ഇനി കുറഞ്ഞ വിലയിലും ആഡംബര കാറുകള്‍ സ്വന്തമാക്കാം

ചരക്ക്‌സേവന നികുതി (ജി.എസ്.ടി) നിലവില്‍ വരുന്നതോടെ രാജ്യത്തെ ആഡംബര കാറുകള്‍ക്കും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും വില കുറയും. ചില മോഡലുകള്‍ക്ക് 50,000 രൂപ മുതല്‍ ഒരു ലക്ഷത്തിനടുത്തു വരെ വില കുറയാനിടയുണ്ട്. അതേസമയം, ചെറു കാറുകള്‍ക്ക് നേരിയ തോതില്‍ വില കൂടാനും സാധ്യതയുണ്ട്.

വലിയ കാറുകള്‍ക്കും എസ്.യു.വി.കള്‍ക്കും 28 ശതമാനം നികുതിയും 15 ശതമാനം സെസ്സുമാണ് ജി.എസ്.ടി.യില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത്, മൊത്തം 43 ശതമാനം. നിലവില്‍, എസ്.യു.വി.കള്‍ക്ക് പരോക്ഷ നികുതികള്‍ ഉള്‍പ്പെടെ 5055 ശതമാനം നികുതിഭാരമുണ്ട്. അതായത്, ജി.എസ്.ടി. വരുന്നതോടെ ഇവയുടെ നികുതിയില്‍ ഏഴു ശതമാനം മുതല്‍ 12 ശതമാനത്തിന്റെ വരെ കുറവുണ്ടാകും.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട എന്നീ കമ്പനികള്‍ക്കാവും ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. മെഴ്‌സിഡസ് ബെന്‍സ്, ഔഡി, ബി.എം.ഡബ്ല്യു. തുടങ്ങിയ ആഡംബര കാര്‍ കമ്പനികള്‍ക്കും ഗുണകരമാണ്.

ചെറു കാറുകള്‍ക്ക് വില കൂടുമെങ്കിലും വര്‍ധന വെറും പേരിനുമാത്രമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കാന്‍ അത്തരം വാഹനങ്ങള്‍ക്ക് 12 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, പരിസ്ഥിതി സൗഹൃദവുമായി എത്തുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് 28 ശതമാനം നികുതിയും 15 ശതമാനം സെസ്സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടിയാകും.

പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സിന്റെ ദേശീയ പ്രസിഡന്റ് ജോണ്‍ കെ. പോള്‍ പറഞ്ഞു. ഹൈബ്രിഡ് കാറുകള്‍ക്കുള്ള ഉയര്‍ന്ന നികുതി ഒഴിച്ചാല്‍ കാര്‍ വിപണിക്ക് ജി.എസ്.ടി. ദോഷകരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login