be logged in to post a comment Login