ഇനി എട്ടാം ക്ലാസും വേണ്ട; ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു

 

ന്യൂഡല്‍ഹി: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ എട്ടാം ക്ലാസ് പാസായവര്‍ക്ക് മാത്രമേ യോഗ്യത നല്‍കാനാവൂ എന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇതിനുമുന്നോടിയായി 1989-ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യുന്നതായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായുള്ള നിരക്ഷരരായ ഒട്ടേറെ ആളുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണിത്. ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാന സര്‍ക്കാരാണ് ആദ്യമായി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഹരിയാനയിലെ മേവാട്ട് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ ജീവിതപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിക്കുകയുണ്ടായത്.

ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിക്കൊണ്ട് ലൈസന്‍സ് നല്‍കാനുള്ള പരീക്ഷയില്‍ ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയില്‍ കൂടുതൽ ഊന്നല്‍ നല്‍കാനാണ് തീരുമാനം. വാഹനങ്ങള്‍ ഓടിക്കുന്നയാള്‍ക്ക് റോഡ് ഗതാഗത ചിഹ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രത്യേക പരിശീലനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

1989-ലെ സെന്‍റ്രൽ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ എട്ടാം റൂള്‍ പ്രകാരം ട്രാൻസ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ എട്ടാം ക്ലാസ് പാസ്സായിരിക്കണമെന്നുണ്ട്. ഇതുമൂലം ട്രാൻസ്പോര്‍ട്ട് ആൻഡ് ലൊജിസ്റ്റിക്സ് മേഖലയിൽ നിരവധി ഡ്രൈവര്‍മാരുടെ കുറവുണ്ട്. 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവ് ഇന്ത്യ മുഴുവൻ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

You must be logged in to post a comment Login